Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശ്ശൂര്‍: ചാവക്കാട് എടക്കഴിയൂരില്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചാവക്കാട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി.
കുഞ്ഞിന്റെ അമ്മയായ മുഹ്‌സിന (37) മാര്‍ച്ചില്‍ ഏഴാമത്തെ പ്രസവത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. മുഹ്‌സിനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭാശയത്തില്‍ ഗുരുതരമായ അണുബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് ഇബ്രാഹിം വ്യാജ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്ന കുടുംബത്തിന്‌റെ പരാതിയിലാണ് കോടതി ഇടപെട്ടത്. അക്യുപങ്ചര്‍ പ്രാക്ടീഷണറായ ഭര്‍ത്താവ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികളും മുന്‍പ് സമാനമായ രീതിയില്‍ മരിച്ചതിനാല്‍, പുതിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മരണങ്ങളിലെ ദുരൂഹത നീക്കുമെന്നാണ് പ്രതീക്ഷ.
സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ്, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പരിശോധനയ്‌ക്ക് ശേഷം മൃതദേഹം അതേ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

 

Recent Posts