
ന്യൂദല്‍ഹി:പാറ്റ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ നല്‍കി ദല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദല്‍ഹി പൊലിസ് വിട്ടയച്ചു. മന്ദിര്‍ മാര്‍ഗ് പൊലിസ് സ്റ്റേഷനില്‍ നിന്നാണ് പിണറായിയെ വിട്ടയച്ചത്.രാവിലെ 10.30 ഓടെയാണ് പിണറായിയെ കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂര്‍ കഴിഞ്ഞാണ് പിണറായിയെ വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയ ശേഷമാണ് ദല്‍ഹി പൊലിസ് മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ എത്തിച്ചതെന്നാണ് ആരോപണം.പിണറായിക്കൊപ്പം കസ്റ്റഡിയിലെടുത്ത കെ എന്‍ ബാലഗോപാലും ജോണ്‍ ബ്രിട്ടാസും പ്രതിഷേധിച്ചെങ്കിലും പൊലിസ് ഗൗനിച്ചില്ല.
പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തു വന്ന പിണറായി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.ഇത്തരത്തില്‍ ചെയ്താല്‍ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലിസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്‌ക്കും വരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും പിണറായി പറഞ്ഞു.
അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായിയും മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്‌ക്കിടെ വഴിനീളെ കരിങ്കൊടി കാട്ടിയ പ്രതിപക്ഷ സംഘടനകളിലെ പ്രവര്‍ത്തകരെ കേരള പൊലീസ് തല്ലിച്ചതച്ച സംഭവത്തെ ‘ രക്ഷാപ്രവര്‍ത്തനം’ ആക്കിയ പിണറായിക്ക് പൊലീസിനെ കുറ്റപ്പെടുത്താന്‍ എന്തവകാശം എന്ന് ചോദിക്കുന്നവരും നിരവധിയാണ്.