Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ജനകീയ ആവശ്യങ്ങൾക്കായും നാടിന്റെ വികസനത്തിനായും ഇനിയും ജയിലിൽ പോകാൻ തയ്യാറാണെന്ന് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബി.ജെ.പി കൗൺസിലർ സുഗതൻ.തന്നെ കാപ്പ ചുമത്തി ജയിലിലടച്ചത് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനപ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനും ജനകീയ പോരാട്ടങ്ങളെ തളർത്താനും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും സർക്കാരും നടത്തിയ രാഷ്‌ട്രീയ നീക്കമാണ് തനിക്കെതിരെയുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും, വാർഡിലെ ജനങ്ങൾക്കും, മേയർ വി.വി. രാജേഷിനും, മറ്റ് കൗൺസിലർമാർക്കും അഭിഭാഷകർക്കും സുഗതൻ നന്ദി രേഖപ്പെടുത്തി.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് എട്ടു വർഷം മുമ്പ് തുടങ്ങിയ ജനകീയ സമരത്തിന്റെ സംഘാടകനായി പ്രവർത്തിച്ചതു മുതലാണ് തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ചതെന്ന് സുഗതൻ പറഞ്ഞു. ഫണ്ട് അനുവദിച്ചിട്ടും റോഡ് വികസനം നടപ്പിലാകാത്തതിന് എതിരെയായിരുന്നു സമരം.

പ്രദേശത്തെ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പിന്തുണയോടെ സമരം ചെയ്ത തനിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ഒരു വർഷം മുമ്പ് സമരത്തിനിടെ തന്നെ ആക്രമിക്കുകയും, ഐ.സി.യുവിൽ കിടന്ന സമയത്ത് സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതായി സുഗതൻ പറഞ്ഞു. കൗൺസിലർ സ്ഥാനവുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച ലീവ് അപേക്ഷയിൽ അനുകൂലമായി നിയമപരമായ കുറിപ്പെഴുതിയ അണ്ടർ സെക്രട്ടറിയെ മാറ്റിയ നടപടി രാഷ്‌ട്രീയ തിരിമറിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിനുള്ളിലെ അവസ്ഥയെക്കുറിച്ചും ക്രമസമാധാനത്തെക്കുറിച്ചും രൂക്ഷമായ വിമർശനമാണ് സുഗതൻ ഉന്നയിച്ചത്. പുറത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള നടപടികൾ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.’കറക്ഷൻ ജയിലെന്നാണ് ബോർഡ്, പക്ഷേ ഇതുവരെ ഒരാളെയെങ്കിലും തിരുത്തി പുറത്തിറക്കിയിട്ടുണ്ടോ? 19-20 വയസ്സുള്ള ചെറുപ്പക്കാരെ വലിയ കുറ്റവാളികൾക്കൊപ്പമാണ് പാർപ്പിക്കുന്നത്. ഇത് ചെറുപ്പക്കാർക്ക് തെറ്റുകൾ തിരിച്ചറിഞ്ഞ് നന്നാകാനുള്ള അവസരം തടസ്സപ്പെടുത്തുന്നു,’ സുഗതൻ പറഞ്ഞു. നാടിന്റെ വികസനത്തിനായുള്ള പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സുഗതൻ വ്യക്തമാക്കി.

Recent Posts