
കൊച്ചി: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നടന്ന ടിക്കറ്റ് പരിശോധനയിൽ മൂന്ന് മണിക്കൂറിനിടെ 289 ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടികൂടി. റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ടിക്കറ്റ് ചെക്കിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ടാണ് മിന്നൽ പരിശോധന നടത്തിയത്. വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെ നടപ്പാക്കിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇത്രയും പേർ പിടിയിലായത്.
നിയമവിരുദ്ധമായി ടിക്കറ്റില്ലാതെയും കൃത്യമായ റൂട്ടല്ലാതെയും യാത്ര ചെയ്ത 289 പേരിൽ നിന്നായി ആകെ 1,75,489 രൂപ പിഴയീടാക്കിയതായി റെയിൽവേ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റില്ലാ യാത്രകൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും ഡിവിഷന് കീഴിലെ പ്രധാന സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ സ്പെഷ്യൽ പരിശോധനകൾ തുടരുമെന്ന് തിരുവനന്തപുരം ഡിവിഷൻ ടിക്കറ്റ് ചെക്കിങ് വിഭാഗം വ്യക്തമാക്കുന്നു.