
കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് കിറ്റെക്‌സ് ഉടമയും ട്വന്റി ട്വന്റി നേതാവുമായ സാബു എം ജേക്കബ്.പന്ത്രണ്ട് കോടി രൂപയുടെ എസ്ബിഐ വായ്‌പയ്‌ക്ക് തിരിച്ചടവായി ഈടാക്കിയത് രണ്ട് കോടിയുടെ വീടെന്നാണ് സാബുവിന്റെ ആരോപണം. ഈ ഇടപാടിലൂടെ ബാങ്കിന് 10 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ ഗൂഢാലോചന ഉണ്ടെന്ന് സാബു എം ജേക്കബ് ആരോപിച്ചു
2022ല്‍ നടന്ന ലേലത്തില്‍ ബാങ്കിന് വന്‍ നഷ്ടമുണ്ടായെന്ന് സാബു എം ജേക്കബ് പറഞ്ഞു.12 കോടി വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്ന് വീട് ബാങ്ക് ലേലത്തിന് വച്ചപ്പോള്‍ അതില്‍ ആന്റോയുടെ ഭാര്യാ മാതാവ് മാത്രം പങ്കെടുക്കുകയും 2 കോടി രൂപയ്‌ക്ക് വീട് സ്വന്തമാക്കുകയും ചെയ്തെന്നാണ് സാബു എം ജേക്കബ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞുള്ള തട്ടിപ്പാണിതെന്ന് സംശയമുണ്ട്.ബാങ്ക് ഓഫ് ബറോഡയുമായും എസ്ബിഐയുമായും ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്‍ തട്ടിപ്പ് നടത്തിയെന്നാണ് സാബു എം ജേക്കബിന്റെ ആരോപണം.
തന്റെ തട്ടിപ്പ് പുറത്ത് അറിയാതിരിക്കാന്‍ കേന്ദ്രത്തിലേയും കേരളത്തിലേയും ഉന്നത ഉദ്യോഗസ്ഥരെ ആന്റോ അഗസ്റ്റിന്‍ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് സാബു എം ജേക്കബ് ആരോപിക്കുന്നത്. താന്‍ തന്നെ കേന്ദ്രത്തെ ബന്ധപ്പെട്ട് തട്ടിപ്പുകളെക്കുറിച്ച് ധരിപ്പിക്കുകയും എല്ലാവരും അത് ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്തതാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ അത് ഒതുക്കിതീര്‍പ്പാക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരിലും ആന്റോ അഗസ്റ്റിന് സ്വാധീനമുണ്ട്. പ്രധാനമന്ത്രി തലത്തിലോ ആഭ്യന്തരമന്ത്രി തലത്തിലോ ഇത് ചര്‍ച്ചയായി രാഷ്‌ട്രീയ ഇടപെടലുണ്ടായാല്‍ മാത്രമേ തട്ടിപ്പുകള്‍ പുറത്തുവരൂ എന്നും ഇതിന് പ്രത്യേക അന്വേഷണം വേണമെന്നും സാബു എം ജേക്കബ് പറഞ്ഞു.