
തിരുവനന്തപുരം : സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായ നേതാവിനെതിരേ പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ . സംസ്ഥാന-ജില്ലാ നേതൃത്വത്തിനാണ് പരാതി നൽകിയത്. പ്രാദേശിക പാർട്ടി നേതാവായ സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് പരാതി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതി കിട്ടിയിട്ട് മൂന്നു മാസമായെങ്കിലും ഇതുവരെ സി.പി.എം നടപടിയെടുത്തിട്ടില്ല.
ഇക്കാര്യം അറിഞ്ഞയുടൻ താൻ ചോദിച്ചതായും എന്നാൽ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഭർത്താവ് സമ്മതിച്ചിരുന്നുവെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു . എല്ലാം പൊറുത്ത് ജീവിതം തുടരുകയായിരുന്നു. എന്നാൽ, ഇടതുപക്ഷത്തിന് കനത്ത തിരഞ്ഞെടുപ്പ് പരാജയം സംഭവിച്ച ദിവസം വീണ്ടും ആ സ്ത്രീയുമായി ബന്ധം പുലർത്തിയതും പിന്നീട് അതേക്കുറിച്ച് ഫോണിൽ സംസാരിക്കുന്നതുമൊക്കെ തന്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് പാർട്ടിയെ പരാതിയുമായി സമീപിച്ചിട്ടുള്ളതെന്ന് ഭാര്യ വ്യക്തമാക്കി.
പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വ്യക്തിപരവും സംഘടനാപരവുമായ പിഴവുകൾ തിരുത്തണമെന്ന് മുതിർന്ന നേതാക്കൾ പലവട്ടം പറയുമ്പോൾ സി.പി.എമ്മിൽ ചർച്ചയാവുകയാണ് ഈ പരാതി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയിട്ടുള്ള പരാതിയുടെ പകർപ്പ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം നിർദേശിച്ചതനുസരിച്ച്, കെ.രാധാകൃഷ്ണൻ എം.പി. പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും പ്രാഥമിക മൊഴിയെടുക്കൽ നടത്തിയിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ, ഇതുവരെയും നേതാവിനെതിരേ അച്ചടക്ക നടപടിയൊന്നും എടുത്തിട്ടില്ല.