
സംവിധായകൻ വിഷ്ണു മോഹനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരുന്നു . ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് ചിത്രത്തിന്റെ പേര്. യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.
2022 ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയപ്പോൾ അടച്ചുപൂട്ടിയ ബങ്കറുകളിലും മെട്രോ തുരങ്കങ്ങളിലും പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളും , പൗരന്മാരുമാണ് കുടുങ്ങിയത്. യുദ്ധം തുടങ്ങിയ നിമിഷം തന്നെ യുക്രെയ്ന്റെ ആകാശം വിമാനങ്ങൾക്ക് മുന്നിൽ കൊട്ടിയടയ്‌ക്കപ്പെട്ടു. വിമാനം നേരിട്ട് ഇറക്കാനാവാത്ത ആ ഘട്ടത്തിലാണ് വിദേശകാര്യ മന്ത്രാലയവും സായുധ സേനയും ചേർന്ന് ‘ഓപ്പറേഷൻ ഗംഗ’ എന്ന ബൃഹത്തായ പദ്ധതി ആവിഷ്കരിക്കുന്നത്.
യുക്രെയ്ന്റെ അയൽരാജ്യങ്ങളുടെ അതിർത്തികൾ വഴി വിദ്യാർഥികളെ റോഡ്-റെയിൽ മാർഗങ്ങളിലൂടെ പുറത്തെത്തിച്ച്, അവിടെ നിന്നുള്ള വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലെത്തിക്കുക എന്നതായിരുന്നു കർമപദ്ധതി.വ്യോമസേനയുടെ പടുകൂറ്റൻ സി-17 ഗ്ലോബ്മാസ്റ്ററുകൾക്കൊപ്പം എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഏഷ്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ തുടർച്ചയായി സർവീസ് നടത്തി. ജീവൻ പണയം വച്ചുള്ള ഈ നീക്കത്തിലൂടെ ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ മാതൃരാജ്യത്ത് തിരിച്ചെത്തിച്ചു
ഓപ്പറേഷൻ ഗംഗ പോസ്റ്ററിൽ കാണുന്നത് യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ ഡിനിപ്രോ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‘മദർ യുക്രെയ്ൻ’എന്ന 102 മീറ്റർ ഉയരമുള്ള കൂറ്റൻ സ്റ്റെയിൻലെസ് സ്റ്റീൽ പ്രതിമയാണ്. മുമ്പ് ഇത് ‘മദർലാൻഡ് മോണ്യുമെന്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.
2022ലെ റഷ്യൻ അധിനിവേശത്തോടെ സോവിയറ്റ്-റഷ്യൻ ആധിപത്യ ചിഹ്നങ്ങളെല്ലാം നീക്കം ചെയ്യാനുള്ള (ഡീകമ്യൂണൈസേഷൻ) നീക്കം യുക്രെയ്ൻ കർശനമാക്കി. തുടർന്ന് 2023 ഓഗസ്റ്റിൽ പ്രതിമയിലെ അരിവാൾ ചുറ്റിക അടർത്തിമാറ്റി, പകരം യുക്രെയ്ന്റെ സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമായ (ത്രിശൂലം സ്ഥാപിച്ചു. പത്താം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന വ്ലാഡിമിർ രാജാവിന്റെ ഭരണമുദ്രയിൽ നിന്ന് കൈക്കൊണ്ടതാണ് ഈ ട്രൈഡന്റ്.