കോഴിക്കോട്: ഈ വര്‍ഷത്തെ വിഷുദിനമായ ഏപ്രില്‍ 15 മേടം ഒന്നാണോ, രണ്ടാണോ എന്നതില്‍ ജ്യോതിഷ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കം. കോഴിക്കോട് മുതല്‍ തെക്കോട്ടുള്ള കാലഗണനാ രീതിയനുസരിച്ച് മേടം ഒന്നിനാണ് വിഷുദിനം. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത് മേടം ഒന്ന് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ജോതിഷമനുസരിച്ചുള്ള കാലഗണനയില്‍ തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും കാലങ്ങളായി നിലനില്‍ക്കുന്ന വ്യത്യാസമാണ് തര്‍ക്കത്തിന് അടിസ്ഥാനം.
മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന മേടം ഒന്ന് മാത്രമേ വിഷുവായി കണക്കാക്കാന്‍ സാധിക്കൂ എന്നാണ് വടക്കന്‍ ജില്ലകളിലെ ജ്യോതിഷ പണ്ഡിതിന്മാരുടെ പക്ഷം. എന്നാല്‍ വിഷു സംക്രമം വരുന്നത് മേടം ഒന്നിന് പകല്‍ ഒമ്പത് മണി 34 മിനുട്ടിനാണെന്നതിനാല്‍ ‘കൊള്‍വീല പകല്‍ ഒന്നിനും’ എന്ന പ്രമാണമനുസരിച്ച് മേടം രണ്ടിനാണ് വിഷു എന്നാണ് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധര പണിക്കര്‍ പറയുന്നു.
അതേസമയം, ഇത് തെറ്റാണെന്നും സംക്രമം കഴിഞ്ഞുള്ള ദിവസമാണ് മേടം ഒന്നായി കണക്കാക്കേണ്ടതെന്നും അതിനാല്‍ ഈ വര്‍ഷത്തെ വിഷുദിനമായ ഏപ്രില്‍ 15 മേടം ഒന്ന് തന്നെയാണെന്നും വടക്കേ മലബാറിലെ പ്രമുഖ ജ്യോതിഷിയും മറത്തുകളി പണിക്കരുമായ പാണപ്പുഴ പത്മനാഭപ്പണിക്കര്‍ പറയുന്നു. രാത്രിയും പകലും സമമായി വരുന്ന സമയത്തെ കുറിക്കുന്ന വിഷുവം എന്നത് ലോപിച്ചാണ് വിഷു എന്ന വാക്കുണ്ടായത്. തുല്യമായത് എന്നര്‍ത്ഥം. ശാസ്ത്രീയമായ കാലഗണനപ്രകാരം ഇങ്ങനെ വരുന്ന ദിനം ഇപ്പോള്‍ മീനം ഏഴാണ് (മാര്‍ച്ച് 21). അതായത് സമരാത്രം വരുന്നത് മീനമാസം ഏഴിനാണ്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മറ്റൊരു ദിനം കൂടിയുണ്ട്. മീനം ഏഴ് കഴിഞ്ഞ കൃത്യം ആറ് മാസത്തിന് ശേഷം കന്നി ഏഴിനാണത് (സപ്തംബര്‍ 23). എന്നാല്‍ കേരളത്തില്‍ ആചരണത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ പണ്ടുകാലത്ത് വിഷുവം വന്നിരുന്ന മേടം ഒന്ന് വിഷു ആയി തുടര്‍ന്നുപോരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജ്യോതിശാസ്ത്ര രംഗത്ത് നിലനില്‍ക്കുന്ന വടക്കന്‍-തെക്കന്‍ കാലഗണനാ വ്യത്യാസം പരിഹരിച്ച് ഏകീകരിക്കാനുള്ള ശ്രമം മുമ്പ് നടന്നിരുന്നു. ഗുരുവായൂരില്‍ വച്ച് ഇതിനായി ചേര്‍ന്ന പണ്ഡിതന്മാരുടെ കൂടിച്ചേരലില്‍ സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തയാറാക്കുന്ന കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഇന്നും ഈ വ്യത്യാസം നിലനില്‍ക്കുന്നു.
















