Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: താൻ എന്നും സഭയ്‌ക്കൊപ്പമാണെന്നും എന്നാൽ സഭയ്‌ക്കുള്ളിലെ ചില വ്യക്തികളുടെ തെറ്റായ രാഷ്‌ട്രീയ താൽപ്പര്യങ്ങളെ എതിർക്കുന്നത് തുടരുമെന്നും ഷോൺ ജോർജ്. ദീപികയിൽ എഴുതുന്ന എല്ലാ കോപ്രായങ്ങളും സഭയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്രത്തിലെ ഇൻവെസ്റ്റർമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത സഭയ്‌ക്കില്ല. എഫ്.സി.ആർ.എ (FCRA) വിഷയത്തിലടക്കം സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാർ കേൾക്കാൻ തയ്യാറായതായും അത് പരിഹരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സഭയുടെ സ്വത്തുക്കളും വിദേശ ഫണ്ടും കൈകാര്യം ചെയ്യുന്നതിൽ ചിലർ രാഷ്‌ട്രീയ ലാഭം നോക്കുന്നുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു.

സഭയുടെയും വിശ്വാസികളുടെയും ഉള്ളിൽ യേശുക്രിസ്തുവാണ് ഉണ്ടാകേണ്ടതെന്നും എന്നാൽ ചിലരുടെ മനസ്സിൽ കോൺഗ്രസ് രാഷ്‌ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഭാ നിലപാടുകളെക്കുറിച്ചും ദീപിക പത്രത്തിലെ ലേഖനങ്ങളെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപതയുടെ ഭാഗമായ തന്നെ സംബന്ധിച്ചിടത്തോളം സഭയോട് എന്നും ബഹുമാനമാണെന്ന് ഷോൺ പറഞ്ഞു.

പത്തനംതിട്ടയിൽ മത്സരിച്ച മൂന്ന് സ്ഥാനാർത്ഥികളും പാലാ രൂപതയുടെ മക്കളാണെന്നും അതുകൊണ്ട് തന്നെ സഭയ്‌ക്ക് ആരോടും പ്രത്യേക മമത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭാനിലപാട് എന്നും നിഷ്പക്ഷമായിരുന്നുവെന്നും മൂന്ന് പേരോടും തുല്യമായ അകലം പാലിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ
പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പല പരാമർശങ്ങളും സഭയെയും വിശ്വാസികളെയും വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സഭയുടെ ആർജ്ജവം കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ സഭാനേതാക്കൾക്ക് കഴിയുന്നുണ്ട്. എന്നാൽ അതിനിടയിൽ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്ക് മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ തനിക്ക് ക്രൈസ്തവ വിഭാഗത്തിന്റെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Recent Posts