Kerala

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പുനലൂര്‍: വിഷുക്കാലമെത്തിയതോടെ കണിക്കൊന്ന മരങ്ങള്‍ അടിമുടി പൂത്തൊരുങ്ങി. കൊന്നപൂക്കള്‍ ഇറുത്തെടുത്ത് വില്പന നടത്തി പണം സമ്പാദിക്കുന്ന യുവാക്കളും സജീവമായിക്കഴിഞ്ഞു. വിഷുവിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നാട്ടുമ്പുറങ്ങളിലെ കണിക്കൊന്നകളില്‍ നിന്ന് കൊന്നപ്പൂക്കള്‍ ശേഖരിച്ച് ക്ഷേത്രങ്ങള്‍ക്ക് സമീപവും പാതയോരങ്ങളിലും വില്പന നടത്താന്‍ ഒരുങ്ങുകയാണ് ചില കുട്ടിക്കൂട്ടങ്ങള്‍.

കാര്‍ഷിക വര്‍ഷപ്പിറവി ദിനമായി കൂടി വിഷുവിനെ കാണുമെന്നതിനാല്‍ വിഷുദിനത്തില്‍ എല്ലാ ഭവനങ്ങളിലും കണിയൊരുക്കവും പതിവായിക്കഴിഞ്ഞു. പുരാണങ്ങളിലും കണിക്കൊന്നയെക്കുറിച്ച് പരാമര്‍ശിക്കുന്നു. ത്രേതായുഗത്തില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ സീതാന്വേഷണ കാലത്ത് സുഗ്രീവനുമായി സഖ്യമുണ്ടാക്കുകയും ശത്രുവായ ബാലിയെ വരബലത്താല്‍ കൊല്ലാന്‍ കഴിയില്ല എന്നതിനാല്‍ ഒരു മരത്തിന്റ പിന്നില്‍ നിന്ന് ഒളിയമ്പ് ചെയ്തു. ഇങ്ങനെ ബാലിവധിക്കപ്പെടുന്നു. ഈ മരമാണ് കണിക്കൊന്ന നല്‍കുന്ന കൊന്നമരമെന്നും പറയപ്പെടുന്നു.

ഈ പേര് സിദ്ധിച്ചതില്‍ മനംനൊന്ത് മരം ദേവനെ സങ്കടം അറിയിക്കുകയും ഭഗവാന്‍ നിന്റെ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണി കാണുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും അനുഗ്രഹിച്ചതായും ഐതീഹ്യകഥ. എന്തുതന്നെ ആയാലും കണിക്കൊന്ന വിഷുവിന് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഏറെ ഔഷധ ഗുണമുള്ളതുകൂടിയാണ് കൊന്നമരം. നഗര ഗ്രാമ വ്യത്യാസം കൂടാതെ എങ്ങും പൂവിട്ട് ന ില്‍ക്കുന്ന കൊന്നമരങ്ങള്‍ ഏറെ ദൃശ്യമനോഹര കാഴ്ചയാണ്.

വിഷുക്കാലത്ത് കണിക്കൊന്നയ്‌ക്കൊപ്പം കൃഷ്ണ രൂപങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതോടെ ഇതര സംസ്ഥാന വില്പനക്കാര്‍ തയ്യാറാക്കിയ കൃഷ്ണരൂപങ്ങള്‍ നിരത്തുകളില്‍ നിരന്നു. പല രൂപത്തിലും വര്‍ണത്തിലും വലുപ്പത്തിലും നിര്‍മിച്ച് നിരത്തുകളില്‍ വില്പന നടത്തുകയാണ് കച്ചവടക്കാര്‍. ഇവ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം ഏറിയതോടെ വിലയിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്.

മുന്‍വര്‍ഷങ്ങളില്‍ 150 രൂപയ്‌ക്ക് കിട്ടിയിരുന്ന ഇവയ്‌ക്ക് 250 രൂപയാണ് നിലവില്‍ വില. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ എത്തിയവര്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മടങ്ങുന്ന കാഴ്ചയും വിലപേശാന്‍ താല്പര്യമില്ലാതെ വില്പനക്കാരും എന്നതാണ് ഇപ്പോഴത്തെ കാഴ്ച. കളിമണ്‍ പ്രതിമകള്‍ പൊയ്‌മറഞ്ഞപ്പോള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലും വിലകുറഞ്ഞ അസംസ്‌കൃത വസ്തുക്കളിലുമാണ് നിര്‍മാണം. വിഷുവിന് ദിവസങ്ങള്‍ മാത്രം നിലനില്‌ക്കെ എന്തുവിലയിലും കൃഷ്ണ രൂപങ്ങള്‍ മലയാളികള്‍ വാങ്ങുമെന്ന വിശ്വാസത്തിലാണ് ഇവര്‍.

Recent Posts