
കന്ദകുര്‍ത്തി (തെലങ്കാന): രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പൂര്‍വിക ഗ്രാമമായ കന്ദകുര്‍ത്തിയില്‍ സ്ഥാപിച്ച ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ ഏപ്രില്‍ 11ന് സര്‍സംഘചാലക് ഡോ. മോഹ് ഭാഗവത് ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ജിയുടെ ജീവിതവും പൂര്‍വികപരമ്പരയും അടയാളപ്പെടുത്തിയ കേശവ് സ്ഫൂര്‍ത്തി മന്ദിറില്‍ വിപുലമായ ഫോട്ടോ ഗ്യാലറിയും വീഡിയോ പ്രസന്റേഷന്‍ ഗാലറിയും ഒരുക്കും. ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ താഴത്തെ നിലയില്‍ അനാച്ഛാദനം ചെയ്യും.
സംഗ്രഹാലയ ഹാളില്‍ ഡോക്ടര്‍ജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളുടെ പകര്‍പ്പുകള്‍, ജീവിതവുമായി ബന്ധപ്പെട്ട അപൂര്‍വ പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. അയോദ്ധ്യയിലെ രാംലല്ല വിഗ്രഹം നിര്‍മ്മിച്ച ശില്പി അരുണ്‍ യോഗിരാജ് ആണ് ഭാരത മാതാവിന്റെയും ഡോക്ടര്‍ജിയുടെയും പ്രതിമകള്‍ രൂപകല്പന ചെയ്തത്. കന്ദകുര്‍ത്തി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേശവ സേവാ സമിതിയാണ് ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. കുറഞ്ഞ ഫീസില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന ശിശുമന്ദിര്‍, മഹാറാണി അഹല്യാഭായ് ഹോള്‍ക്കറുടെ സ്മരണയ്‌ക്കായി ഗോദാവരീതീരത്ത് സ്‌നാനഘട്ടങ്ങള്‍, സേവാപ്രവര്‍ത്തനങ്ങള്‍, ഗോദാവരീ ആരതി, നൈപുണ്യ വികസന കേന്ദ്രം, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന പരിപാടികള്‍, ജൈവ കൃഷി പരിശീലനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.
നിസാമാബാദ് ജില്ലയില്‍ ഗോദാവരി, മഞ്ജിര, ഹരിദ്ര നദികളുടെ സംഗമസ്ഥാനത്തുള്ള കന്ദകുര്‍ത്തി, ഹൈദരാബാദില്‍ നിന്ന് ഏകദേശം 210 കിലോമീറ്ററും നാഗ്പൂരില്‍ നിന്ന് 380 കിലോമീറ്ററും അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ സുബ്രഹ്‌മണ്യന്റെ സാന്നിധ്യം കൊണ്ട് പരമ്പരാഗതമായി സ്‌കന്ദപുരി എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ത്രേതായുഗത്തില്‍ വനവാസകാലത്ത് ഭഗവാന്‍ ശ്രീരാമനും ഛത്രപതി ശിവാജിയും നിരവധി തവണ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഡോക്ടര്‍ജിയുടെ കുടുംബഭരദേവതയായ കേശവമൂര്‍ത്തിയുടെ ക്ഷേത്രവും കന്ദകുര്‍ത്തിയുടെ സവിശേഷതയാണ്.