Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മഞ്ചേരി: ജൂന അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മുഖ്യസംഘാടകനായ അയുത ചണ്ഡികാ മഹായാഗം പുരോഗമിക്കുന്നു. മുള്ളമ്പാറ സാനാതന ധര്‍മ്മസേവാ കേന്ദ്ര പരിസരത്ത് നടക്കുന്ന യാഗം ദര്‍ശിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തുന്നത്. ട്രിച്ചി തിരു ഈങ്കോയ് മല ലളിതാ മഹിളാ സമാജം മഠാധിപതി യോഗിനി ശ്രീജയാംബ വിദ്യാംബ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചണ്ഡികാഹോമമാണ് യാഗത്തിലെ പ്രധാന ചടങ്ങ്.

നവാക്ഷരീ മന്ത്രദീക്ഷ സ്വീകരിച്ച മൂന്നൂറോളം ദേവീ ഉപാസകര്‍ ഓരോ ദിവസവും ഹോമത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി നടക്കുന്ന അയുത ചണ്ഡികാ യാഗമെന്ന പ്രത്യേകതയും ഭക്തജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സന്യാസികള്‍ക്ക് പുറമെ ധാരാളം ഭക്തരും കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചേരിയിലെത്തി. ഇന്നലെ കിഴക്കുമ്പാട്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ചണ്ഡികാ ഹോമവും വൈകിട്ട് ദേവീമാഹാത്മ്യ സമ്പൂര്‍ണ പാരായണവും നാവാക്ഷരീ ജപവും നടന്നു.

വൈകിട്ട് നടന്ന സാംസ്‌കാരിക സദസില്‍ പ്രൊഫ. കലാമണ്ഡലം ടി. ശങ്കരനാരായണനെ ആദരിച്ചു. വ്യാസന്‍ മണ്ണാര്‍ക്കാട്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പല്ലവി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ കോട്ടക്കല്‍ ബാലനാരായണനും സംഘവും കഥകളിയും അവതരിപ്പിച്ചു. യാഗത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ചണ്ഡികാ ഹോമവും വൈകിട്ട് ദേവീമാഹാത്മ്യ സമ്പൂര്‍ണ പാരായണവും നാവാക്ഷരം ജപവും നടക്കും. സാംസ്‌കാരിക സദസ് ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമദ്പാദാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും. അഡ്വ. ടി.ആര്‍. രാമനാഥന്‍, ഡോ. എന്‍.ആര്‍. മധു എന്നിവര്‍ സംസാരിക്കും. കോട്ടക്കല്‍ നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.

Recent Posts