Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മഞ്ചേരി: ഇന്നലെ അയുത ചണ്ഡികാ മഹായാഗ വേദിയിലെത്തിയ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ ആയിരുന്നു. ഹോമകുണ്ഡത്തിനരികിലിരുന്ന് ഭക്തിനിര്‍ഭരമായി ഹവനം ചെയ്യുന്ന അദ്ദേഹം യാഗവേദിയിലെ വിസ്മയമായി. അഞ്ചിന് വൈകിട്ട് തന്നെ നാസര്‍ അയുത ചണ്ഡികാ മഹായാഗത്തില്‍ പങ്കെടുക്കാനായി മഞ്ചേരിയിലെത്തിയിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ട്രിച്ചി തിരു ഈങ്കോയ്‌മല ലളിതാ മഹിളാ സമാജം മഠാധിപതി യോഗിനി ശ്രീജയാംബ വിദ്യാംബ സരസ്വതി നവാക്ഷരീ മന്ത്രദീക്ഷ നല്‍കി ചണ്ഡികാഹോമത്തിന് അനുമതി നല്‍കി. തുടര്‍ന്ന് നാസറും കൃത്യതയോടെ ചടങ്ങില്‍ പങ്കെടുത്തു.

ഖസാക്കിസ്ഥാനിലെ മൈനിങ് കമ്പനിയില്‍ മാനേജരായ നാസര്‍ തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് നാസര്‍ ആദ്യമായി കേരളത്തിലെത്തുന്നത്. ചെത്തല്ലൂരിലെ ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം എത്തിയപ്പോഴാണ് സനാതന ധര്‍മത്തെക്കുറിച്ച് മനസിലാക്കിയത്. കൂടുതല്‍ പഠിക്കാനായി ഒരു ഗുരുവിന് വേണ്ടിയുള്ള അന്വേഷണം അദ്ദേഹത്തെ മൊടപ്പിലാപ്പള്ളി മനയിലെത്തിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്ത്രശാസ്ത്രവിധിപ്രകാരം പരമേശ്വരന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മാതാപിതാക്കളുടെ മകനായതുകൊണ്ട് തന്നെ താനൊരു മതത്തിലും ഉള്‍പ്പെടുന്നില്ലെന്നും നിലവിലുള്ള എല്ലാ മതവിശ്വാസങ്ങളേയും അംഗീകരിക്കുന്നുവെന്നും നാസര്‍ പറഞ്ഞു. ഭൗതികവും ആത്മീയവുമായ ജീവിതത്തില്‍ കാര്യക്ഷമമായിരിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന അതിമനോഹരവും സമഗ്രവുമായ അറിവാണ് സനാതന ധര്‍മം. അതുകൊണ്ടാണ് സനാതന ധര്‍മത്തെ പിന്തുടരാന്‍ തീരുമാനിച്ചതെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

Recent Posts