
ന്യദൽഹി: നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തിയിൽ പുതിയ പരീക്ഷണവുമായി ഇന്ത്യ. പ്രശ്നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കൊണ്ട് നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
ഇരുരാജ്യങ്ങളും പങ്കിടുന്ന 4,096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം പ്രദേശം നദികളും ചതുപ്പുകളും നിറഞ്ഞതാണ്. ഇത്തരം വേലി കെട്ടൽ സാധ്യമല്ലാത്ത മേഖലകളിലാണ് ഇന്ത്യ ഈ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഇത്തരം ദുര്‍ഘടമായ ഇടങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള നിരീക്ഷണം പ്രായോഗികമല്ലാത്തതിനാല്‍, പാമ്പുകളെയും മുതലകളെയും ജലാശയങ്ങളില്‍ തുറന്നുവിടുന്നത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വലിയ ഭീഷണിയാകുമെന്ന് സൈന്യം വിലയിരുത്തുന്നു.ഇത് സംബന്ധിച്ച് ബിഎസ്എഫിൽ ഉന്നതതലത്തില്‍ ചർച്ച നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിലവില്‍ ഡ്രോണുകൾ, സെൻസറുകൾ, കാമറകൾ, മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഎസ്എഫ് അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തി വരിക തന്നെയാണ്.