സ്വസമുദായ പരിഷ്‌കരണത്തിലൂടെ സാമൂഹ്യ നവോത്ഥാനത്തില്‍ തുടക്കമിട്ടയാളെന്ന നിലയിലാണ് വി.ടി.യുടെ പ്രസക്തി. നമ്പൂതിരി സമുദായത്തിലെ അന്തര്‍ജ്ജനങ്ങളെ അടുക്കളയില്‍ നിന്ന് മോചിപ്പിച്ച് അരങ്ങിലേക്ക് നയിക്കുവാനാണ്, വെളിച്ചം നിറഞ്ഞ സമൂഹത്തിലേക്ക് നയിക്കുവാനാണ് വി.ടി. തന്റെ ജന്മം ഉഴിഞ്ഞുവച്ചത്. നരകതുല്യമായ യാതനകളും മഹാവ്യഥകളും അനുഭവിച്ച് അടുക്കളയില്‍ ജീവിതം ഹോമിച്ച അന്തര്‍ജ്ജനങ്ങളുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും സമൂഹത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് അതിലൂടെ അവരെ സ്വതന്ത്രരാക്കുവാനാണ് വി.ടി. പ്രയത്‌നിച്ചത്. പഴകി ജീര്‍ണ്ണിച്ച കെട്ടുപുരകളുടെ ഇരുട്ടുപടര്‍ന്ന അകത്തളങ്ങളില്‍ ക്ലാവുപിടിച്ച പാത്രങ്ങള്‍ മോറിയും അടുക്കളപ്പണി ചെയ്തും വൃദ്ധനായ ഭര്‍ത്താവിന്റെ വിഴുപ്പലക്കിയും ആട്ടും ഭള്ളും കേട്ട് തഴമ്പിച്ച കാതുകളും പ്രതീക്ഷകളസ്തമിച്ച കണ്ണുകളും സ്വപ്‌നങ്ങളില്ലാത്ത മനസ്സുമായി ജീവിച്ച അന്തര്‍ജ്ജന വിധവകളും ആജന്മ കന്യകകളായി നരകിച്ചു മരിച്ചവരും സപത്‌നിമാരുമൊക്കെ ഒരു കാലഘട്ടത്തിന്റെ ബലിരൂപങ്ങളായിരുന്നു. ഇവരുടെ ജീവിതം ഒരെരിഞ്ഞടങ്ങലായിരുന്നു. പച്ചയ്‌ക്കു നിന്നു കത്തിയ ചിതകളാണിവര്‍. ഇവരുടെ തീരാദുരിതങ്ങളില്‍ നിന്നും ജീവിത ദൈന്യങ്ങളില്‍ നിന്നും മോചിപ്പിച്ച മനുഷ്യനെന്ന നിലയിലാണ് വി.ടിയുടെ എക്കാലത്തെയും പ്രസക്തി.
”അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഇരുട്ടുമൂടിക്കിടക്കുന്ന അന്തപ്പുരങ്ങളിലേക്ക് നവോത്ഥാന ചിന്തകര്‍ക്ക് കടന്നുചെല്ലാന്‍ കഴിയില്ലെങ്കിലും നാടകത്തിനും കാവ്യത്തിനും സാഹിത്യത്തിനും കടന്നുചെല്ലാന്‍ കഴിയുമെന്ന” സി.എസ്. സുബ്രഹ്‌മണ്യന്‍ പോറ്റിയുടെ ഓര്‍മ്മപ്പെടുത്തലാണ് വി.ടി.യെ നാടകമെഴുതാന്‍ പ്രേരിപ്പിച്ചത്. വേദാദ്ധ്യയനവും സ്വാദ്ധ്യായവും കഴിച്ചതല്ലാതെ അക്ഷരജ്ഞാനം തനിക്ക് കിട്ടിയില്ലായെന്നത് വി.ടി.യെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഷൊര്‍ണ്ണൂരുള്ള മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനായി പതിനേഴാമത്തെ വയസ്സില്‍ വി.ടി എത്തിയത് തറവാടിന്റെ ദാരിദ്ര്യമോര്‍ത്തു മാത്രമാണ്. സിവില്‍ വ്യവഹാരത്തിലൂടെ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു വിഷമിക്കുന്ന അച്ഛന്‍ നമ്പൂതിരിക്ക് കൊല്ലംതോറും 365 വടുപ്പന്‍ നെല്ല് ശാന്തിപ്പണിയുടെ കൂലിയായി പൂമുഖത്ത് അളന്നുകിട്ടുന്നത് ഒരാശ്വാസമായിരുന്നു. അവിടെ വെച്ചാണ് വിജ്ഞാനം നേടണമെന്ന് അതിയായി ആഗ്രഹിച്ചത്. അതിനു നിമിത്തമായത് 10 വയസ്സുമാത്രം പ്രായമുള്ള ഒരു തിയ്യാടി പെണ്‍കുട്ടിയും.
മാന്‍മാര്‍ക്ക് കുട എന്ന ആദ്യ വാക്യം
സ്ലേറ്റില്‍ അവളെഴുതിക്കൊടുത്ത 51 അക്ഷരങ്ങള്‍ രാത്രിയിലിരുന്നു ഉരുവിട്ടു പഠിച്ച്, അവള്‍ക്കു ശിഷ്യപ്പെടുമ്പോള്‍ ‘ദൈവമേ എന്നെ രക്ഷിക്കണേയെ’ന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ടാകണം. എന്താണെങ്കിലും വിദ്യാധിദേവത വി.ടിയെ അനുഗ്രഹിച്ചു. അതിന്റെ ഓര്‍മ്മ ഇങ്ങനെയാണ് പങ്കുവച്ചിട്ടുള്ളത്. ”പണപ്പായസത്തിനു ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന കടലാസ് തിടപ്പള്ളിയുടെ മേപ്പടിക്കുള്ളില്‍ സൂക്ഷിച്ചുവച്ചിരുന്നത് ആളൊഴിഞ്ഞ സമയത്ത് ഞാനെടുത്ത് വായിക്കാന്‍ തുടങ്ങി. ഏതാനും ഭാഗം കീറിയും ശര്‍ക്കര കിനിഞ്ഞതുകൊണ്ട് ഒട്ടിപ്പിടിച്ചും വൃത്തികെട്ട ആ കടലാസ് തിരിച്ചും മറിച്ചും പരിശോധിക്കുന്നതിനിടയില്‍ തലപൊക്കി നില്‍ക്കുന്ന ഒരു മൃഗത്തിന്റെ ചിത്രമുള്ള പരസ്യം കണ്ണില്‍പ്പെട്ടു. അതിനിടയില്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ചിരുന്ന ‘മാന്‍മാര്‍ക്കു കുട’ എന്ന വാക്യം ആദ്യമായി പണിപ്പെട്ടു കൂട്ടിവായിച്ചപ്പോള്‍ എന്റെ മനസ്സില്‍നിന്ന് ഒരാഹ്ലാദധ്വനി വിനിര്‍ഗ്ഗളിക്കുകയുണ്ടായി. ‘മാന്‍മാര്‍ക്ക് കുട’ എന്ന ആ ശബ്ദം എത്ര തവണ ഞാന്‍ ഉറക്കെ ആവര്‍ത്തിച്ചു എന്നു പറയാനാവില്ല. ആ അയ്യപ്പന്‍ കാവിലെ അന്തരീക്ഷത്തില്‍ ആ തിയ്യാടി പെണ്‍കുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പില്‍ക്കാല ജീവിതത്തില്‍ എനിക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ മഹാജ്യോതിസ്സെന്നോര്‍ക്കുമ്പോള്‍ കൃതജ്ഞത കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞുപോകുന്നു. (കണ്ണീരും കിനാവും- വി.ടി. ഭട്ടതിരിപ്പാട്).
ശാസ്താംകാവിലെ അനുഭവത്തില്‍ നിന്നു കൊണ്ടാണ് ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്‌ക്ക്’ എന്ന സോദ്ദേശ്യ നാടകം രൂപപ്പെടുത്തിയത്. അതൊരു പ്രഹസന രൂപമായിരുന്നെങ്കിലും നമ്പൂതിരി സമുദായത്തെ ഗ്രസിച്ച അസംബന്ധ ജീവിത നിയമങ്ങളുടെ നാടകരൂപമായി പരിണമിക്കുകയായിരുന്നു. പരിവേദനം, അധിവേദനം, സംബന്ധമേര്‍പ്പാട്, ഘോഷ, മൂടുപടം, അയിത്താചാരം തുടങ്ങിയ ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിച്ചുകൊണ്ട് നമ്പൂതിരിമാരെ മാനവികതാ ബോധമുള്ള മനുഷ്യരായി പരിവര്‍ത്തിപ്പിക്കാനുള്ള ധീരമായ ശ്രമമായിരുന്നു അത്. എതിര്‍പ്പുകള്‍ ഒരുപാട് നേരിടേണ്ടിവന്നു. ഒടുവില്‍ 1929 ഡിസംബര്‍ 24-ാം തീയതി യോഗക്ഷേമസഭയുടെ 22-ാം വാര്‍ഷികത്തില്‍ നാടകം അരങ്ങേറുകയുണ്ടായി. ശാസ്താംകാവിലെ ക്ഷേത്രത്തില്‍ വച്ച് കഴകത്തിനു വന്ന പടിഞ്ഞാറെ വാര്യത്തെ അമ്മുക്കുട്ടി വാരസ്യാര്‍ എന്ന മധുര പതിനേഴുകാരിയുമായി വി.ടി.ക്കുണ്ടായ അനുരാഗത്തിന്റെ ആത്മാനുഭവം നാടകത്തിലെ അപ്ഫന്‍ നമ്പൂതിരിയായ മാധവന്റെയും വിളവൂര്‍ ഇല്ലത്തെ തേതി എന്ന ദേവകിയുടെയും പ്രണയബന്ധത്തില്‍ ചാലിച്ചുചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അസംബന്ധങ്ങളെ മറനീക്കിക്കാണിക്കുന്നതാണ് നാടകം. കന്യകയായിട്ടു മരിക്കുന്ന പാപം ഒഴിവാക്കാന്‍ വേണ്ടി അന്തര്‍ജ്ജനങ്ങളെ ഏതെങ്കിലുമൊരു വൃദ്ധനായ നമ്പൂതിരിയെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നതും അയിത്താചാരവും ഘോഷയുമെല്ലാം നിരാകരിച്ചുകൊണ്ടുള്ള സമീപനമാണ് നാടകം സ്വീകരിച്ചത്.
മരണഭയത്തിലുംമാറ്റത്തിനൊപ്പം
യോഗക്ഷേമ സഭയുടെ യുവജനസംഘത്തിന്റെ ആവശ്യം ഇങ്ങനെയായിരുന്നു. ”ആഢ്യനെന്നോ പണക്കാരെന്നോ നിര്‍ദ്ധനനെന്നോ ഉള്ള ഉച്ചനീചത്വങ്ങള്‍ വകവെക്കാതെ സമൂലമായ പരിഷ്‌കാരം വരുത്തണം. കൂട്ടുകൂടുംബ വ്യവസ്ഥ നശിപ്പിക്കണം. ഭാഗാവകാശം, സ്വജാതീ വിവാഹം, സ്ത്രീ വിദ്യാഭ്യാസം ഘോഷാ ബഹിഷ്‌ക്കരണം എന്നിവ നടപ്പിലാക്കണം. നമ്പൂതിരിക്ക് എന്തു തൊഴിലും ചെയ്യുന്നത് മാത്രമായിരിക്കണം. അയിത്തം നശിപ്പിക്കണം.” സമുദായം നിഷിദ്ധമായിക്കണ്ട ഇത്തരം കാര്യങ്ങളെ നാടകം സമര്‍ത്ഥമായാണ് കൈകാര്യം ചെയ്തത്. ഇത് യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കിയത്. അതിന്റെ എതിര്‍പ്പുകള്‍ പലയിടങ്ങളില്‍ നിന്നും ഉണ്ടായി.
നാടകം തന്റെ ഇല്ലത്ത് അവതരിപ്പിച്ചപ്പോള്‍ വി.ടി.മരണം പോലും മുന്നില്‍ക്കണ്ടു. മേഴത്തൂര്‍ ഇല്ലത്തെ മൂസ്സായ വി.ടി. ത്രിവിക്രമന്‍ നമ്പൂതിരിയുടെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് 2000 പേര്‍ക്ക് ഇരിക്കാവുന്ന നെടുമ്പുര കെട്ടി നാടകം അവതരിപ്പിക്കാന്‍ യുവജന സംഘം തുനിഞ്ഞത്. എതിര്‍പ്പ് അതിശക്തമായിരുന്നു. ”നേരം പുലര്‍ന്നാല്‍ ഈ നാട്ടുകാര്‍ കണികാണുന്നത് പേരാലിന്‍ കൊമ്പത്ത് തൂങ്ങിനില്‍ക്കുന്ന വി.ടിയുടെ മൃതദേഹമായിരിക്കുമെന്നാണ് എതിരാളികളുടെ ശപഥം. നെടുമ്പുരക്ക് തീവെക്കുക. ആ ബഹളത്തില്‍ വി.ടി.യെ നായാടിപ്പിടിച്ച് ആലിന്‍ കൊമ്പത്ത് തൂക്കുക. വി.ടിയുടെ ആളുകള്‍ അന്തപ്പുര സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നത് കണ്ട് വി.ടി സ്വയം തൂങ്ങി മരിച്ചതാണെന്ന് പ്രചരിപ്പിക്കുക. ഇതാണവരുടെ പ്ലാന്‍. അതുകൊണ്ട് ഈ പ്ലാറ്റ്‌ഫോറത്തിന്റെ മുമ്പില്‍ ആളുകള്‍ക്ക് കാണാവുന്ന ഭാഗത്ത് ഇരിക്കണം, പുലരുംവരെ അനങ്ങരുത്” (കര്‍മ്മ വിപാകം- വി.ടി. ഭട്ടതിരിപ്പാട്). കൂട്ടുകാര്‍ പറഞ്ഞത് കേട്ട് നടുങ്ങിയെങ്കിലും വി.ടി. അനുസരിച്ചു. നെടുമ്പുരക്ക് തീയിടാന്‍ തുടങ്ങിയവന്റെ ചെകിട്ടത്താണ് അടി വീണത്. യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ ചെകിട്ടത്തു വീണ അടിയായിരുന്നു അത്. അതിനെ തുടര്‍ന്നാണ് പാര്‍വ്വതി നെന്മേനി മംഗലം, ആര്യാ പള്ളം തുടങ്ങിയവരോടൊപ്പം ഘോഷ ബഹിഷ്‌കരിച്ചുകൊണ്ട് അന്തര്‍ജ്ജനങ്ങള്‍ അന്തപ്പുരത്തിന്റെ ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരാന്‍ തുടങ്ങിയത്.
അന്തര്‍ജ്ജനങ്ങള്‍ക്ക് വിധവാ വിവാഹവും മിശ്രവിവാഹവും നടത്തിക്കൊണ്ട് ആദ്യമായി അവരെ സ്വതന്ത്രരാക്കിയതിനും നേതൃത്വം നല്‍കിയത് വി.ടി. ഭട്ടതിരിപ്പാടാണ്. നാലപ്പാടനും മറ്റുമായി നടത്തിയ ചര്‍ച്ചയാണ് അതിലേക്ക് വഴിതുറന്നത്. തന്റെ ഭാര്യയായ ശ്രീദേവി അന്തര്‍ജ്ജനത്തിന്റെ അനുജത്തി നങ്ങേമ എന്നു വിളിക്കുന്ന ഉമാ അന്തര്‍ജ്ജനത്തിന്റെ ഭര്‍ത്താവ് ഇ.പി. നാരായണന്‍ നമ്പൂതിരി അകാലത്തില്‍ വിടവാങ്ങിയത് അവരെ അരക്ഷിതയാക്കി. വി.ടി. അവരെ സാന്ത്വനപ്പെടുത്തിയത് ഇങ്ങനെയാണ്: ”ഇ.വിയുടെ അകാല വിയോഗം നങ്ങേമയ്‌ക്ക് നികത്താനാകാത്ത വിടവാണ്; സംശയമില്ല. പക്ഷേ ആ ദുരന്തത്തെ പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് ജീവിതം തള്ളി നീക്കിയിട്ട് എന്തു പ്രയോജനം? മനസ്സിന്റെ ഇടിവ് ആരോഗ്യത്തെ തകര്‍ത്തുകളയും. ആ വിടവ് പുതിയ അനുഭൂതിയിലൂടെ നികത്തുക തന്നെ വേണം. വരയ്‌ക്കലും മായ്‌ക്കലുമില്ലെങ്കില്‍ ചിത്രം മുഴുമിക്കലുമില്ല. വരുംവരായ്‌കകളെക്കുറിച്ച് ഗാഢമായാലോചിച്ച് പുതിയ കാല്‍വെപ്പിന് നങ്ങേമ ഒരുങ്ങുകതന്നെ വേണം” (കര്‍മ്മ വിപാകം- വി.ടി. ഭട്ടതിരിപ്പാട്.)

എംആര്‍ബി എന്ന പേരില്‍ അറിയപ്പെടുന്ന വന്നേരി മുല്ലമംഗലത്തില്ലത്ത് രാമന്‍ ഭട്ടതിരിപ്പാടാണ് വിധവയായ ഉമാ അന്തര്‍ജ്ജനത്തിന് മിന്നു കെട്ടിയത്. ഒരു നമ്പൂതിരി സ്ത്രീയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്ന യാതൊന്നും അവിടെയുണ്ടായിരുന്നില്ല. വധൂവരന്മാര്‍ അന്യോന്യം മാലയിട്ട് വധുവിന്റെ നഗ്നമായ കഴുത്തില്‍ വരന്‍ മംഗല്യത്താലി കെട്ടി. അതിനു സാക്ഷിയാകാന്‍ ധാരാളം ആളുകളുണ്ടായിരുന്നു. നാലപ്പാട്ടു നാരായണ മേനോന്‍, മന്നത്തു പത്മനാഭന്‍, കുട്ടികൃഷ്ണ മാരാര്‍ തുടങ്ങിയവര്‍. അന്ന് എത്തിച്ചേര്‍ന്നവരെല്ലാം ഒന്നിച്ചുകൂടിയിരുന്നു മിശ്രഭോജനവും നടത്തി. ‘ഒന്നിച്ചുണ്ണുക, ഒരുമിച്ചു പ്രവര്‍ത്തിക്കുക’ എന്ന ഐക്യ കേരള സങ്കല്‍പ്പം സ്വന്തം വീട്ടുമുറ്റത്തു തന്നെയാണ് വി.ടി. തുടങ്ങിയത്.
‘രസിക സദനത്തില്‍ നടന്ന വിധവാ വിവാഹത്തില്‍ സഹോദരനയ്യപ്പനും എം.സി. ജോസഫും ശങ്കരന്‍ നമ്പൂതിരിപ്പാടും ആര്യാ പള്ളവും ചൊവ്വര പരമേശ്വരനും നിലമ്പൂര്‍ വലിയ രാജായും പാക്കനാര്‍ കോളനിയിലെ കാരണവരായ ഈരാറ്റിക്കല്‍ കുഞ്ഞനും ആഴ്‌വാഞ്ചേരി ചെറിയ തമ്പ്രാക്കളും അടുത്തടുത്തുവെച്ച ഇലകളില്‍ നിന്ന് സന്തോഷമായി ഊണുകഴിച്ചു. ഇതുകണ്ട് മനം നിറഞ്ഞാണ് നാലപ്പാട്ട് നാരായണ മേനോന്‍ ഉറക്കെപ്പറഞ്ഞത്. ”ഇന്നാണ് ഞാന്‍ പ്രഭാതം കണ്ടത്, ജന്മസാഫല്യം പോലെ. വി.ടി. യഥാര്‍ത്ഥ ബ്രാഹ്‌മണനാണ്. യജ്ഞം ചെയ്യേണ്ടതെങ്ങനെയെന്ന് അഗ്നിഹോത്രിയുടെ നാട്ടുകാരനായ അദ്ദേഹത്തിനറിയാം. സ്വന്തം സഹോദരിമാരെ അന്യജാതിക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുത്തപ്പോഴും തന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് വി.ടി. ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു. നാലുകെട്ടില്‍ നരകജീവിതം നയിക്കേണ്ടിവന്ന നമ്പൂതിരി സ്ത്രീകള്‍ക്കു വേണ്ടി നടത്തിയ യജ്ഞമായിരുന്നു വി.ടിയുടെ ജീവിതം. അതിന്റെ വെളിച്ചം നുകര്‍ന്നാണ് കേരളീയ സമൂഹം നവോത്ഥാന ജീവിതത്തിലേക്ക് കുതിച്ചു കയറിയത്.”
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സംസ്‌കൃതി
ഭവനില്‍ സംഘടിപ്പിച്ച വി.ടി. അനുസ്മരണത്തില്‍ അവതരിപ്പിച്ചത്)











