ഹൃദ്രോഗ ചികിത്സാ രംഗത്തേക്ക് കടന്നുവന്നതെങ്ങനെയാണ്? കുട്ടിക്കാലത്തെയുള്ള ആഗ്രഹമായിരുന്നോ?
കൊല്ലത്തെ ഒരു സാധാരണ പത്രവിതരണക്കാരനായ അച്ഛന്റെയും വീട്ടമ്മയായ ഒരമ്മയുടെയും മകനായി ജനിച്ച എനിക്ക് ഒരു വലിയ പദവിയിലേക്ക് എത്തുകയെന്നത് ശരിക്കും ബാലികേറാമല തന്നെയായിരുന്നു. മങ്ങാടുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് പോകുന്നതിനു മുന്‍പ് അച്ഛനെ സഹായിക്കാന്‍ കുറച്ചു പത്രങ്ങള്‍ ഞാന്‍ വിതരണം ചെയ്യാറുണ്ടായിരുന്നു. കയ്യിലിരിക്കുന്ന പത്രങ്ങളിലെ ചൂട് വര്‍ത്തകളിലേക്ക് കണ്ണോടിക്കും. ആ വായനാശീലം അന്നും ഇന്നും എനിക്ക് മുതല്‍ക്കൂട്ടാണ്. പിന്നീട് പ്രീഡിഗ്രിക്ക് ചേര്‍ന്നത് കൊല്ലം ഫാത്തിമ മാതാ കോളജിലും മെഡിസിന്‍ പഠനത്തിനായി പോയത് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലും. താല്‍പ്പര്യം പീഡിയാട്രിക്സ് (ശിശുരോഗ വിഭാഗം) ആയിരുന്നെങ്കിലും, ഒരു നിയോഗം പോലെ ഹൃദ്രോഗ ചികിത്സാ രംഗത്താണ് എത്തിപ്പെട്ടത്. ഉപരിപഠനത്തിനായി അഹമ്മദാബാദിലേക്ക് പോകുകയും, പ്രശസ്തമായ ബി.ജെ. മെഡിക്കല്‍ കോളജില്‍ നിന്നും എംഡി മെഡിസിന്‍ നേടി നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. 1997 ല്‍ ഒരു കാര്‍ഡിയോളജിസ്റ്റായി കരിയര്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഒരു സാധാരണ കാര്‍ഡിയോളജിസ്റ്റെന്ന നിലയില്‍ ഒതുങ്ങിക്കൂടാതെ ആ മേഖലയില്‍ ഏറ്റവും ഉന്നതിയിലെത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അതിനായാണ് പരിശ്രമിച്ചത്. ‘ദി ആല്‍ക്കമിസ്റ്റ്’ എന്ന നോവലില്‍ പറയുന്നതുപോലെ ഒരു ലക്ഷ്യം മുന്നില്‍ക്കണ്ട് നന്നായി പരിശ്രമിച്ചാല്‍ എല്ലാ സാഹചര്യവും പൂര്‍ണ്ണമായും നമുക്കനുകൂലമാകും. അങ്ങനെ സംഭവിച്ചത് കൊണ്ടാകാം, ഇപ്പോള്‍ നമ്മള്‍ തമ്മില്‍ സംസാരിക്കുന്നതും.
ഹൃദ്രോഗ ചികിത്സാ രംഗത്ത് മറ്റാരും സഞ്ചരിക്കാത്ത പാതയിലൂടെ അങ്ങ് യാത്ര ചെയ്തു. എന്തായിരുന്നു പ്രചോദനം?
ഒരുപാട് വിശദീകരിക്കേണ്ട കാര്യമാണിത്. എങ്കിലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഏറ്റവും നൂതനമായ ലോകോത്തര നിലവാരമുള്ള ഹൃദ്രോഗ ചികിത്സ, ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് പോലും ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. അതിനായി രാജ്യത്തിനകത്തും പുറത്തുമായി കാത്ത് ലാബ് സൗകര്യമുള്‍പ്പടെയുള്ള കാര്‍ഡിയാക് സെന്ററുകള്‍ ഞാന്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും നൂതന ഹൃദ്രോഗ ചികിത്സ തേടി ചെന്നൈ, ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളിലേക്ക് മലയാളികള്‍ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ധനികര്‍ക്ക് മാത്രമായിരുന്നു അങ്ങനെ സാധിച്ചിരുന്നത്. ആ സമയത്തും ഞാന്‍ ചിന്തിച്ചത് അതേ സൗകര്യങ്ങള്‍ കേരളത്തിലുണ്ടെങ്കില്‍ നല്ല ചികിത്സ നമുക്ക് ഇവിടെ നല്‍കാമല്ലോ എന്നാണ്. ഇടുക്കിയിലും കോട്ടയത്തും കാത്ത് ലാബ് സൗകര്യമുള്‍പ്പടെയുള്ള ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന് ആരംഭം കുറിച്ചത് ഞാന്‍തന്നെയാണ്. ഈ സ്ഥലങ്ങളിലും, പിന്നെ പരിയാരം മെഡിക്കല്‍ കോളേജിലുമൊക്കെ ഏറ്റവും മെച്ചപ്പെട്ട നൂതന ഹൃദ്രോഗ ചികിത്സാരീതി അവലംബിക്കാനായി പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
2002 ല്‍ കാര്‍ഡിയോളജിയില്‍ ഞാന്‍ ഫെല്ലോഷിപ്പ് എടുത്തത് ഇറ്റലിയിലെ ടൊറീനോ സര്‍വകലാശാലയില്‍ നിന്നുമാണ്. ഇപ്പോള്‍ ഏതാണ്ട് 24 വര്‍ഷം കഴിഞ്ഞു. ഇന്ന് ഭാരതത്തില്‍ സര്‍വസാധാരണമായി കാണുന്ന എല്ലാ ചികിത്സാ സങ്കേതങ്ങളും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്നേ അവര്‍ സ്വായത്തമാക്കിയിരുന്നുവെന്ന് ചിന്തിക്കണം. ആ സമയത്ത് വിദേശികളോടൊപ്പം അത് പരിശീലിക്കാന്‍ കഴിഞ്ഞുവെന്നത് എന്നിലെ ഹൃദ്രോഗ വിദഗ്ധനെ അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ സഹായിച്ചു. മാത്രമല്ല, പിന്നീട് ഭാരതത്തില്‍ മടങ്ങിയെത്തി പരിയാരം മെഡിക്കല്‍ കോളജിലും ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലിലും ഹൃദ്രോഗ വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ചികിത്സ തേടിയെത്തിയവര്‍ക്ക് ഇറ്റലിയില്‍ നിന്നും ഞാന്‍ പഠിച്ച ചികിത്സാരീതികള്‍ ഏറെ പ്രയോജനപ്പെടുകയും ചെയ്തു.
ഡോ. പ്രതാപ് ഒരു ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ്. പക്ഷേ പൊതുവെ അറിയപ്പെടുന്നത് വൃക്കരോഗികളുടെ രക്ഷകനായ കാര്‍ഡിയോളജിസ്റ്റ് എന്നാണ്. എങ്ങനെയാണ് അത്തരത്തിലൊരു പേര് വന്നത്?
അതിന് കാരണം സ്ഥിരമായി ചെയ്യുന്ന സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റികളാണ്. അതില്‍ ആദ്യത്തേത് സീറോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റിയെന്നും രണ്ടാമത്തത് സിടിഒ അഥവാ ക്രോണിക് ടോട്ടല്‍ ഒക്ലൂഷന്‍ ആന്‍ജിയോപ്ലാസ്റ്റിയെന്നും അറിയപ്പെടുന്നു. വൃക്ക രോഗികളില്‍ ഹൃദ്രോഗമുണ്ടായാല്‍, അവരെ ഡയാലിസിസിലേക്ക് തള്ളിവിടാതെ ഹൃദയവും വൃക്കകളും സംരക്ഷിക്കുന്ന നൂതന ചികിത്സാ രീതിയാണ് സീറോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി. അതായത് ഒരു വ്യക്തിക്ക് ഹൃദയധമനിയില്‍ ബ്ലോക്ക് ഉണ്ടായി ആ തടസ്സം നീക്കാന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍, ആ ബ്ലോക്ക് തിരിച്ചറിയാന്‍ രക്തക്കുഴലിലേക്ക് ഒരു ഡൈ (ഒരു പ്രത്യേക മഷി) കയറ്റും. ഈ ചികിത്സ ഒരു വൃക്ക രോഗിയില്‍ ചെയ്യേണ്ടിവന്നാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ഒന്നുകൂടി മോശമാക്കാനും, അതിന്റെ ഫലമായി ചിലപ്പോള്‍ രോഗി ഡയാലിസിസിലേക്ക് പോകേണ്ടതായും വരും. അതേസമയം, ഈ ഡൈ ഇല്ലാതെ ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ (സീറോ കോണ്‍ട്രാസ്റ്റ്) ആ വ്യക്തിയുടെ ഹൃദയവും വൃക്കകളും സംരക്ഷിക്കാന്‍ കഴിയും. ഇത്തരത്തില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സീറോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റികള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
രണ്ടാമത് സിടിഒ ആന്‍ജിയോപ്ലാസ്റ്റിയാണ്. ഹൃദയ രക്തധമനിയില്‍ ദീര്‍ഘകാലമായി 100 ശതമാനവും അടഞ്ഞിരിക്കുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുക എന്നതാണ് സിടിഒ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പറഞ്ഞ ആന്‍ജിയോപ്ലാസ്റ്റികളെല്ലാം നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളാണ്. അതുകൊണ്ട് തന്നെ, ഏറ്റവും പരിചയസമ്പന്നരായ ഒരു കാര്‍ഡിയോളജി ടീം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ സാധിക്കൂ. ഇപ്പോള്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഡോ. മനു, ഡോ. ബ്ലെസ്വിന്‍ ഉള്‍പ്പടെയുള്ളവര്‍, കാത്ത് ലാബ് സ്റ്റാഫ്സ് ഉള്‍പ്പെടുന്ന കാര്‍ഡിയോളജി ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടീമാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. രാജ്യത്തുതന്നെ സിടിഒക്കുള്ള ആന്‍ജിയോപ്ലാസ്റ്റികള്‍ ഏറ്റവും കൂടുതല്‍ ചെയ്തത് നമ്മുടെ മെഡിട്രീന ടീമാണ്.
എന്തൊക്കെ തരത്തിലുള്ള ചികിത്സാ സേവനങ്ങള്‍ മെഡിട്രീന കാര്‍ഡിയോളജി വിഭാഗത്തില്‍ ലഭ്യമാണ്?
ഏറ്റവും പ്രധാനപ്പെട്ടത് സീറോ കോണ്‍ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റിയും സിടിഒ ആന്‍ജിയോപ്ലാസ്റ്റിയും തന്നെയാണ്. ഇത് കൂടാതെ കാല്‍സ്യം ബ്ലോക്കുകളോ ഹൃദയത്തിലെ പ്രധാന രക്തധമനിയിലെ (ലെഫ്റ്റ് മെയിന്‍ ആര്‍ട്ടറി) ബ്ലോക്കുകളോ ഉള്ള ഹൃദ്രോഗികള്‍, ബൈപ്പാസിന് ശേഷവും ഹൃദയ രക്തധമനികളില്‍ ബ്ലോക്കുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള അതിസങ്കീര്‍ണ്ണ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി മെഡിട്രീന ആശുപത്രിയില്‍ പതിവായി ചെയ്തുകൊണ്ടിരിക്കുന്നു. കാല്‍സ്യം നിറഞ്ഞ ബ്ലോക്കുകള്‍ നീക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയായ അദറക്റ്റമി (റൊട്ടാബ്ലേഷന്‍ ആന്‍ഡ് ഓര്‍ബിറ്റല്‍), സ്പെഷ്യാലിറ്റി ബലൂണ്‍സ് (ഇന്‍ട്രാ വാസ്‌കുലര്‍ ലിതോട്രിപ്‌സി) തുടങ്ങിയ ചികിത്സാരീതികളും ഇവിടെ ലഭ്യമാണ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍ പലപ്പോഴും ആശങ്കയോടെ ഭയന്നുനില്‍ക്കുമ്പോള്‍, അവരെ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ രക്ഷപ്പെടുത്തുന്നതില്‍ അതിവിദഗ്ധരാണ് എന്റെ നേതൃത്വത്തിലുള്ള മെഡിട്രീന കാര്‍ഡിയോളജി ടീം. മാത്രമല്ല, ഒരേസമയം പ്രവര്‍ത്തിക്കുന്ന രണ്ട് കാത്ത് ലാബുള്‍പ്പടെ, ഏറ്റവും നൂതന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഡിട്രീനയില്‍ പെരിഫെറല്‍ ആന്‍ജിയോപ്ലാസ്റ്റി സേവനവും, 24/7 വിദഗ്‌ദ്ധ കാര്‍ഡിയോളജിസ്റ്റുകളുടെ സേവനവും ലഭ്യമാണ്.
കേരളത്തില്‍ കൊല്ലം, തിരുവനന്തപുരം, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ മെഡിട്രീന ഹോസ്പിറ്റല്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന് പുറത്തേക്ക് എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍?
നൂതന ഹൃദ്രോഗ ചികിത്സാ രീതികള്‍ പുതു തലമുറയിലെ കാര്‍ഡിയോളജിസ്റ്റുകളെ പരിശീലിപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തത്സമയ ആന്‍ജിയോപ്ലാസ്റ്റി കേസുകള്‍ ഞാന്‍ സ്ഥിരമായി നടത്താറുണ്ട്. സാധാരണക്കാര്‍ക്ക് ഹൃദ്രോഗ ചികിത്സയെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ലോകത്താദ്യമായി, 2015 ല്‍ കൊല്ലം മെഡിട്രീനയുടെ കാത്ത് ലാബില്‍ നിന്നും ലൈവ് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും, അത് തത്സമയം സ്വകാര്യ ചാനലിലൂടെ സംപ്രേഷണം ചെയ്യുകയുമുണ്ടായി. ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഹൃദ്രോഗ ചികിത്സ കൂടാതെ ഭാരതത്തിലും വിദേശത്തുമായി നടത്തിവരുന്ന കാര്‍ഡിയോളജി കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, വെബിനാറുകള്‍, റിസേര്‍ച്ച് പ്രോജക്റ്റുകള്‍, ലൈവ് കേസുകള്‍ അങ്ങനെ ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ ചുക്കാന്‍ പിടിക്കുന്നു. വിദേശികള്‍ക്കു വേണ്ടിയും നൂതന ഹൃദ്രോഗ ചികിത്സാരീതികള്‍ വിവിധ രാജ്യങ്ങളില്‍ പോയി പരിശീലിപ്പിക്കുന്നു. അത്തരത്തില്‍ പരിശീലനം നേടിയ നൂറുകണക്കിന് ചെറുപ്പക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച കാര്‍ഡിയോളജിസ്റ്റുകളായി പേരെടുത്തുവെന്നത് ഒരു ഗുരുനാഥനെന്ന നിലയില്‍ അഭിമാനമാണ്.
2013 മുതല്‍ ഇന്‍ഡോ – ജാപ്പനീസ് സിടിഒ ക്ലബ്ബിന്റെ കോഴ്സ് ഡയറക്ടറായി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്നാരും കടന്നു ചെല്ലാത്ത മാലിദ്വീപില്‍ പോലും 2016 ല്‍ കാത്ത് ലാബ് സൗകര്യമുള്‍പ്പടെയുള്ള കാര്‍ഡിയാക് സെന്റര്‍ ആരംഭിക്കുവാനും, നൂതന ഹൃദ്രോഗ ചികിത്സ അവരിലേക്ക് എത്തിക്കുവാനും എനിക്ക് സാധിച്ചു. ദേശീയ ഇന്റര്‍വെന്‍ഷണല്‍ കൗണ്‍സില്‍ ചെയര്‍മാനാകുന്ന ആദ്യ മലയാളി, ദേശീയ -അന്തര്‍ ദേശീയ കാര്‍ഡിയോളജി കോണ്‍ഫറന്‍സുകളില്‍ ഏറ്റവും കൂടുതല്‍ ലൈവ് കേസുകള്‍ ചെയ്ത മലയാളി ഇങ്ങനെ നിരവധി പദവികളിലെത്തി. ഏത് പദവിയിലായാലും നമുക്ക് ചില സാമൂഹ്യബാധ്യതകളുണ്ട്. ഹരിയാനയിലെ സിവില്‍ ആശുപത്രികളില്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ കാര്‍ഡിയാക് കാത്ത് ലാബ് ആരംഭിക്കുകയും, 50,000 രൂപ ചെലവില്‍, അന്‍പതിനായിരത്തിലധികം ആന്‍ജിയോപ്ലാസ്റ്റികള്‍ നടത്തുകയും ചെയ്തു. ആയുഷ്മാന്‍ ഭാരത് സ്‌കീമിനെക്കാള്‍ കുറഞ്ഞ തുകയിലാണ് ഇത്രയും കേസുകള്‍ അവിടെ ചെയ്തതെന്ന് ഓര്‍ക്കണം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ കൊണ്ടാകാം, നാഷണല്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡേറ്റ പ്രകാരം, തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തോളം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്ത സ്വകാര്യ ആശുപത്രി ശൃംഖല മെഡിട്രീനയാണ്. ഭാരതത്തിലെ ഏതെങ്കിലും സഹകരണ ആശുപത്രിയിലും ഇഎസ്‌ഐ ആശുപത്രിയിലും ആദ്യ ബലൂണ്‍ സര്‍ജറിക്ക് തുടക്കമിട്ട കാര്‍ഡിയോളജിസ്റ്റ് എന്ന നിലയിലും എനിക്കഭിമാനമുണ്ട്. ഏറ്റവും മെച്ചപ്പെട്ട ഹൃദ്രോഗ ചികിത്സ രാജ്യത്തെ ഏതു പാവപ്പെട്ടവരിലേക്കും എത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യവുമുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പത്തോളം ശാഖകളുടെ മാനേജ്മെന്റ്, ചികിത്സകള്‍, ഒപ്പം വിദേശ പര്യടനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു ഇതെല്ലം കൂടി?
ലോകത്ത് എല്ലാവര്‍ക്കും 24 മണിക്കൂറേ ഉള്ളു, എനിക്കും അതേയുള്ളൂ. ടൈം മാനേജ്മെന്റ്, കൃത്യനിഷ്ഠ, പാഷന്‍ ഇതെല്ലം കൂടി ചേരുമ്പോളാണ് നമുക്ക് ഒന്നിലേറെ കാര്യങ്ങള്‍ ആസ്വദിച്ചു ചെയ്യാന്‍ കഴിയുന്നത്. ഒരു സ്ഥാപനത്തിന്റെ ഉടമയ്‌ക്ക് ഏറ്റവും നല്ല ടീം അംഗങ്ങളെ അല്ലെങ്കില്‍ സ്റ്റാഫുകളെ കിട്ടുമ്പോളാണ് ആ സ്ഥാപനത്തിന് വളര്‍ച്ചയുണ്ടാകുന്നത്. ഭാഗ്യവശാല്‍ എനിക്കങ്ങനെയുള്ള സ്റ്റാഫുകളെയാണ് കിട്ടിയത്. ജീവനക്കാരെന്നതിനേക്കാള്‍ കുടുംബാംഗങ്ങളാണ് അവരോരുത്തരും എനിക്ക്. എല്ലാവരുടെയും സഹകരണത്തോടെയാണ് മെഡിട്രീന ഗ്രൂപ്പിപ്പോള്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മെഡിട്രീന ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സിഇഒ സഹധര്‍മ്മിണി ഡോ. മഞ്ജു പ്രതാപാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം കൊണ്ട് നമ്മുടെ ഗ്രൂപ്പിനുണ്ടായ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ എന്നോടൊപ്പം മഞ്ജുവിന്റെ കരങ്ങളുമുണ്ട്, തീരുമാനങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യവേ, ആ പദവി വേണ്ടെന്നു വെച്ചാണ് മഞ്ജു മെഡിട്രീനയുടെ അമരത്തേക്ക് വന്നത്. എന്റേതായ പാഷനുകളുമായി മുന്നോട്ട് പോകുവാന്‍ അതെന്നെ ഏറെ സഹായിച്ചു. പിന്നെ മക്കളും ഞങ്ങളുടെ അതേ പാതയിലാണെന്നത് മറ്റൊരു സന്തോഷം. മൂത്ത മകള്‍ ഡോ. ആര്യ പ്രതാപ് ഭുവനേശ്വര്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഉപരിപഠനം നടത്തുന്നു. മകന്‍ ആദിത്യ പ്രതാപ് തിരുനല്‍വേലി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ്.
അറിയപ്പെടുന്ന സ്വകാര്യ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍. ഒപ്പം മെഡിട്രീന ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തങ്ങളും. ഇതെങ്ങനെ ഒത്തുപോകുന്നു?
വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ്. എങ്കിലും ചോദിച്ചതുകൊണ്ട് ഇത് ആര്‍ക്കേലും പ്രചോദനമായാലോ എന്ന് കരുതി മാത്രം പറയാം. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്നാണ് എല്ലാ മതഗ്രന്ഥങ്ങളിലും പറയുന്നത്. എനിക്ക് കിട്ടുന്നതില്‍ നിന്നും ഒരു വിഹിതം ഞാന്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുവെന്ന് മാത്രം. ചികിത്സാ സഹായങ്ങള്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, ബഡ്‌സ് സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായി വരുന്ന ട്രെയിനിങ് ഉപകരണങ്ങള്‍, സ്വന്തമായി വീടില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ അങ്ങനെ നമ്മുടെ കണ്ണില്‍പ്പെടുന്ന അര്‍ഹരായവര്‍ക്ക് ഒരു കൈത്താങ്ങാവുക എന്നതാണ് മെഡിട്രീന ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഉദ്ദേശം. ചിലരെങ്കിലും പണമുള്ളതു കൊണ്ട് കൊടുക്കണമെന്നില്ല, അതിനൊരു മനസുണ്ടാവുക എന്നതാണ് പ്രധാനം.
സംഭാഷണം പൂര്‍ത്തിയാക്കി ഞങ്ങള്‍ ഇറങ്ങുമ്പോളും ആശുപത്രി വരാന്തയിലും ഓഫീസ് റൂമിനു പുറത്തും ധാരാളം ആളുകള്‍ കാത്തുനില്‍പ്പുണ്ട്. ചികിത്സയ്‌ക്കും മരുന്നിനുമുപരി ഈ ഡോക്ടര്‍ പകര്‍ന്നു നല്‍കുന്ന ആശ്വാസ വാക്കുകള്‍ക്കായി, ഒരുപാട് ഹൃദയങ്ങള്‍ സ്പര്‍ശിച്ച ആ ഡോക്ടറുടെ ഹൃദ്യമായ ഒരു പുഞ്ചിരിക്കായി, വേദനിക്കുന്ന സഹജീവികളെ എന്നും ചേര്‍ത്തുപിടിക്കുന്ന ആ കരസ്പര്‍ശനത്തിനായി. അതെ ഈ ഡോക്ടറും ഒരു മനുഷ്യനാണ്, അമാനുഷികതകളില്ലാത്ത, എന്നാല്‍ ദൈവത്തിന്റെ കരസ്പര്‍ശത്താല്‍ അനുഗ്രഹീതനായ ഒരു സാധാരണ മനുഷ്യന്‍.
















