
പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ വില വർദ്ധിപ്പിക്കുന്നത്. ഡീസൽ വിലയിൽ 54.9 ശതമാനവും പെട്രോൾ വിലയിൽ 42.7 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ നിരക്ക് അനുസരിച്ച് പാകിസ്ഥാനിൽ ഒരു ലിറ്റർ ഡീസലിന് 520.35 രൂപയും ($1.88) പെട്രോളിന് 458.40 രൂപയുമായി വില ഉയർന്നു.ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ മൂലം കഴിഞ്ഞ മാസവും പാകിസ്ഥാൻ ഇന്ധനവില 20 ശതമാനത്തോളം വർദ്ധിപ്പിച്ചിരുന്നു. പുതിയ വർദ്ധനവ് രാജ്യത്തെ പണപ്പെരുപ്പം ഇനിയും ഉയർത്തുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെയാണ് പാകിസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടത് തിരിച്ചടിയായി.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നിയന്ത്രണാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ധനവില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് പറഞ്ഞു. ധനമന്ത്രി മുഹമ്മദ് ഔറംഗസീബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.