
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ നടൻ ബോബി കുര്യൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കും. രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയാണ് പ്രതി ചേർക്കുക. സംഭവം മ റച്ചു വച്ചവരും കുടുങ്ങും. രഞ്ജിത് പിടിയിലാകുമ്പോൾ ബോബി കുര്യനും ഒപ്പമുണ്ടായിരുന്നു. സഹ സംവിധായിക ശാലിനിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
സംഭവം നടന്ന കാരവാൻ ഇതിനോടകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്യാരവാനിനുള്ളിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. നടൻ ബോബികുര്യനും സഹ സംവിധായിക ശാലിനിയും അറസ്റ്റിൽ നിന്നും രഞ്ജിത്തിന് ഒളിവിൽ പോകാൻ സഹായം നൽകിയെന്നാണ് എസ് ഐ ടി സംശയിക്കുന്നത്.
രണ്ട് അവധി ദിവസങ്ങൾ വരുന്നതിനാൽ ജാമ്യം കിട്ടുന്ന കാര്യങ്ങളടക്കം പ്രശ്നത്തിലാകുമെന്ന് മനസിലാക്കി അറസ്റ്റിൽ നിന്നും രക്ഷപ്പെടാനാണ് രഞ്ജിത്ത് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ബോബിയും ശാലിനിയും സംവിധായകനെ സഹായിച്ചുട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാനിരിക്കുന്നത്.
ജനുവരി 19നായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നിവവിൽ 15 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ് രഞ്ജിത്ത്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റ നിലപാട്. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, തടഞ്ഞുവയ്‌ക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പൊലീസ് കോടതിയിൽ വാദിച്ചു.