
ബാബുദിവാകരന് (ഇടത്ത്) പി.വി. ശ്രീനിജന് (നടുവില്‍) വി.പി. സജീന്ദ്രന് (വലത്ത്)
കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയാണ് കുന്നത്ത് നാട്. ഇതുവരെ .യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച കുന്നത്തുനാട് ഇക്കുറി എന്‍ഡിഎയിലേക്ക് ചായുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുന്ന പരിചയസമ്പന്നനായ ബാബു ദിവാകരന്‍ ഈ മണ്ഡലം സിപിഎമ്മിന്റെ പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുക്കുമെന്നാണ് പ്രവചനം.
കുന്നത്തുനാടിലെ എട്ട് ഗ്രാമപ്പഞ്ചായത്തുകളില്‍ നാല് പഞ്ചായത്തുകളില്‍ ട്വന്‍റി ട്വന്‍റി വിജയിച്ചിട്ടുണ്ട് എന്നതാണ് എന്‍ഡിഎയുടെ പ്രതീക്ഷ. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. തിരുവാണിയൂര്‍, ഐക്കരനാട്, കിഴക്കമ്പലം, പൂതൃക്ക പഞ്ചായത്തുകളിലാണ് ട്വന്‍റി ട്വന്‍റി വിജയിച്ചത്. ട്വന്‍റി ട്വന്‍റിയുടെ ശക്തികേന്ദ്രമായ ഈ മണ്ഡലത്തില്‍ ബിജെപിയുടെയും ബിഡിജെഎസിന്റെയും പിന്തുണ കൂടി ചേരുമ്പോള്‍ അത് വലിയൊരു വിജയം ബാബുദിവാകരന് സമ്മാനിക്കും എന്നാണ് കരുതപ്പെടുന്നത്. 35 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടും വാടകവീട്ടില്‍ കഴിയുന്ന സത്യസന്ധനായ ബാബു ദിവാകരനാണ് ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥിയെന്നും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ എല്ലാം ട്വന്‍റി ട്വന്‍റിയെ തോല്‍പിക്കാന്‍ ഡീല്‍ ഉണ്ടാക്കിയാലും ഇക്കുറി 50 ശതമാനം വോട്ടുകള്‍ നേടി ബാബു ദിവാകരന്‍ വിജയിക്കുമെന്നാണ് സാബു ജേക്കബ്ബ് മുന്നോട്ട് വെയ്‌ക്കുന്ന ആത്മവിശ്വാസം.
എല്ലാം മികച്ച ഇലക്ഷന്‍ എഞ്ചിനീയറിംഗ് ആണ് ഇക്കുറി കേരളത്തില്‍ നടന്നത്. ട്വന്‍റി ട്വന്‍റി എന്ന പുതിയൊരു പാര്‍ട്ടി എന്‍ഡിഎയിലേക്ക് വരികയും അവര്‍ക്ക് ധാരാളമായി സീറ്റുകള്‍ നല്‍കുകയും ചെയ്തിട്ടും എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അതിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തുവെന്നതാണ് ഇക്കുറി എന്‍ഡിഎയുടെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. കുന്നത്തുനാട് മണ്ഡലത്തിലും ട്വന്‍റി ട്വന്‍റിയും ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ഇഴയടുപ്പമാണ് ബാബു ദിവാകരന്റെ കുതിപ്പിന് അടിത്തറയൊരുക്കുന്നത്.
പി.വി. ശ്രീനിജന്‍ ആണ് അവിടുത്തെ ഇടത് സ്ഥാനാര്‍ത്ഥിയെങ്കില്‍ സ്ഥിരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി.പി. സജീന്ദ്രന്‍ ആണ് ഇക്കുറിയും മത്സരിക്കുന്നത്.
യുഡിഎഫ് മണ്ഡലമായിരുന്ന കുന്നത്തുനാടിനെ 2021ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിടിച്ചെടുത്തു കൊടുക്കുകയായിരുന്നു പി.വി. ശ്രീനിജന്‍. യുഡിഎഫിന് വേണ്ടി വി.പി. സജീന്ദ്രന്‍ 2011ലും 2016ലും തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് കുന്നത്തുനാട്. എന്നാല്‍ 2021ല്‍ ട്വന്‍റി ട്വന്‍റി എന്ന സാബു ജേക്കബ്ബിന്റെ തെരഞ്ഞെടുപ്പ് ഗോദായില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുകയും നല്ലൊരു ശതമാനം വോട്ട് പിടിച്ചെടുക്കുകയും ചെയ്തതാണ് പി.വി. ശ്രീനിജന്റെ വിജയത്തിന് വഴിയൊരുക്കിയത്. . 2021ല്‍ 2717 വോട്ടിനാണ് പി.വി. ശ്രീനിജന്‍ ജയിച്ചത്. ശ്രീനിജന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് അന്ന് ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയായ ഡോ. സുജിത് പി സുരേന്ദ്രന്‍ പിടിച്ച 41,890 വോട്ടുകളാണ്.
എംഎല്‍എ ആയതിന് ശേഷം സാബു ജേക്കബ്ബിനെയും അദ്ദേഹത്തിന്റെ കമ്പനിയായ കിറ്റെക്സിനെയും വേട്ടയാടിയ എംഎല്‍എ ആയിരുന്നു ശ്രീനിജന്‍. മണ്ഡലത്തിന്റെ വികസനത്തേക്കാള്‍ ട്വന്‍റി ട്വന്‍റിയെ ഇല്ലാതാക്കുക എന്നതായിരുന്നു ശ്രീനിജന്റെ പ്രഥമ അജണ്ട എന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു ഇവിടുത്തെ കാര്യങ്ങള്‍ നീങ്ങിയത്. ഇരുമ്പുമുഷ്ടിയുള്ള പിണറായിയുടെ പിന്തുണ കൂടി കിട്ടിയതോടെ ഒരു തരം പ്രതികാരബുദ്ധിയോടെയാണ് സിപിഎം ഇവിടെ കരുക്കള്‍ നീക്കിയത്. ഇത് ഇവിടെ വലിയ സംഘട്ടനത്തിലേക്ക് നയിക്കുകയും ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ മരിക്കുകയും കൂടി ചെയ്ത സംഭവം ഉണ്ടായി. ഒരു പക്ഷെ കേരളത്തില്‍ തുടങ്ങാനിരുന്ന കോടികളുടെ കുട്ടികളുടെ ഉടുപ്പു നിര്‍മ്മാണ ഫാക്ടറി തെലുങ്കാനയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സാബു ജേബ്ബക്കിനെ പ്രേരിപ്പിച്ചതു പോലും സിപിഎമ്മിന്റെ ഈ വേട്ടയാടല്‍ മൂലമായിരുന്നു. പിന്നീട് സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് ട്വന്‍റി ട്വന്‍റിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നിട്ടും 2026ലെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകള്‍ ട്വന്‍റി ട്വന്‍റി പിടിച്ചു. 2500 രൂപയുണ്ടെങ്കില്‍ പച്ചക്കറിയും പലചരക്കുംവാങ്ങി സാധാരണ കുടുംബത്തിന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം വരെ സാബു ജേക്കബ്ബ് ഇവിടെ ഉണ്ടാക്കിക്കൊടുത്തിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ ഈ അനുഭവത്തിന്റെ പുറത്താണ് ട്വന്‍റി ട്വന്‍റിക്ക് വോട്ട് ചെയ്തത്.
ഫസ്റ്റ് ടൈം എംഎല്‍എയും യുവാവുമായ പി.വി. ശ്രീനിജന് പല തെരഞ്ഞെടുപ്പ് വിശകലന ഏജന്‍സികളും ഇക്കുറി വളരെ കുറഞ്ഞ മാര്‍ക്കാണ് കൊടുത്തിരിക്കുന്നത്. 2011ലും 2016ലും തുടര്‍ച്ചയായി ഭരിച്ചിട്ടും കുന്നത്തുനാടിന് വലിയ വികസനമൊന്നും നേടിക്കൊടുക്കാന്‍ വി.പി. സജീന്ദ്രന് അയിട്ടില്ല. ഇത് യുഡിഎഫിന്റെ സാധ്യത ഇല്ലാതാക്കുന്നു. കുന്നത്തുനാട് മണ്ഡലം പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കിണഞ്ഞുശ്രമിക്കുമ്പോള്‍ അതിനേക്കാള്‍ ഒരു മുഴം മുമ്പേ കുതിയ്‌ക്കുകയാണ് എന്‍ഡിഎ.