
പാലക്കാട്: ജയ് കേരളം..വികസിത കേരളം എന്റെ പ്രിയപ്പെട്ട സഹോദരി സഹാദരങ്ങളെ വിനീതമായ നമസ്‌കാരം എന്ന് തുടങ്ങിക്കൊണ്ടാണ്് പ്രധാനമന്ത്രി കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. കസവ് മുണ്ടും വെള്ളഷര്‍ട്ടും കഴുത്തില്‍ ഷാളുമണിഞ്ഞ് മലയാളിത്തനിമയിലാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അദ്ദേഹത്തിന് ഉജ്ജ്വലവരവേല്‍പ്പാണ് നല്‍കിയത്. കല്പാത്തി വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമിയെ പ്രണമിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
കേരളത്തില്‍ മാറ്റം തുടങ്ങിയെന്നും ,കേരളം മാറ്റത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. എന്‍ഡിഎയ്‌ക്കുള്ള ജനപിന്തുണയും ബിജെപിയോടുള്ള വിശ്വാസവും വര്‍ധിച്ചിരിക്കുകയാണ്. കേരളത്തിന്റെ മൂഡ് ഒരു മൂവ്മെന്റ് ആയി മാറി. ഇന്ന് കേരളത്തിലെ യുവജനതയുടെ വിശ്വാസം എന്‍ഡിഎയിലാണ്. സ്ത്രീകളുടെയും കര്‍ഷകരുടെയും സ്നേഹവും എന്‍ഡിഎയോടാണ്. ഈമാറ്റത്തിന് കാരണം കേരളത്തിലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ കഠിനപ്രയത്നമാണ്.
ബിജെപിയെ വളര്‍ത്തുന്നതിനായി ബലിദാനികളായ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു. പാലക്കാടിന്റെ പ്രകൃതി സൗന്ദര്യം വര്‍ണിച്ച മോദി, ഇവിടെ പ്രകൃതിയുടെ അത്ഭുത സൗന്ദര്യവും കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവുമുണ്ടെന്നും പറഞ്ഞു.
ഇത് പ്രതിഭകളുടെയും കഠിനാദ്ധ്വാനികളുടെയും നാടാണ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയുടെ കവാടമാണ് പാലക്കാടെന്നും കല്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വാരണാസിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മഹാന്മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ മോദി തന്റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചു. ‘ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, ചവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എന്നീ മഹാ തേജസ്വികളെ ഞാന്‍ പ്രണമിക്കുന്നതായും അദ്ദേഹം പറഞ്ഞു.