RSS: 100 years of National Resurgence (ആര്‍എസ്എസ്: ദേശീയ പുനരുജ്ജീവനത്തിന്റെഒരുനൂറ്റാണ്ട്) എന്ന പുസ്തകം ആര്‍എസ്എസിന്റെ ശതാബ്ദിവേളയില്‍ രചിക്കപ്പെട്ട ഒരു ചരിത്രഗ്രന്ഥമാണ്. ഈ പ്രസ്ഥാനത്തെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഒരു പഠനമാണിത്. വാദപ്രതിവാദമല്ല, സമഗ്രവും സന്തുലിതവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു വിവരണം നല്‍കുക എന്നതാണ് രചയിതാവിന്റെ പ്രഖ്യാപിത ലക്ഷ്യം. ആര്‍എസ്എസിനെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ പലപ്പോഴും തര്‍ക്കത്തിലാകുകയും, ചിലപ്പോള്‍ പക്ഷപാതപരമാവുകയും ചെയ്യുന്ന ഒരു ബൗദ്ധിക കാലാവസ്ഥയില്‍, എഴുത്തുകാരന്‍ തന്റെ കൃതിയെ തര്‍ക്കങ്ങള്‍ക്കിടയിലുള്ള ഒരു പാലമാക്കി മാറ്റുന്നു. രേഖാമൂലമുള്ള ചരിത്രവും സത്യസന്ധമായ പ്രതിഫലനവും ഉപയോഗിച്ച് സംഘടനയുടെ പരിണാമം, തത്ത്വചിന്ത, സാമൂഹിക ഇടപെടലുകള്‍ എന്നിവയെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നു. സുധീര്‍ കുമാര്‍ ഇ.എസ്, സുധീര്‍ നീരേറ്റുപുറം എന്നീ പേരുകളില്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളയാളാണ് ഗ്രന്ഥകാരന്‍.
ഇന്ത്യയില്‍ പൊതുവ്യവഹാരത്തിന് രൂപംനല്‍കിയതും രൂപപ്പെടുത്തിയുകൊണ്ടിരിക്കുന്നതുമായ സങ്കീര്‍ണ്ണമായ ഒരു സാംസ്‌കാരിക പ്രസ്ഥാനവുമായി ഇടപഴകാന്‍ ഈ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നു. 21 അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകം, ആര്‍എസ്എസിന്റെ വിശാലമായതും എന്നാല്‍ കേന്ദ്രീകൃതവുമായ പര്യവേക്ഷണം സാധ്യമാക്കുന്ന ഒരു ഘടനയാണ് സ്വീകരിച്ചിട്ടുള്ളത്. സംഘടനയുടെ ഉത്ഭവം, അതിന്റെ വഴികാട്ടിയായ ഹിന്ദുത്വ ലോകവീക്ഷണം, ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ മുതല്‍ ഡോ. മോഹന്‍ ഭാഗവത് വരെയുള്ള അതിന്റെ നേതൃത്വം എന്നിവയെക്കുറിച്ച് വിവരിക്കുന്നു. സംഘത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍, അതിന്റെ അതുല്യമായ സ്ഥാപനമാതൃക എന്നിവയെ മുന്‍നിര്‍ത്തി, മാറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ സാഹചര്യത്തില്‍ സഞ്ചരിക്കുമ്പോള്‍ സംഘടന എങ്ങനെ ഒരു സ്ഥിരതയുള്ള ഐഡന്റിറ്റി നിലനിര്‍ത്തിയെന്ന് ഗ്രന്ഥം പരിശോധിക്കുന്നു.
വിവാദങ്ങളോടുള്ള സംഘത്തിന്റെ പ്രതികരണങ്ങളിലും അതിന്റെ സാമൂഹിക ഇടപെടലുകളിലും സംഘടനാ അച്ചടക്കത്തിലും ഈ ഗ്രന്ഥം പ്രത്യേക ഊന്നല്‍ നല്‍കുന്നു. ദേശീയത, നാഗരികത, പൊതുസേവനം എന്നിവയെക്കുറിച്ചുള്ള വിശാലമായ സംവാദങ്ങളില്‍ ആര്‍എസ്എസിനെ സ്ഥാനപ്പെടുത്തുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായും വിവിധ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായും ആര്‍എസ്എസിന്റെ പാതയെ താരതമ്യം ചെയ്യുകയും, അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സംഘടനയുടെ പങ്ക്, വിഭജനത്തിന്റെ ആഘാതം തുടങ്ങിയവ വിലയിരുത്തുന്നു.
പ്രാര്‍ത്ഥന, വിശ്വവീക്ഷണം മുതല്‍ നേതൃത്വവും സ്ഥാപനപരമായ പ്രയോഗവും വരെ ഇതിലുള്‍പ്പെടുന്നു. കൃതിയുടെ ഒരു സവിശേഷത രചയിതാവിന്റെ പ്രത്യേക പശ്ചാത്തലമാണ്. ആര്‍എസ്എസ് പ്രചാരക് എന്ന നിലയില്‍ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനവും, ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ വൃത്താന്തത്തിന്റെ പത്രാധിപത്യവും ചേര്‍ന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് ആഴത്തിലുള്ള പരിചയം സുധീര്‍കുമാര്‍ നല്‍കുന്നു. സംഘടനയുമായി നേരിട്ട് ബന്ധമില്ലാത്ത വായനക്കാരെ വിഷയത്തെക്കുറിച്ച് അറിയാന്‍ ഈ പുസ്തകം സഹായിക്കും.
ആര്‍എസ്എസിനെ സംബന്ധിച്ചുള്ള വിവാദങ്ങളെയും സംവാദങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉള്ളടക്കത്തിന്റെ ഭാഗമാണ്. ചരിത്രപരമായ ഒരു വിഷയത്തെ സാധാരണ വായനക്കാര്‍ക്ക് മനസ്സിലാക്കാവുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും തത്ത്വചിന്തകനും എഴുത്തുകാരനും പ്രജ്ഞാപ്രവാഹിന്റെ ദേശീയ കണ്‍വീനറുമായ ജെ. നന്ദകുമാറാണ്. ആര്‍എസ്എസിനെക്കുറിച്ചുള്ള ഈ ചരിത്ര പുസ്തകത്തിന്റെ ആധികാരികതയും വിശ്വാസ്യതയും ഇത് വ്യക്തമാക്കുന്നു.
‘ആര്‍എസ്എസ്: ദേശീയപുനരുജ്ജീവനത്തിന്റെ 100 വര്‍ഷങ്ങള്‍’ ഇന്ത്യന്‍ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള സാഹിത്യത്തിന് അര്‍ത്ഥവത്തായതും അഭിലഷണീയവുമായ സംഭാവനയാണ്. ആര്‍എസ്എസിന്റെ ഒന്നാം നൂറ്റാണ്ടിന്റെ വിശദമായ ഒരു ചിത്രം ഇത് വാഗ്ദാനം ചെയ്യുന്നു. ഒരേസമയം വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ ഒരു ആഖ്യാനം അവതരിപ്പിക്കുന്നു.
ആര്‍എസ്എസിനെ ഭാവത്മകമായും വിമര്‍ശനാത്മകമായും അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ധൈര്യമായി ഈ ഗ്രന്ഥത്തെ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്.
RSS: 100 years of National Resurgence
സുധീര്‍ കുമാര്‍ ഇ.എസ്
ഇന്‍ഡസ് സ്‌ക്രോള്‍. വില 599/
മൊബൈല്‍: 95623 27962
















