കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദനാ!
നിന്റെ ഗീതാധിപത്യം ജയിക്കണേ,
ദുഃഖിത മര്‍ത്ത്യലോകത്തിനാകെ നിന്‍
നന്മൊഴി കര്‍മ്മവീര്യം പകരണേ!
ദുഷ്ടശക്തികള്‍ നാടു ഭരിക്കവേ,
ദുഷ്ടത നാട്ടിലെങ്ങും പെരുകവേ,
ശിഷ്ടരായ ജനങ്ങള്‍ നിരന്തരം
കഷ്ടതകളാല്‍ വാടിത്തളരവേ,
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദനാ
പാഞ്ചജന്യം മുഴക്കി നീയെത്തണേ!
സത്യധര്‍മ്മങ്ങളെങ്ങും പുലരണേ,
നിത്യനിര്‍മ്മല ശാന്തി തെളിയണേ,
ഏതു ദുഃഖവും സംഗീതമാക്കിടും
നിന്‍മുരളികാഗീതം ശ്രവിക്കണേ!
കൃഷ്ണ! കൃഷ്ണ! മുകുന്ദ ജനാര്‍ദ്ദനാ
സജ്ജനാനന്ദ വര്‍ദ്ധക! കേശവ!
അര്‍ത്ഥകാമ കോപാധികള്‍ മാറണേ,
ശുദ്ധജീവിതം സാധ്യമാക്കീടണേ,
സ്‌നേഹ കാരുണ്യ വാത്സല്യധാരയാല്‍
മാനസങ്ങളില്‍ മോദം വളരണേ!
ഞാനുയര്‍ന്നവന്‍ താഴ്ന്നവനെന്നതും
ഞാന്‍ മഹാശക്തി ശാലിയെന്നുള്ളതും
മാറണം, സമഭാവനയാലഹം
നിന്നില്‍ നിര്‍ഭരമാകണേ ഗോവിന്ദാ!
സര്‍വ്വഭൂതസ്ഥമാത്മാന, മാത്മാനം
സര്‍വ്വഭൂതം, ഹൃദി ഹൃദി തോന്നണേ! *
ദുഃഖിതമര്‍ത്ത്യലോകത്തിനാകെ നിന്‍
നന്മൊഴി കര്‍മ്മവീര്യം പകരണേ!
ഭൂവിതില്‍ യോഗക്ഷേമം നിറയണേ,
കൃഷ്ണ! ഗീതാധിപത്യം ജയിക്കണേ!
* ഭഗവദ്ഗീത 6-29
(കഴിഞ്ഞ ദിവസം അന്തരിച്ച കവി അവസാനമായി പ്രസിദ്ധീകരണത്തിന് അയച്ചുതന്നത്)
















