
പത്തനംതിട്ട: അഴിമതിയില്‍ മുങ്ങിയ അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ നിഷേപിച്ച് ഒടുവില്‍ വഞ്ചിതയായ അടൂര്‍ കരുവാറ്റ സ്വദേശിനി ഗ്രേസിയോട് ബാങ്ക് ഭരണസമിതിയുടെ ചോദ്യം: ”നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ, പിന്നെന്തിന് പണം?” വര്‍ഷങ്ങളോളം സൗദി അറേബ്യയില്‍ അധ്വനിച്ചു സമ്പാദിച്ച പണത്തിന്റെ ഒരു വിഹിതമാണ് ബാങ്ക് മുന്‍ പ്രസിഡന്റ് പി. രവീന്ദ്രന്റെ നിര്‍ബന്ധ പ്രകാരം 2019ല്‍ ഇവിടെ നിക്ഷേപിച്ചത്.
വിവിധ അക്കൗണ്ടുകളിലായി 85 ലക്ഷം രൂപ ഗ്രേസി അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. ഇതിനിടെ ഗ്രേസിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്ന് അവര്‍ അറിയാതെ 30 ലക്ഷം രൂപ ബാങ്ക് അധികൃതര്‍ പിന്‍വലിച്ചു. അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ ഗ്രേസി ബാങ്കില്‍ എത്തിയപ്പോഴാണ് 30 ലക്ഷം ഇതിനകം പിന്‍വലിച്ചതായി അറിയുന്നത്. ആരാണ് പണം പിന്‍വലിച്ചതെന്ന ചോദ്യത്തിന് ഗ്രേസിയുടെ ഭര്‍ത്താവാണെന്നായിരുന്നു മറുപടി. തന്റെ പേരിലുള്ള നിക്ഷേപം എങ്ങനെ നോമിനി എന്ന നിലയില്‍ ഭര്‍ത്താവിന് പിന്‍വലിക്കാന്‍ കഴിയുമെന്ന ഗ്രേസിയുടെ ചോദ്യത്തിന് മറുപടി ലഭിച്ചില്ല. വിവരം അപ്പോള്‍ത്തന്നെ ഭര്‍ത്താവിനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്നു വ്യക്തമായി. തുടര്‍ന്നു ഗ്രേസി നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് അധികൃതരുടെ കള്ളി വെളിച്ചത്തായത്. പണത്തിനായി ഗ്രേസി പല തവണ ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും കിട്ടിയില്ല. പി. രവീന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയ ശേഷം പുതിയ പ്രസിഡന്റ് പൊന്‍ താമരപിള്ളയെ വിവരം ധരിപ്പിച്ചു.
ഒടുവില്‍ ബാങ്ക് ബോര്‍ഡ് യോഗത്തിനിടെ ഗ്രേസി നേരിട്ടെത്തി കാര്യങ്ങള്‍ വ്യക്തമാക്കി. അതോടെ എല്ലാ മാസവും മൂന്നു ലക്ഷം രൂപാ വീതം നല്‍കാമെന്ന് ബാങ്ക് ഭരണസമിതി എഴുതി നല്‍കി. ആദ്യ മാസം വാക്കുപാലിച്ചു. പിന്നീട് ഭിക്ഷപോലെ ഒരു ലക്ഷം, 75,000 എന്നിങ്ങനെയായി. ഇതുവരെ പല തവണകളായി 11 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനിടെ പക്ഷാഘാതം ബാധിച്ച ഭര്‍ത്താവിനെ സ്വാധീനിച്ച് നിക്ഷേപ സര്‍ട്ടിഫിക്കറ്റ് മടക്കി വാങ്ങാന്‍ രവീന്ദ്രനും സംഘവും ശ്രമിച്ചതായും ഗ്രേസി പറഞ്ഞു. സൗദി അറേബ്യയില്‍ ജോലി ചെയ്ത സമയം 16 ശസ്ത്രക്രിയകള്‍ക്ക് വിധേയയായ വ്യക്തിയാണ് താനെന്ന് ഗ്രേസി പറഞ്ഞു. യൗവ്വന കാലത്ത് അധ്വാനിച്ച പണം വാര്‍ദ്ധക്യ കാലത്ത് ഉപയോഗപ്പെടുമെന്നാണ് കരുതിയത്. ഇതിനായി ദേശസാല്‍ക്കൃത ബാങ്കില്‍ നിക്ഷേപിച്ച പണമാണ് നിര്‍ബന്ധത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങി അടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് മാറ്റിയതെന്നും അവര്‍ വെളിപ്പെടുത്തി.