
ഗുവാഹത്തി: ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദശകത്തിലെ സംസ്ഥാനത്തിന്റെ പുരോഗതി എടുത്തുകാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സാമൂഹ്യമധ്യമങ്ങളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
വിവിധ മേഖലകളിലെ വികസനം എന്‍ഡിഎയ്‌ക്കുള്ള പൊതുജന പിന്തുണ ശക്തിപ്പെടുത്തിയിട്ടുണ്ട്.
എന്‍ഡിഎ സര്‍ക്കാര്‍ വന്ന ശേഷം ആസാമില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പല മേഖലകളിലും വന്‍ വികസന മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൂടി ആസ്വദിക്കാന്‍ ആസാമിലെ ജനങ്ങള്‍ ഒരുങ്ങിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മേരാ ബൂത്ത് സബ്സേ മസ്ബൂത്ത് സംവാദ് – ആസാം’ സംരംഭത്തിന്റെ ഭാഗമായി മാര്‍ച്ച് 30ന് ഉച്ചയ്‌ക്ക് 1 മണിക്ക് നമോ ആപ്പില്‍ വെര്‍ച്വല്‍ റാലിയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരുമായും ആസാമിലെ ജനങ്ങളുമായും സംവദിക്കുമെന്നും മോദി അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആസാം ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി പ്രധാനമന്ത്രിയുടെ സന്ദേശം പുനഃപ്രസിദ്ധീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മെച്ചപ്പെട്ട കണക്റ്റിവിറ്റി മുതല്‍ പൈതൃക സംരക്ഷണം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് എല്ലാവരും ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അനുഭവിക്കുന്നുണ്ട്, വീണ്ടും എന്‍ഡിഎ സര്‍ക്കാരിനെ പൂര്‍ണഹൃദയത്തോടെ പിന്തുണയ്‌ക്കാന്‍ തയാറെടുക്കുകയാണ്, ശര്‍മ്മ പറഞ്ഞു.
മാര്‍ച്ച് 31ന് മോദി ആസാമില്‍ എത്തുമെന്നും ദിബ്രുഗഡില്‍ രാത്രി തങ്ങുമെന്നും ഏപ്രില്‍ 1ന് ധേമാജിയിലും ബെഹാലിയിലും തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.