
കടയ്‌ക്കാവൂര്‍ (തിരുവനന്തപുരം): ചിറയിന്‍കീഴില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ നാടകം പൊളിഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇന്ദിര ഗാരണ്ടി ബസ് യാത്ര എന്ന പേരില്‍, ഭരണം കിട്ടിയാല്‍ സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര എന്നതായിരുന്നു വാഗ്ദാനം. ഇതിന്റെ ഡെമോ എന്ന തരത്തില്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ ഒരു പ്രൈവറ്റ് ബസ് നിറയെ വനിതാ യാത്രക്കാരെയും കയറ്റി യാത്ര ആരംഭിച്ചു.
ഈ മേഖലയില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്ന ഒരു പ്രൈവറ്റ് യാത്രാ ബസില്‍ പ്രചരണ ബോര്‍ഡുകള്‍ പതിപ്പിച്ചായിരുന്നു യാത്ര. ആരും ടിക്കറ്റ് എടുത്തിരുന്നില്ല. കണ്ട് നിന്ന ചിലര്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി. ബസിന്റെ സര്‍വ്വീസ് നിര്‍ത്തിവെപ്പിക്കുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ചിറയിന്‍കീഴ് – കോരാണി റൂട്ടില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്ന ബസാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് യുഡിഎഫ് നടത്തിയത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.