
ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
ന്യൂദല്‍ഹി: നാനാത്വത്തില്‍ ഏകത്വത്തെ തിരിച്ചറിയാനുള്ള അസുലഭ അവസരവും വൈവിധ്യത്തില്‍ ഊന്നിയുള്ള ദേശീയതയുടെ തിരിച്ചറിവുമാണ് ജനോത്സവം എന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍.
ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളി മലയാളി ആകുന്നതും കേരളം കേരളമാകുന്നതും മാതൃഭാഷയ്‌ക്ക് ഒപ്പം അതുല്യവും അമൂല്യവുമായ പാരമ്പര്യ കലാസാംസ്‌കാരിക ധാരകളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്. ഓരോ മലയാളിയും അത് നിയോഗമോ ദൗത്യമോ ആയി ഏറ്റെടുക്കണം. കലാരൂപങ്ങള്‍ മലയാളികള്‍ക്ക് കേവലം കലാരൂപങ്ങള്‍ മാത്രമല്ല, തലമുറകളുടെ ആത്മാവും വിശ്വാസവും പ്രതിഫലിക്കുന്ന പൈതൃക സ്വത്വം കൂടിയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, നടന്മാരായ ജയറാം, ശങ്കര്‍, ജനം ടിവി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, എക്സി. ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍, മെന്റര്‍ എ. ജയകുമാര്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട്, ജനോത്സവം ചെയര്‍മാനും ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയറക്ടറുമായ കെ.ജി. സുരേഷ്, ദല്‍ഹി സര്‍ക്കാര്‍ അഡൈ്വസറും ജനോത്സവം ജനറല്‍ കണ്‍വീനറുമായ ജി. അശോക്കുമാര്‍, രാജീവ് അഞ്ചല്‍, ജനം ടിവി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ കേരളീയ കലാരൂപങ്ങള്‍ക്ക് പുറമെ ജയറാം നയിച്ച ഇലഞ്ഞിത്തറ മേളം, ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തശില്പം, ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്തം, കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവയും നടന്നു. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് ജനോത്സവം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ സാംസ്‌കാരിക തനിമ ദേശീയതലസ്ഥാനത്തും പ്രവാസലോകത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ജനോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. നടി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തം, എം. ജയചന്ദ്രനും കാവാലം ശ്രീകുമാറും ചേര്‍ന്നുള്ള സംഗീത കച്ചേരി, ഔസേപ്പച്ചനും ഹരിനാരായണനും ഒന്നിച്ചുള്ള മാസ്റ്റര്‍ ക്ലാസ്, ഇരട്ടതായമ്പക തുടങ്ങിയവ ഇന്നത്തെ പ്രധാന പരിപാടികളാണ്.