
സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)
ഏറ്റുമാനൂര്‍: കെഎസ് ആര്‍ടിസി ബസിന്റെ പടികളെക്കുറിച്ച് ആതിര ഡി നായര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. കേന്ദ്രസര്ക്കാരിന്റെ മാനദണ്ഡത്തില്‍പ്പെട്ടതാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും. ടിവി താരം സ്നേഹ ശ്രീകുമാര്‍ ആതിരയ്‌ക്ക് എതിരെ നടത്തിയ പരിഹാസത്തിന് ചുട്ടമറുപടിയായി മാറിയിരിക്കുകയാണ് ആതിര ഇപ്പോള്‍ ഈ വിഷയത്തില്‍ നല്കിയ വിശദീകരണം.
കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ പറഞ്ഞ ഒരു വീഡിയോ വലിയ വിവാദമായിരുന്നു. “365 ദിവസം റേഷൻ, മികച്ച വിദ്യാഭ്യാസം, ഗതാഗതം, കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചു.എല്ലാം നമുക്ക് തന്നുവല്ലേ, എല്ലാദിവസവും റേഷനും കിറ്റും ഒക്കെ കിട്ടി. ഇതൊക്കെ ആരാ തന്നത് എൽഡിഎഫ് അല്ലേ, കേരള സർക്കാര്‍ അല്ലേ തന്നത്. ആണോ, എന്നാൽ അല്ല. കേന്ദ്ര സർക്കാർ ആണ് ഇതെല്ലാം നമുക്കു വേണ്ടി ചെയ്തു തന്നത്” എന്നതായിരുന്നു ആതിരയുടെ പ്രസംഗം.
ഇതിനെ പരിഹസിച്ച് ടിവി താരം സ്നേഹ ശ്രീകുമാര്‍ നടത്തിയ കമന്‍റ് വൈറലായിരുന്നു. “ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നാണ് സ്നേഹ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുറിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്നേഹച്ചേച്ചിയ്‌ക്ക് തെറ്റുപറ്റിയെന്ന പ്രതികരണവുമായി വീണ്ടും ആതിര ഡി നായര്‍ രംഗത്ത് വന്നു. “”കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും എല്ലാം നിശ്ചയിക്കുന്നത്. ഇക്കാര്യം ഇപ്പോള്‍ സ്നേഹച്ചേച്ചിയ്‌ക്ക് മനസ്സിലായിക്കാണും. ജന്‍ റെം ബസ് ഉള്‍പ്പെടെ എല്ലാ ബസുകളുടെയും ഡിസൈനും പടിയുടെ ഉയരം, വീതി എന്നിവ രൂപകല്‍പന ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡപ്രകാരമാണ്. “- ഇതായിരുന്നു ആതിരയുടെ മറുപടി.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിപ്രകാരമാണ് നമുക്ക് റേഷന്‍ കടകളില്‍ അരി ലഭിക്കുന്നത്. കേരളസര്‍ക്കാര്‍ അത് വിതരണം ചെയ്യുന്നു എന്നേയുള്ളൂ. – റേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാനും ആതിര പറയുന്നു.
എന്തായാലും ഈ മറുപടിയോടെ ഏറ്റുമാനൂരില്‍ ആതിരയ്‌ക്ക് അനുകൂലമായി കയ്യടി ഉയരുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജെന്‍സീ താരമാണ് ആതിര ഡി നായര്‍. ബീഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ജെന്‍സീ താരമായ മൈഥിലി താക്കൂറിനോടാണ് ആതിര ഡി നായരെ ഉപമിക്കുന്നത്. മൈഥിലി താക്കൂര്‍ ഗായിക കൂടിയായിരുന്നു. ഇതുപോലെ താപ്പാനകളായ രാഷ്‌ട്രീയവടവൃക്ഷങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മുഖ്യധാരാമാധ്യമങ്ങല്‍ ആരും മൈഥിലി താക്കൂറിനെ ശ്രദ്ധിക്കുന്നില്ലായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു മൈഥിലി താക്കൂര്‍. ജെന്‍സീ തലമുറ ഒന്നടങ്കം പാര്‍ട്ടിനോക്കാതെയാണ് മൈഥിലി താക്കൂറിന് വോട്ട് ചെയ്തത്. ആതിര ഡി നായരെയും ആദ്യം എല്ലാവരും പരിഹസിച്ചിരുന്നെങ്കിലും മുഖ്യധാരാമാധ്യമങ്ങള്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ആതിര ഏറ്റുമാനൂരിലെ ജനങ്ങളുടെ പ്രതീക്ഷയായി വളരുകയാണ്.
ആതിര വെറും റീല്‍ താരമാണ് എന്ന് പറഞ്ഞ് പുച്ഛിച്ച മനോരമയോട് താന്‍ റിയല്‍ താരമാണ് എന്നായിരുന്നു ആതിര മറുപടി നല്‍കിയത്. വിജയിച്ചാല്‍ ഏറ്റുമാനൂരിലും കിഴക്കമ്പലം മോഡല്‍ നടപ്പാക്കും എന്നത് ആതിരയുടെ ഒരു വലിയ വാഗ്ദാനമാണ.് പച്ചക്കറികളും പലചരക്കും നിലവില്‍ കിട്ടുന്നതിനേക്കാള്‍ 50 ശതമാനം വിലക്കുറവില്‍ കൊടുക്കുന്ന പരീക്ഷണമായിരുന്നു കിഴക്കമ്പലത്ത് നടന്നത്. അതായത് അവിടെ പച്ചക്കറിക്കും പലചരക്കിനും ഒരുമാസം 2500 രൂപയുണ്ടെങ്കില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാം എന്നാണ് സ്ഥിതിയെന്നും ആതിര പറയുന്നു. ഇതിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരള സര്‍ക്കാരില്‍ നിന്നും പിടിച്ചുവാങ്ങി ഏറ്റുമാനൂര്‍കാര്‍ക്ക് വാങ്ങിക്കൊടുക്കമെന്നും ആതിര പറയുന്നു.