Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാള: സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ഒ.സി. രവി ഉള്‍പ്പടെ അമ്പതോളം പേര്‍ പാർട്ടി വിട്ടു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടി മേല്‍ഘടകങ്ങളും അമിതമായ ഇടപെടലും ഏകാധിപത്യ രീതികളും പാര്‍ട്ടിയില്‍ നേരത്തെ വിള്ളലുകള്‍ക്ക് ഇടയാക്കിയിരുന്നു.

ലോക്കല്‍ കമ്മിറ്റിയില്‍ പോലും യാതൊരുവിധ ചര്‍ച്ചകള്‍ക്ക് ഇടം കൊടുക്കാതെയുള്ള നടപടികളാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചതെന്നും രവി ആരോപിക്കുന്നു. പഞ്ചായത്ത് ഭരണത്തില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പോലും കൂടിയാലോചനകള്‍ക്ക് നേതൃത്വം തയാറായില്ലത്രേ. ഇതേ കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് പലകുറി പരാതികള്‍ പറഞ്ഞെങ്കിലും നടപടി ഉണ്ടാവത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നും ഒ.സി. രവി കൂട്ടിച്ചേര്‍ത്തു.

സിപിഐ മാള നേതൃത്വത്തിനെതിരെ ഇതിനു മുന്‍പും ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ സിപിഐ മാള മണ്ഡലം കമ്മിറ്റി അംഗമായിരുന്ന ഇ.കെ. അനിലന്‍ മുന്‍ജില്ലാ സെക്രട്ടറിക്കെതിരെയും മാള മണ്ഡലം ഭാരവാഹികള്‍ക്ക് എതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി ഉപേക്ഷിച്ചിരുന്നു. പാര്‍ട്ടിയിലെ ഇത്തരത്തിലുള്ള പടലപ്പിണക്കങ്ങള്‍ സിപിഐ നേതാവും കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ വി.ആര്‍. സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

വടക്കാഞ്ചേരിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു പുറകെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു. അഡ്വ: ടിഎച്ച് മുഹമ്മദ് ഷഫീക്കാണ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ച് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പി. എ.ന്‍ വൈശാഖ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത് പേയ്‌മെന്റ് സീറ്റ് വാങ്ങിയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ഷെഫീക്ക് ആരോപിച്ചു.

Recent Posts