Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

Published by
എഡിറ്റോറിയൽ ഡെസ്ക്

വ്യക്തതകളും ആശയക്കുഴപ്പങ്ങളും അവശേഷിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ യുദ്ധം സമാധാനത്തിനു വഴിമാറുകയാണ് എന്നതിന്റെ വ്യക്തമായ ചില സൂചനകള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു. അഞ്ചുദിവസത്തേക്ക് ആക്രമണം ഉണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ലോകരാജ്യങ്ങള്‍ ആശ്വാസത്തോടെയാണ് ശ്രവിച്ചത്. അമേരിക്കയും ഇറാനും ‘നല്ലതും ഫലപ്രദവുമായ’ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിക്കളഞ്ഞിരിക്കുകയാണെങ്കിലും ഈ ദിശയില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഇറാന്റെ വൈദ്യുത പദ്ധതികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ അവകാശവാദം എന്നത് ശ്രദ്ധേയമാണ്. ഇതുമായി സഹകരിക്കാന്‍ ഇപ്പോഴത്തെ നിലയ്‌ക്ക് ഇറാന്‍ നിര്‍ബന്ധിതമാണ്.

അടുത്തിടെ നടന്ന സംഭാഷണങ്ങള്‍ ശത്രുതകള്‍ പരിഹരിക്കാന്‍ വഴിയൊരുക്കുമെന്ന് പറഞ്ഞാണ് ട്രംപ് തന്റെ തീരുമാനം വിശദീകരിച്ചത്.

ഇറാന്റെ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ പരാമര്‍ശങ്ങളെ ‘മനശ്ശാസ്ത്ര യുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഗോള ഊര്‍ജ വിപണികളെ സ്വാധീനിക്കാനും സൈനിക നടപടികള്‍ക്ക് സാവകാശം നേടാനുമുള്ള ശ്രമമാണ് അമേരിക്കയുടേതെന്ന് കരുതുന്നവരുമുണ്ട്.

ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങളും ഇങ്ങനെയൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യുഎസ് ആക്രമണം വൈകിപ്പിച്ചതിനു കാരണം നയതന്ത്ര ശ്രമങ്ങളല്ല, ഇറാന്റെ സൈനിക നിലപാടും പ്രാദേശിക സംഘര്‍ഷ സാധ്യതകളും സൃഷ്ടിച്ച സമ്മര്‍ദ്ദമാണെന്ന് ഈ മാധ്യമങ്ങള്‍ പറയുന്നു.

അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് തുറന്നു സമ്മതിക്കാന്‍ അമേരിക്കയും ഇറാനും തയ്യാറാവാത്തത്. ഇരുപക്ഷങ്ങളുടെയും നിലപാടുകളില്‍ കാണുന്ന വൈരുദ്ധ്യം ഇനിയങ്ങോട്ട് അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം. യുദ്ധത്തില്‍ പങ്കാളിയായ ഇസ്രയേലിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ലോകം കടുത്ത യുദ്ധസമാന സാഹചര്യങ്ങളിലൂടെ കടന്നുപോ
കുകയാണെന്നും, സംഘര്‍ഷങ്ങള്‍ എല്ലാ മേഖലകളെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ മോദി, ഇത്തരമൊരു സാഹചര്യത്തില്‍ ഭാരതത്തിന്റെ നിലപാട് വളരെ പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും മാര്‍ഗത്തിലൂടെ യുദ്ധം എത്രയും വേഗം പരിഹരിക്കണമെന്ന നിര്‍ദ്ദേശം തുടക്കത്തില്‍ തന്നെ ഭാരതം മുന്നോട്ടുവച്ചിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും ഇങ്ങനെയൊരു നിലയിലേക്ക് അമേരിക്കയും ഇറാനും എത്തുന്നത് സ്വാഗതാര്‍ഹമാണ്. പ്രശ്‌നപരിഹാരം മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യത്തലവന്മാരുമായി പ്രധാനമന്ത്രി മോദി സംഭാഷണം നടത്തിയിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോകം പല പക്ഷങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഭാരതം അപൂര്‍വമായ ബന്ധങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. ഭാരതം എല്ലാ രാജ്യങ്ങളുടെയും പങ്കാളിയാണ്. നാം ആരുടെ പക്ഷത്താണെന്ന് ചിലര്‍ ചോദിക്കുന്നു. നാം ഭാരതത്തിന്റെ പക്ഷത്താണ്. നാം സമാധാനത്തിനും സംഭാഷണത്തിനും വേണ്ടി നില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കക്ഷിരാഷ്‌ട്രീയമല്ല, ദേശീയ താല്‍പ്പര്യമാണ് പ്രകടമാകുന്നത്. കൊവിഡ് മഹാമാരിക്കു ശേഷം വര്‍ഷംതോറും വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, ഭാരതീയരെ പരീക്ഷിക്കാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടില്ലെന്നും മോദി പറയുകയുണ്ടായി.140 കോടി പൗരന്മാരുടെ ആത്മവിശ്വാസം ഭാരതത്തെ എല്ലാ പ്രതിസന്ധികളും മറികടന്ന് മുന്നോട്ട് പോകാന്‍ സഹായിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

പശ്ചിമേഷ്യന്‍ യുദ്ധം മൂലം രാജ്യത്ത് ഊര്‍ജ പ്രതിസന്ധിയുണ്ടെന്നു വരുത്തിത്തീര്‍ത്ത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിപക്ഷത്തിന് മറുപടി നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ രാഷ്‌ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ അത് ദേശീയ താല്‍പ്പര്യത്തെ ബാധിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്നും, അന്ന് രാജ്യത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ അധികാരം നിലനിര്‍ത്തുന്നതിലായിരുന്നു ശ്രദ്ധയെന്നും മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ഓയില്‍ ബോണ്ടുകള്‍ പുറത്തിറക്കിയത് ചുണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുണ്ട്.

Recent Posts