
ന്യൂദല്‍ഹി: എൽപിജി സിലിണ്ടറുകളുടെ കാര്യത്തില്‍ ആശങ്കവേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും അവയെ വൈകാതെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സിലിണ്ടറുകള്‍ക്കായി അനാവശ്യമായി ഗ്യാസ് ഏജന്‍സികളില്‍ വിളിച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും കേന്ദ്രം പറഞ്ഞു.
ഹോർമൂസ് കടലിടുക്ക് കടന്ന് മൂന്ന് നാല് ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്ത് വൈകാതെ എത്തും. രണ്ട് എൽപിജി ടാങ്കറുകൾ ഈ ആഴ്‌ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും. 47600 മെട്രിക് ടൺ എൽപിജിയാണ് ജഗ് വസന്ത് എൽപിജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുകയാണ്. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ ശത്രുതകള്‍ മാറ്റിവെച്ച് സൗദിയും യുഎഇയും ശ്രമം തുടങ്ങിയിട്ടുണ്ട്. ദമാം – ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. ട്രംപും മൊജ്താബ ഖമേനിയും തമ്മില്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കാന്‍ സാധ്യതയുള്ളതായി പറയുന്നു. പക്ഷെ ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ആശങ്ക പരത്തുന്നുണ്ട്. ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേല്‍ ചൊവ്വാഴ്ചയും ആക്രമണം നടത്തി.