‘…കണ്ണീരും സ്വപ്നങ്ങളും
വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍
ഇന്നു നിന്റെ മന്ദിരത്തിന്‍
സുന്ദരമാം ഗോപുരത്തില്‍…’
(മനസ്വിനി-1968)
എം.എസ്. ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ പി. ഭാസ്‌കരന്റെ ഈ രചന ബാബുരാജ് തന്നെ തന്റെ ഗാനമേളകളില്‍ പാടിയിരുന്നു. അദ്ദേഹത്തിന്റെ ആരാധകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്. ബാബുരാജ് തന്നെ സംഗീതം നല്‍കി ആലപിച്ച പി. ഭാസ്‌കരന്റെ പ്രശസ്തമായ ഒരു വിഷാദഗാനമുണ്ട്.
”പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ
കെട്ടുകഴിഞ്ഞ വിളക്കിന്‍ കരിന്തിരി
കെട്ടിപ്പിടിച്ചു കരയുന്നതെന്തേ…”
(സുബൈദ- 1965)
സ്വജീവിതത്തിലെ വേദനകള്‍ പറിച്ചെടുത്ത് ബാബുരാജ് തീര്‍ത്ത വിഷാദഗാനങ്ങളില്‍ പലതും അനശ്വരമാക്കിയത് എസ്. ജാനകിയുടെ ശബ്ദമാണ്.
”ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞു ദേവന്‍
പാപിയെ വെളിയില്‍ത്തള്ളീയമ്പല-
ഗോപുരവാതിലടച്ചല്ലോ…”
(മനസ്വിനി- 1968)
ശോകഗാനങ്ങള്‍ പാടുമ്പോള്‍ ഗായകന്‍ അതിന്റെ ഭാവത്തിലും ലയത്തിലുമാണ് ശ്രദ്ധിക്കുക; ശ്രുതിയിലോ താളത്തിലോ അല്ല എന്ന് ഭാസ്‌കരന്‍ മാഷിന്റെ നിരവധി ശോകഗാനങ്ങളെ തന്റെ ശബ്ദംകൊണ്ട് അവിസ്മരണീയമാക്കിയ പ്രശസ്ത ഗായകന്‍ കെ.പി. ഉദയഭാനു അഭിപ്രായപ്പെട്ടിട്ടുണ്ട്. ബാബുരാജിന്റെ സംഗീതത്തില്‍ ഉദയഭാനു ശബ്ദം നല്‍കി പ്രശസ്തമാക്കി
അറുപതുകളിലെ ഗാനാസ്വാദകരെ കണ്ണീരണിയിച്ച ഒരു വിഷാദ ഗാനമുണ്ട്.
”ചുടു കണ്ണീരാലെന്‍ ജീവിതകഥ ഞാന്‍
മണ്ണിതിലെഴുതുമ്പോള്‍
കരയരുതാരും കരളുരുകി കരളുരുകി
കരയരുതേ വെറുതേ- ആരും
കരയരുതേ വെറുതേ…’
(ലൈലാ മജ്നു- 1962)
ബാബുരാജിനെപ്പോലെ വിഷാദത്തെ വികാരസാന്ദ്രമാക്കുന്ന വിരല്‍സ്പര്‍ശമാണ് എം.കെ. അര്‍ജുനന്റേതും. കറുത്ത പൗര്‍ണമി (1968) എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്റെ വരികള്‍ക്ക് ഈണമിട്ടുകൊണ്ടാണ് അര്‍ജുനന്‍ മാഷ് സിനിമയിലെത്തുന്നത്.
”ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥ പറയാം
തകരുമെന്‍ സങ്കല്‍പത്തിന്‍ തന്ത്രികള്‍ മീട്ടി
സരളമധുരമൊരു പാട്ടു പാടാം…”
(കറുത്ത പൗര്‍ണമി- 1968)
കരുണരസം കരകവിയും കഥ പറയാം എന്നു പാടിയ ചങ്ങമ്പുഴയെ പിന്തുടര്‍ന്ന് വന്ന കവികളിലെല്ലാം വിഷാദത്തിന്റെ വിലോലഭാവങ്ങള്‍ ഛായ പടര്‍ത്തിയിട്ടുണ്ട്. കെ. രാഘവന്റെ സംഗീത മാസ്മരികതയില്‍ വ്യത്യസ്തമായി മാറിയതാണ് ഭാസ്‌കരന്‍ മാഷിന്റെ ഈ വിലാപഗാനം.
”പാര്‍വണേന്ദുവിന്‍ ദേഹമടക്കി
പാതിരാവിന്‍ കല്ലറയില്‍
കരിമുകില്‍ കണ്ണീരടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി…”
(തുറക്കാത്ത വാതില്‍- 1970)
കണ്ണീരുപ്പുകലര്‍ന്ന ഭാവഗാനങ്ങള്‍ രചിച്ച തൂലികകൊണ്ടു തന്നെ പി. ഭാസ്‌കരന്‍ ചിരിയുടെ പാട്ടരങ്ങുകളും തീര്‍ത്തിട്ടുണ്ട്. ഹാസ്യം എഴുതിയപ്പോഴും താളാത്മകതയും ഭാവാത്മകതയും കൈവിട്ടില്ല.
”അമ്മായി അപ്പനു പണമുണ്ടെങ്കില്‍
സംബന്ധം പരമാനന്ദം
അമ്മായി അപ്പന്‍ പെഴയാണെങ്കില്‍
സംബന്ധം അസംബന്ധം”
(കളിത്തോഴന്‍- 1966)
”അരപ്പിരിയിളകിയതാര്‍ക്കാണ്
എനിക്കല്ല എനിക്കല്ല
എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം”
(ജീവിക്കാന്‍ അനുവദിക്കൂ- 1967)
”മീശക്കാരന്‍ കേശവനു ദോശ
തിന്നാനാശ
ദോശ വാങ്ങാന്‍ കാശിനായി
തപ്പി നോക്കി കീശ
കീശയിലും കാശില്ല- മേശയിലും കാശില്ല
പൈസയില്ലാതപ്പോളവനേറി
വന്നു വാശി…”
(മുത്തശ്ശി- 1971)
”കനകസിംഹാസനത്തില്‍
കയറിയിരിക്കുന്നവന്‍
ശുനകനോ വെറും ശുംഭനോ
പൊതുജനത്തെ കഴുതകളാക്കും
മധുപാന ചക്രവര്‍ത്തിയിവനല്ലോ…”
(അരക്കള്ളന്‍ മുക്കാല്‍കള്ളന്‍- 1974)
‘ഭാര്‍ഗവീനിലയ’ത്തിലെ (1964) ഗാനങ്ങള്‍ പി. ഭാസ്‌കരനെ ഗാനരചയിതാവെന്ന നിലയില്‍ പ്രശസ്തിയിലേക്കുയര്‍ത്താന്‍ വലിയ പങ്കു വഹിച്ചു. അതിലെ ജനപ്രീതി നേടിയ ഒരു ഗാനമാണ് എസ്. ജാനകി പാടിയ ”പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാലു കെട്ടി ഞാന്‍…”
ഇതേ ഗാനത്തിന് ഭാസ്‌കരന്‍ മാഷ് തന്നെ പില്‍ക്കാലത്ത് ഒരു പാരഡിയും എഴുതിയിട്ടുണ്ട്. (സംഗീതം: കെ.കെ. ആന്റണി, പാടിയത്: സി.ഒ. ആന്റോ).
”പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടു ഞാന്‍
കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടി ഞാന്‍
കരുവന്നൂര്‍ പുഴയുടെ അക്കരയക്കരെ…”
(ബാല്യപ്രതിജ്ഞ- 1972)
‘കരയുന്നോ പുഴ ചിരിക്കുന്നോ’ എന്ന പ്രശസ്ത ഗാനത്തിന് ഈണം പകര്‍ന്ന ബി.ഏ. ചിദംബരനാഥ് എന്ന സംഗീതജ്ഞനെ ഗാനപ്രേമികള്‍ക്കു മറക്കാനാവില്ല. അദ്ദേഹത്തിന്റെ സംഗീതത്തില്‍ അനശ്വരമായിത്തീര്‍ന്ന ഭാസ്‌കരന്‍ മാഷിന്റെ സുഷുപ്തിയുടെ ഗീതകമാണ്
‘…മന്ദമന്ദം നിദ്ര വന്നെന്‍
മാനസത്തിന്‍ മണിയറയില്‍
ചിന്ത തന്റെ പൊന്‍ വിളക്കിന്‍ തിരി താഴ്‌ത്തുന്നു – തിരി താഴ്‌ത്തുന്നു.’
(ചെകുത്താന്റെ കോട്ട 1967 )
മനസിന്റെ ദ്വാരപാലകന്മാര്‍ ഉറങ്ങി , മനസിലെ വിരുന്നുകാരായ ദു:ഖങ്ങള്‍ പിരിഞ്ഞു, ഇനി കിനാവിന്റെ താമരക്കൈ വിരല്‍ തഴുകട്ടെ എന്ന കവിഭാവന ചിദംബംരനാഥ് സംഗീതമാക്കിയത് നിദ്രാനുഭവത്തിന്റെ നൈസര്‍ഗികതയോടെയാണ്. ബോധത്തിന്‍ നിന്ന് അബോധത്തിലേക്ക് മനസ് മയങ്ങിവീഴുന്ന സുഷുപ്തിയുടെ സൂക്ഷ്മ സഞ്ചാരത്തെ സംഗീതമാക്കുകയാണ് ഈഗാനത്തില്‍ .മനസിന്റെ അറകളോരോന്നായി നിദ്ര മന്ദമന്ദം ആഗിരണം ചെയ്യുന്നതിന്റെ വിലോലഭാവം സംഗീതമാക്കിയ പ്രതിഭയാണ് ചിദംബരനാഥ് . ഇതു പോലൊരു ഗാനം – സുഷുപ്തിയുടെ സംഗീതാനുഭവം – മലയാളത്തിലെന്നല്ല മറ്റേതെങ്കിലും ഭാഷയിലുണ്ടോ എന്നത് സംശയമാണ്.
നിദ്രയുടെ മാനസഞ്ചാരങ്ങളെ സംഗീതശില്‍പമാക്കിയ ഭാസ്‌കരന്‍ – ചിദംബരനാഥ് പ്രതിഭാസംഗമത്തിന്റെ മറ്റൊരു അപൂര്‍വഗാനം കൂടിയുണ്ട്.
‘…നിദ്ര തന്‍ നീരാഴി നീന്തി കടന്നപ്പോള്‍
സ്വപ്‌നത്തിന്‍ കളിയോടം കിട്ടി
കളിയോടം മെല്ലെ തുഴഞ്ഞു ഞാന്‍
മറ്റാരും
കാണാത്ത കരയില്‍ ചെന്നെത്തി..’
(പകല്‍ക്കിനാവ്.1966)
കണ്ണീരും പുഞ്ചിരിയും കൊണ്ട് ആയിരക്കണക്കിന് പാട്ടുകളെഴുതിയ ഭാസ്‌കരന്‍ മാഷിന്റെ ചലച്ചിത്രഗാനങ്ങളില്‍ ചിലത് മലയാളത്തിലെ എണ്ണപ്പെട്ട കവിതകള്‍ തന്നെയാണ്. അതില്‍ ചിലതു മാത്രം കുറിക്കട്ടെ..
”അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം.”
(പരീക്ഷ- 1967)
”അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
ഊഴിയും സൂര്യനും വാര്‍മതിയും
ഇതില്‍ ഉയര്‍ന്നു നീന്തും ഹംസങ്ങള്‍…”
(വിത്തുകള്‍- 1971)
”ലോകം മുഴവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്‍ ഉറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ…”
(സ്നേഹദീപമേ മിഴി തുറക്കൂ- 1972)
പി. ഭാസ്‌കരന്റെ ഗാനങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് എന്ന് ഏവരാലും ഗണിക്കപ്പെട്ട ഒരു ഗാനകവിതയുണ്ട്.
”ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍വന്നൊളിച്ചിരുന്നു…”
(സ്ത്രീ- 1970)
മലയാളിയുടെ ഭാവുകത്വ ചക്രവാളങ്ങളെ വികസ്വരമാക്കിയ ഭാസ്‌കര പ്രതിഭയുടെ ഭാവഗാനങ്ങളെല്ലാം സുന്ദരരാഗങ്ങളായ് കേരള മനസ്സിന്റെ പൊന്നോടക്കുഴലില്‍ എന്നും നിറഞ്ഞിരിക്കും.
(പരമ്പര അവസാനിച്ചു)
















