ഇറാന് യുദ്ധത്തില്‍ തങ്ങളെ പിന്തുണയ്‌ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം വിമര്‍ശിക്കുകയും പരിഹസിക്കുകയുമാണ്. ട്രംപിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് കെമി ബേഡനോക്കിന്റെ പ്രതികരണം ‘തികച്ചും ബാലിശമാണ് ട്രംപിന്റെ പ്രവൃത്തി’യെന്നായിരുന്നു. സ്റ്റാര്‍മറുടെ കടുത്ത വിമര്‍ശകയാണെന്ന് താനെന്ന് എപ്പോഴും ആവര്‍ത്തിക്കുന്ന കെമി രാഷ്‌ട്രീയമല്ല, രാഷ്‌ട്രമാണ് വലുതെന്ന സന്ദേശമാണ് ഈ പ്രതികരണത്തിലൂടെ നല്‍കിയത്.
ഭാരതത്തിലേക്ക് വന്നാല്‍ സ്ഥിതി മറ്റൊന്നാണ്. പ്രധാനമന്ത്രിയെ മാത്രമല്ല ഭാരതത്തെത്തന്നെ അപമാനിച്ച പ്രസിഡന്റ് ട്രംപിന്റെ പക്ഷം ചേരുകയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാരതത്തിന്റേത് ‘ചത്ത സമ്പദ് വ്യവസ്ഥയാണെ’ന്ന് ട്രംപ് പരിഹസിച്ചപ്പോള്‍ അതിനെ ശരി വയ്‌ക്കുകയാണ് രാഹുല്‍ ചെയ്തത്. ഭാരതത്തിന് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ട്രംപ് അടിച്ചേല്‍പ്പിച്ചപ്പോള്‍ അമേരിക്കയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ രാഹുല്‍ മുന്നോട്ട് വന്നുമില്ല. റഷ്യന്‍ ഓയില്‍ ഇറക്കുമതി നിര്‍ത്താന്‍ ട്രംപ് ഭാരതത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയപ്പോഴും സര്‍ക്കാരിനെതിരെ വാളെടുക്കുകയാണ് രാഹുലും കോണ്‍ഗ്രസും ചെയ്തത്. ഇതിന് പുറമെയാണ് ദല്‍ഹിയില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇരച്ചു കയറി ലോകത്തിന് മുന്നില്‍ ഭാരതത്തെ നാണംകെടുത്തിയത്.
കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയക്കളി
ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിലും രാഷ്‌ട്രീയം കളിക്കുകയാണ് രാഹുലും കൂട്ടരും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമെന്ന നിലയിലും, 20 കോടിയിലധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായതിനാലും, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ അതീവ ഗൗരവത്തോടെയാണ് ഭാരതം കൈകാര്യം ചെയ്യേണ്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുകയും, കലാപങ്ങളില്ലാതെ ആഭ്യന്തര സാമൂഹിക-രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വിദേശ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുകയെന്ന മൂന്ന് പ്രധാന ഉത്തരവാദിത്തമാണ് ഭാരത സര്‍ക്കാരിന് നിവഹിക്കാനുള്ളത്. എന്നാല്‍, ലോകവും ഭാരതവും പ്രതിസന്ധിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ അതിനെ രാഷ്‌ട്രീയ ആയുധമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കോണ്‍ഗ്രസിന്റെ പരമോന്നത നേതാവ് സോണിയ ഗാന്ധി മാര്‍ച്ച് 3ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ് ‘ പത്രത്തിലെഴുതിയ ലേഖനത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമേനിയെ വധിച്ച ഇസ്രയേല്‍-അമേരിക്കന്‍ നടപടിയെ ഭാരത സര്‍ക്കാര്‍ അപലപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ കിരീടാവകാശിയായ രാഹുലാവട്ടെ കിട്ടിയ അവസരം രാഷ്‌ട്രത്തിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിടാന്‍ ഉപയോഗിക്കുകയാണ്. രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത് ശരിവയ്‌ക്കുന്ന തരത്തിലാണ് രാജ്യത്ത് പാചക വാതകവും വാഹന ഇന്ധനവുമില്ലെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ രാഹുല്‍ തന്നെ മുന്നോട്ടുവന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും വിദേശ നയത്തിന്റ പരാജയമാണെന്നും ദൃശ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ ആരോപിച്ചു. ‘പാര്‍ലമെന്റില്‍ നരേന്ദ്ര മോദിയെ കാണാനില്ല, രാജ്യത്ത് സിലിണ്ടര്‍ കാണാനില്ല’ എന്ന പേരില്‍ പാര്‍ലമെന്റ് പടിക്കല്‍ ധര്‍ണ നടത്തി.
‘മിഡില്‍ ഈസ്റ്റ് കത്തുന്നു, ഭാരതീയര്‍ കുടുങ്ങിക്കിടക്കുന്നു, എണ്ണയെക്കുറിച്ച് ഒരു സൂചനയുമില്ല. മോദി ജി, ട്രംപിന് മുന്നില്‍ വളയുന്നത് നിര്‍ത്തൂ’ എന്ന പേരിലും പാര്‍ലമെന്റിന് മുന്നില്‍ പ്രകടനം ആവര്‍ത്തിച്ചു. അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ വച്ച് ഇറാന്റെ യുദ്ധക്കപ്പല്‍ അമേരിക്ക തകര്‍ത്തപ്പോഴും പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നു, യുദ്ധം നമ്മുടെ അടുത്ത് വരെയെത്തിയെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്വയം നിര്‍ണയാവകാശം അടിയറവ് വച്ചുവെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ആരോപിച്ചു. എന്നാല്‍ തകര്‍ന്ന ഇറാന്‍ കപ്പലിന് ഭാരതം നേരത്തെ തന്നെ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍തന്നെ ഇത് സ്ഥിരീകരിച്ചു. എന്നാല്‍ വീണുകിട്ടിയ അവസരത്തില്‍ രാജ്യത്തെ മൂന്ന് കോടിയിലധികം വരുന്ന ഷിയ മുസ്ലീങ്ങളുടെ മതവികാരത്തെ സര്‍ക്കാരിനെതിരെ തിരിക്കാനും പാചക വാതകത്തിന്റെയും വാഹന ഇന്ധനത്തിന്റെയും പേരില്‍ ജനങ്ങളെ സര്‍ക്കാര്‍ വിരുദ്ധരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇറാന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് ഭാരതത്തിന്റെ ആഗോള താല്പര്യങ്ങള്‍ ബലികഴിക്കനും കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
കോണ്‍ഗ്രസിന്റെ ദേശവിരുദ്ധത
ഭാരതത്തിന്റെ വിദേശ ബന്ധങ്ങളെ തകിടം മറിക്കാനാണ് ഖമേനി യുടെ കൊലപാതകത്തെ അപലപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ വിമര്‍ശിച്ചാല്‍ ആ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകും. ഇതിനായി കാത്തിരിക്കുന്ന ചൈനയ്‌ക്കും പാകിസ്ഥാനും ആശ്വാസം നല്‍കുകയും ചെയ്യും. ഒരു കോടിയില്‍ അധികം വരുന്ന ഗള്‍ഫിലെ ഭാരത പ്രവാസികള്‍ക്കും അത് വലിയ തിരിച്ചടിയാകും. ഗള്‍ഫില്‍ മാത്രമല്ല ഇറാനിലും ഇസ്രയേലിലും അമേരിക്കയിലും ഭാരത പ്രവാസികളുണ്ട്.
ക്രൈസ്തവരുടെ ആത്മീയ നേതാവായ മാര്‍പ്പാപ്പ അന്തരിക്കുമ്പോള്‍ ഭാരതമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്താറുണ്ട്. അദ്ദേഹം വത്തിക്കാന്‍ ഭരണാധികാരികൂടിയാണ് എന്നതാണ് കാരണം. എന്നാല്‍ ഇസ്ലാമിക നിയമപ്രകാരം മാത്രം രാജ്യത്തിന്റെ പരമോന്നത നേതാവായ ഖമേനിയുടെ കൊലപാതകത്തെ അപലപിക്കുന്നത് ഓരോ രാജ്യത്തിന്റെയും താല്പര്യങ്ങള്‍ക്ക് അനുസൃതമായാണ്. കൊലപാതകത്തെ അപലപിച്ച ചൈനയുടെയും റഷ്യയുടെയും താല്പര്യമല്ല ഭാരതത്തിന്റേത്. പകരം ഇറാനിലെ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി എന്നിവരുമായി മികച്ച ബന്ധം മോദി സര്‍ക്കാര്‍ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇറാനിലെ മത നേതൃത്വത്തെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഭാരത സര്‍ക്കാരിനില്ല.
മാത്രമല്ല യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ധനക്ഷാമത്തെത്തുടര്‍ന്ന്് യൂറോപ്യന്‍ രാജ്യങ്ങള്‍, പാകിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളും വലയുമ്പോള്‍ ഭാരതത്തില്‍ ഇന്ധന ക്ഷാമമോ വിലക്കയറ്റമോ ഉണ്ടായിട്ടില്ല. ക്രൂഡ് ഉല്‍പാദിപ്പിക്കുന്ന അമേരിക്കയില്‍ പോലും വില വര്‍ദ്ധനവുണ്ടായി. ആവശ്യമായ ഇന്ധനത്തിന്റെ 90 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചിട്ടും ശക്തമായ രീതിയില്‍ ഭാരതത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുന്നത് കഴിഞ്ഞ ഒരു ദശാബ്ദമായി ഊര്‍ജ്ജ മേഖലയില്‍ രാജ്യം സ്വീകരിച്ച നയങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസ് ഭരണ കാലത്ത് സൗദി, യുഎഇ, ഇറാഖ്, ഇറാന്‍ തുടങ്ങിയ ഏതാനും ചില രാജ്യങ്ങളില്‍ നിന്നുമാത്രം ക്രൂഡ് ഓയില്‍ ഇറക്കുമതി നടത്തിയിരുന്ന ഭാരതം 40 ല്‍ അധികം രാജ്യങ്ങളിലേക്ക് അത് വൈവിധ്യവത്കരിച്ചു. കുറച്ചു രാജ്യങ്ങളെ മാത്രം ആശ്രയിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ഊര്‍ജ്ജ സുരക്ഷാ ഭീഷണി ഒഴിവാക്കാനും ബാഹ്യ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ഭാരതത്തിന് ഇതിലൂടെ സാധിച്ചു. എണ്ണയ്‌ക്കായി റഷ്യയെ കൂടുതലായി ആശ്രയിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധി ഉദാഹരണമാണ്.
സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ പുതിയ ഊര്‍ജ്ജ മേഖലകളിലും ഭാരതം ഇന്ന് മുന്നേറുന്നു. ഹോര്‍മൂസ് ഇടനാഴി അടച്ചിട്ടിട്ടും ഭാരതത്തില്‍ ഇന്ധന വിതരണം നിശ്ചലമാവാത്തതിന്റെ കാരണം ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, റഷ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ലഭ്യതയാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഭാരതത്തില്‍ നിന്ന് ഇന്ധനം ലഭിക്കുന്നു. ഭാരത സര്‍ക്കാര്‍ നടത്തിയ നയതന്ത്ര ഇടപെടലിന്റെ ഫലമായി ഹോര്‍മൂസ് ഇടനാഴി ഇറാന്‍ തുറന്നിരിക്കുകയാണ്. ഇതിലൂടെ 93,000 മെട്രിക് ടണ്‍ എല്‍പിജി ഇന്ധനവുമായി രണ്ട് കപ്പലുകള്‍ ഭാരത തീരത്തെത്തി. മറ്റ് 22 കപ്പലുകള്‍ കടത്തിവിടുന്നത്തിനുള്ള ചര്‍ച്ചയിലാണ് സര്‍ക്കാര്‍. അതേസമയം, ഇന്ധനം കടത്തി വിടുന്നത് ഇറാന്റെ ഔദാര്യമാണെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. സത്യത്തില്‍, ഹോര്‍മൂസ് കടലിടുക്ക് മോചിപ്പിക്കാന്‍ അമേരിക്കയ്‌ക്ക് ഒപ്പം ഭാരതം ചേരാത്തത്, ഇറാന് ഭാരതം നല്‍കുന്ന ഔദാര്യമാണ്. ഇനിയും ഭാരത കപ്പലുകളെ തടഞ്ഞാല്‍ അത്തരമൊരു നീക്കത്തിന് ഏതൊരു രാജ്യത്തിനും തീരുമാനമെടുക്കേണ്ടിവരും. ഇറാന്റെ സഖ്യ കക്ഷിയായ ചൈന പോലും ഇക്കാര്യത്തില്‍ ഇറാനൊപ്പമുണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം.
രാജ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെയും രാഷ്‌ട്രത്തിന്റെയും ശ്രമങ്ങളെ സഹായിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന് പകരം പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേര്‍ന്നു വ്യാജ പ്രചാരണം നടത്തുകയാണ് രാഹുലും സംഘവും. അത് അവസാനിപ്പിക്കുകയാണ് ഉത്തവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത്.
















