യോഗയെക്കുറിച്ചുള്ള ഏവരുടെയും കാഴ്ചപ്പാടില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വലിയ മാറ്റമാണു സംഭവിച്ചത്. മുമ്പ്, പരമ്പരാഗത ആരോഗ്യ പരിപാലനരീതിയായി മാത്രമാണു യോഗയെ കണ്ടിരുന്നത്. എന്നാലിപ്പോള്‍, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യസമീപനമെന്ന നിലയില്‍ യോഗ കൂടുതല്‍ അംഗീകരിക്കപ്പെടുന്നു. ശാസ്ത്രീയ ഗവേഷണങ്ങളും ഡിജിറ്റല്‍ നൂതനാവിഷ്‌കാരങ്ങളും ആഗോള സഹകരണവും യോഗയെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇന്ന് യോഗയെ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകമായി മാത്രമല്ല, മറിച്ച്, പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള കരുത്തുറ്റ ഇടപെടലായി കൂടിയാണു വിലയിരുത്തുന്നത്.
പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള (യോഗ) ലോകാരോഗ്യ സംഘടനയുടെ സഹകരണകേന്ദ്രമായി മൊറാര്‍ജി ദേശായ് ദേശീയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടിനെ (MDNIY) തെരഞ്ഞെടുത്തു. ഇത് 2025-29 കാലയളവിനായി വീണ്ടും അംഗീകരിക്കുകയും ചെയ്തു. ഇതിലൂടെ യോഗ ഗവേഷണരംഗത്ത് ഭാരതത്തിന്റെ നേതൃപരമായ പങ്ക് കൂടുതല്‍ കരുത്താര്‍ജിച്ചു. സാംക്രമികേതര രോഗങ്ങള്‍ക്കെതിരെ ശാസ്ത്രീയമായി തെളിയിച്ച യോഗ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ സ്ഥാപനത്തിനുള്ള വര്‍ധിച്ചുവരുന്ന പങ്ക് ഈ അംഗീകാരത്തില്‍ പ്രതിഫലിക്കുന്നു. ആയുഷ് മന്ത്രാലയം, ദല്‍ഹി എയിംസ്, ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളജ്, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍, ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് എന്നിവ ഈ ദൗത്യത്തിലെ പ്രധാന പങ്കാളികളാണ്.
ഈ സഹകരണങ്ങളിലൂടെ പ്രമേഹം, അമിതവണ്ണം, സമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ യോഗാധിഷ്ഠിത ഇടപെടലുകള്‍ നടത്തുന്നതിനുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ വികസിപ്പിക്കുകയും ഗവേഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു. അന്താരാഷ്‌ട്ര സംഘടനകളും ഈ പരിശ്രമങ്ങളില്‍ പങ്കാളികളാകുന്നു; ഇത് യോഗയുടെ ശാസ്ത്രീയ അടിത്തറയ്‌ക്കു കൂടുതല്‍ കരുത്തുപകരുകയും പ്രതിരോധാത്മക ആരോഗ്യ പരിരക്ഷയ്‌ക്കുള്ള ചെലവു കുറഞ്ഞതും ശാസ്ത്രീയ തെളിവുകളാല്‍ പിന്തുണയ്‌ക്കപ്പെടുന്നതുമായ മാര്‍ഗമെന്ന നിലയില്‍ യോഗയുടെ സാധ്യതകള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.
സ്ഥാപനതലത്തില്‍, യോഗയുടെ ശാസ്ത്രീയ അടിത്തറയ്‌ക്കു കരുത്തേകുന്ന പ്രവര്‍ത്തനങ്ങള്‍ MDNIY തുടരുകയാണ്. ഫിസിയോളജി, ബയോകെമിസ്ട്രി, ബയോമെക്കാനിക്‌സ്, സൈക്കോളജി തുടങ്ങിയ മേഖലകളിലെ ഗവേഷണ ലാബുകളിലൂടെ യോഗയുടെ ശാരീരിക-മാനസിക ഫലങ്ങളെക്കുറിച്ചും, വാര്‍ധക്യത്തിലും ജീവിതശൈലീരോഗങ്ങളിലും യോഗ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുന്നു. പരമ്പരാഗതമായ അറിവുകളെ ആധുനിക ശാസ്ത്രീയ പരിശോധനകളുമായി സംയോജിപ്പിക്കുന്നതില്‍ ഭാരതത്തിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ യോഗയുടെ വ്യാപനം കൂടുതല്‍ വര്‍ധിപ്പിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിശീലനങ്ങള്‍ വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്കു നേരിട്ടെത്തിക്കുകയും ചെയ്തു. ‘എം-യോഗ’ (mYoga) മൊബൈല്‍ ആപ്ലിക്കേഷന്‍, ‘വൈ-ബ്രേക്ക്’ (YBreak) രീതികള്‍ തുടങ്ങിയ സംരംഭങ്ങള്‍, യോഗയുടെ തനിമയും ചികിത്സാമൂല്യവും ചോര്‍ന്നുപോകാതെ വലിയ തോതില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വികസിപ്പിച്ച ‘എം-യോഗ’ പ്ലാറ്റ്ഫോം 1.1 ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്; ഇത് എളുപ്പത്തില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ആരോഗ്യസങ്കേതങ്ങളോടുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ജോലിസമയത്ത് 5-10 മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ലളിതമായ യോഗ പരിശീലനമായ ‘വൈ-ബ്രേക്ക്’ ഇതിനകം 33 ലക്ഷത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ഗുണകരമായിട്ടുണ്ട്.
ഈ സംരംഭങ്ങളില്‍ നിന്നുള്ള ഗവേഷണഫലങ്ങളും ഉപയോഗവിവരങ്ങളും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പതിവായുള്ള ‘വൈ-ബ്രേക്ക്’ പരിശീലനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാനസിക സമ്മര്‍ദ്ദം 40 ശതമാനം വരെ കുറയ്‌ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാനസിക ജാഗ്രത, വൈകാരിക ശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയിലെ പുരോഗതിയും കോര്‍ട്ടിസോള്‍ അളവു പോലുള്ള ശാരീരിക സൂചകങ്ങളിലെ ആശാവഹമായ മാറ്റങ്ങളും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരികമായ ഗുണങ്ങളില്‍ കഴുത്ത്, തോള്‍, നടുവേദന എന്നിവ കുറയുന്നതും ശ്വസന വ്യായാമങ്ങളിലൂടെ ശ്വസനക്ഷമത മെച്ചപ്പെടുന്നതും ഉള്‍പ്പെടുന്നു. ‘വൈ-ബ്രേക്ക്’ പദ്ധതി ജീവനക്കാരുടെ അവധി എടുക്കല്‍ നിരക്കു കുറയ്‌ക്കുന്നതിനും അവരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും സഹായിച്ചിട്ടുണ്ട്.
MDNIY-യും സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതിയും സംയുക്തമായി സംഘടിപ്പിച്ച ‘നാച്ചുറോപ്പതി ദേശീയ സമ്മേളനം 2026’-ല്‍ ശാസ്ത്രീയമായ സാധൂകരണത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയിരുന്നു. യോഗയെ ആധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനും കൃത്യമായ ആരോഗ്യഫലങ്ങള്‍ ഉറപ്പാക്കുന്നതിനും ഗവേഷണം, വിവിധ മേഖലകളുടെ സഹകരണം, കരുത്തുറ്റ ഡിജിറ്റല്‍ ഇടപെടല്‍ എന്നിവ അനിവാര്യമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 21-ലെ അന്താരാഷ്‌ട്ര യോഗ ദിനത്തിലേക്കുള്ള 100 ദിവസത്തെ കൗണ്ട്ഡൗണിനു ഇന്ന് തുടക്കമാവുകയാണ്. പുരാതന ചര്യ എന്നതിലുപരിയായി, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ആരോഗ്യ-ക്ഷേമ മാര്‍ഗമായി യോഗ എങ്ങനെ പരിണമിക്കുന്നു എന്നു ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. ഈ നൂറു ദിനങ്ങള്‍ യോഗാഭ്യാസം ആരംഭിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഓര്‍മ്മപ്പെടുത്തലായി മാറട്ടെ.











