ഓള്‍ ചൈന ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്റെ (എസിഎഫ്ടിയു) ക്ഷണപ്രകാരം ബിഎംഎസ് പ്രതിനിധി സംഘത്തോടൊപ്പമുള്ള ഞങ്ങളുടെ ചൈനാ സന്ദര്‍ശനം ജനുവരി 11 രാത്രി എട്ടു മണിക്കാണ് ആരംഭിച്ചത്. ബിഎംഎസ് അഖില ഭാരതീയ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യയുടെ നേതൃത്വത്തില്‍, ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെജി, ഉപാധ്യക്ഷ നീതാ ചോബേജി, സഹകോശാധ്യക്ഷന്‍ അനീഷ് മിശ്ര, ക്ഷേത്ര സംഘടനാ സെക്രട്ടറി സി. വി. രാജേഷ്, വിദര്‍ഭ പ്രദേശ് ജനറല്‍ സെക്രട്ടറി ഗജാനന്‍ ഗട്ട്ലേവാര എന്നിവരടങ്ങുന്ന ആറംഗ സംഘമായിരുന്നു ചൈനയിലേക്ക് വിമാനം കയറിയത്. ഭാരതത്തേക്കാള്‍ രണ്ടര മണിക്കൂര്‍ മുന്നിലായ ചൈനീസ് സമയം പുലര്‍ച്ചെ 4.30 ന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 മണി) ഞങ്ങള്‍ ഷാങ്ഹായ് വിമാനത്താവളത്തില്‍ ഇറങ്ങി. ശൈത്യത്തിന്റെ നേര്‍ത്ത പുതപ്പിനിടയിലൂടെ പുലരിയെ സ്വീകരിക്കാന്‍ എസിഎഫ്ടിയു പ്രതിനിധികളായ ലി യുഹാങ്, റേച്ചല്‍, ദൈച്ചിന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ചൈനാ സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥികളായതിനാല്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങളെല്ലാം അവര്‍ തന്നെ അതിവേഗം പൂര്‍ത്തിയാക്കി. വിഐപി വിശ്രമ മുറിയിലെ കാത്തിരിപ്പിനു ശേഷം, ഔദ്യോഗിക വാഹനത്തില്‍ ഒരു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഞങ്ങള്‍ ഗ്രാന്‍ഡ് മില്ലേനിയം ഷാങ്ഹായ് ഹോട്ടലിലെത്തി.യാത്രയുടെ ആദ്യ ദിനം ഷാങ്ഹായ് നഗരക്കാഴ്ചകള്‍ക്കായിരുന്നു നീക്കിവച്ചത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഗൈഡിന്റെ സഹായത്തോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. ആദ്യ ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന മ്യൂസിയം ആയിരുന്നു. തിങ്കളാഴ്ച മ്യൂസിയത്തിന് അവധിയാണെങ്കിലും ഞങ്ങള്‍ക്കായി അധികൃതര്‍ പ്രത്യേക അനുമതിയോടെ മ്യൂസിയം തുറന്നു തന്നു.
1864 ല്‍ ആരംഭിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബൃഹത്തായ ചരിത്രവും, ചൈന കൈവരിച്ച അവിശ്വസനീയമായ വികസനവും അവിടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ചൈനയുടെ രാഷ്‌ട്രീയ മുന്നേറ്റങ്ങള്‍ നൂതനമായ വീഡിയോ ദൃശ്യങ്ങളിലൂടെയും പ്രദര്‍ശനങ്ങളിലൂടെയും കണ്ടു. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു അത്.
പുതിയ ചൈനയും പൗരാണികതയും
ചൈനയുടെ സാമ്പത്തിക സിരാകേന്ദ്രമായ ഷാങ്ഹായ് നഗരം പഴയതെന്നും പുതിയതെന്നും രണ്ടു തട്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ടൗണ്‍ ആധുനികതയുടെ പര്യായമാണ്. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍, വിസ്തൃതമായ പാതകള്‍, വൃത്തിയുള്ള നടപ്പാതകള്‍ എന്നിവ നഗരാസൂത്രണത്തിന്റെ നേര്‍ചിത്രമായി നിലകൊള്ളുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യം എങ്ങനെ മുതലാളിത്ത ആഡംബരങ്ങളുടെ കേന്ദ്രമായി മാറി എന്നതിന്റെ വിസ്മയ കാഴ്ചയായിരുന്നു ആ നഗരം.
അതേസമയം, പഴയ ടൗണ്‍ അതിന്റെ പുരാതന ശില്‍പ്പഭംഗി ഇപ്പോഴും നിലനിര്‍ത്തുന്നു. നാം ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പൗരാണിക ചൈനീസ് കെട്ടിടങ്ങള്‍ ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വ്യാപാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ആധുനിക ബ്രാന്‍ഡുകളും പുരാതന വാസ്തുവിദ്യയും അവിടെ കൈകോര്‍ത്തു നില്‍ക്കുന്നു.
ഷാങ്ഹായ് വാക്കിങ് സ്ട്രീറ്റും നദീതീരവും സന്ദര്‍ശിച്ച ശേഷം രാത്രിയോടെ ഞങ്ങള്‍ ഒരു ബോട്ട് യാത്രയ്‌ക്കായി പുറപ്പെട്ടു. ഹുവാങ്പു നദിയിലൂടെയുള്ള ആ ക്രൂസ് യാത്രയില്‍ തന്നെയായിരുന്നു ഞങ്ങളുടെ അത്താഴവും. മൂന്ന് നിലകളുള്ള ആഡംബര ബോട്ടില്‍, തനതായ ചൈനീസ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ രുചിച്ചുകൊണ്ട് ഞങ്ങള്‍ നഗരക്കാഴ്ചകള്‍ ആസ്വദിച്ചു. രാത്രി എട്ടരയോടെ ബോട്ടിന്റെ മുകള്‍ത്തട്ടിലെത്തിയപ്പോള്‍ കഠിനമായ തണുപ്പിനെപ്പോലും മറന്ന് ഞങ്ങള്‍ വിസ്മയിച്ചുപോയി. ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായ ഷാങ്ഹായ് നഗരം ഒരു സ്വപ്നലോകം പോലെ കണ്‍മുന്നില്‍ വിരിഞ്ഞു. ആധുനിക ഗോപുരങ്ങള്‍ വൈദ്യുതി വെളിച്ചത്തില്‍ മിന്നിത്തിളങ്ങുന്ന ആ കാഴ്ച മറക്കാനാവാത്ത അനുഭവം തന്നെയായിരുന്നു.
രാത്രി ഒന്‍പത് മണിയോടെ ബോട്ട് യാത്ര പൂര്‍ത്തിയാക്കി ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ ആ കാഴ്ചകള്‍ ബാക്കിയായിരുന്നു. മാവോയുടെ വിപ്ലവ സ്മരണകളില്‍ നിന്ന് ആധുനിക മാളുകളുടെ ആഡംബരങ്ങളിലേക്ക് എത്ര വേഗമാണ് ചൈന മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് ആദ്യ ദിനം തന്നെ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.
തൊഴിലാളികളുടെ കരുത്തും റോബോട്ടിക് വിസ്മയങ്ങളും
ജനുവരി 13 രാവിലെ ഷാങ്ഹായിലെ ‘ഹോങ്കൗ’ ഡിസ്ട്രിക്റ്റ് വര്‍ക്കേഴ്സ് സര്‍വീസ് സെന്റര്‍ സന്ദര്‍ശനത്തോടെയാണ് ഞങ്ങളുടെ രണ്ടാം ദിനം ആരംഭിച്ചത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിലെ ഈ പ്രധാന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. 70 നിലകളുള്ള ആ കൂറ്റന്‍ കെട്ടിടം
പൂര്‍ണ്ണമായും എസിഎഫ്ടിയു എന്ന തൊഴിലാളി യൂണിയന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നത് പുതിയ അറിവായിരുന്നു. ഞങ്ങള്‍ താമസിച്ച ഷാങ്ഹായിലെയും ബീജിങ്ങിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളും ഇതേ യൂണിയന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇത് അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും സംഘടനാ കരുത്തിന്റെയും തെളിവാണ്.
സെന്ററിലെ വൈസ് ചെയര്‍പേഴ്സണ്‍ സു ഹായ് ഉജ്ജ്വല സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഒരു തൊഴിലാളിയുടെ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും – അത് നിയമപരമോ, വൈദ്യശാസ്ത്രപരമോ, സാമൂഹികമോ ആകട്ടെ – പരിഹാരം കാണാന്‍ സജ്ജമായ കൗണ്ടറുകള്‍ അവിടെയുണ്ട്. ഡോക്ടര്‍മാരും വിദഗ്‌ദ്ധരും അടങ്ങുന്ന ഒരു വലിയ നിരതന്നെ അവിടെ പൂര്‍ണ്ണ സമയ സേവനത്തിനുണ്ട്. പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത ആ കെട്ടിടം കണ്ടപ്പോള്‍, ഭാരതത്തിലും ഇത്തരം നൂതന സംവിധാനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
തുടര്‍ന്ന് ഞങ്ങള്‍ സന്ദര്‍ശിച്ചത് ഡിസൈന്‍ ഇന്നവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. അവിടെ ഞങ്ങളെ സ്വീകരിച്ചത് തികച്ചും അപ്രതീക്ഷിതമായി ഒരു ഭാരതീയനായിരുന്നു – ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീനിവാസന്‍ തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളവും മറാഠിയും ഹിന്ദിയും ഒരുപോലെ സംസാരിക്കുന്ന ഒരാളെ കണ്ടത് വിദേശമണ്ണില്‍ ഒരു വീട് കണ്ടെത്തിയ സന്തോഷമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ചൈനയിലെ ഒളിമ്പിക്സ് അടക്കമുള്ള വലിയ പ്രോജക്റ്റുകളുടെ ബ്രാന്‍ഡിങ്ങും ഡിസൈനിങ്ങും നിര്‍വ്വഹിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രീനിവാസന്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു.
ഉച്ചഭക്ഷണത്തിനു ശേഷം ഹോങ്കൗ ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ ഹൂ ജിജുന്‍ നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. എട്ടു മില്യണ്‍ അംഗങ്ങളുള്ള ആ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവര്‍ വിശദീകരിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്ന മാറ്റങ്ങളായിരുന്നു. എഐയുടെ വരവ് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന ആശങ്ക അവരും പങ്കുവെച്ചു. വട്ടമേശയ്‌ക്ക് ചുറ്റുമിരുന്ന് ചൈനീസ് വിഭവങ്ങള്‍ രുചിക്കുമ്പോഴും വരാനിരിക്കുന്ന സാങ്കേതിക വിപ്ലവത്തെക്കുറിച്ചുള്ള ഗൗരവകരമായ ചിന്തകള്‍ അവിടെ പങ്കുവയ്‌ക്കപ്പെട്ടു.
വൈകുന്നേരം ഞങ്ങള്‍ പോയത് ഹ്യൂമനോയ്ഡ് റോബോട്ട് ഇന്നവേഷന്‍ സെന്ററിലേക്കും, സെന്‍സ് ടൈം ഇന്റലിജന്റ് ടെക്നോളജി കമ്പനിയിലേക്കുമാണ്. മനുഷ്യന്റെ എല്ലാ ശരീരഭാഷകളോടും കൂടി കാപ്പി ഉണ്ടാക്കുന്ന റോബോട്ടും, അത്ഭുതകരമായ സെന്‍സറിങ് സാങ്കേതികവിദ്യകളും ചൈനയുടെ സാങ്കേതിക വളര്‍ച്ചയുടെ വിളംബരങ്ങളായിരുന്നു. ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, മനുഷ്യന് പകരമായി യന്ത്രങ്ങള്‍ വരുമ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന തൊഴില്‍ പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കയും ആ കാഴ്ചകള്‍ ഞങ്ങളില്‍ നിറച്ചു.
മറക്കാനാവാത്ത ഒരു ‘ഇന്ത്യന്‍’ സര്‍പ്രൈസ്
ദിവസത്തിന്റെ അവസാനം ഗ്രാന്‍ഡ് മില്ലേനിയം ഹോട്ടലിലെ അത്താഴം അവിസ്മരണീയമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സൂപ്പുകളും ഇലക്കറികളും കഴിച്ച് ശീലിച്ച ഞങ്ങള്‍ക്ക് മുന്നില്‍ റേച്ചല്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. യൂട്യൂബ് നോക്കി ഹോട്ടല്‍ ജീവനക്കാരെ സഹായിച്ച് അവര്‍ തയ്യാറാക്കിയ സമൂസയും നാനും മിക്സ് വെജ് കറിയും ഞങ്ങളുടെ നാവിന് വലിയൊരു ആശ്വാസമായി. സ്നേഹപൂര്‍വ്വം അവര്‍ ഒരുക്കിയ ആ ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ച ശേഷം, അന്നത്തെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ഞങ്ങള്‍ വിശ്രമത്തിലേക്ക് മടങ്ങി.
ഷാങ്ഹായില്‍ നിന്ന് യാത്രയുടെ മൂന്നാം ഘട്ടം ബീജിങ്ങിലേക്കായിരുന്നു. ഷാങ്ഹായില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാന നഗരിയിലേക്ക് ബുള്ളറ്റ് ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. രാവിലെ എട്ടു മണിയോടെ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വിമാനത്താവളത്തിലേതിന് സമാനമായ സുരക്ഷാ പരിശോധനകള്‍ ഇവിടെയുമുണ്ടെങ്കിലും അത്ഭുതകരമായ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ആദ്യമായാണ് ഒരു ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് എല്ലാവരിലും വലിയ ജിജ്ഞാസയുണ്ടായിരുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ അത്യാധുനിക പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന എക്സിക്യൂട്ടീവ് ബോഗിയിലായിരുന്നു ഞങ്ങളുടെ സീറ്റുകള്‍. യാത്ര തുടങ്ങിയതോടെ വേഗത 347 കിലോമീറ്റര്‍ വരെയായി ഉയര്‍ന്നു. പുറത്തെ കാഴ്ചകള്‍ ഒരു മിന്നായം പോലെ പിന്നിലേക്ക് മറയുന്നു. നഗരങ്ങളും ഗ്രാമങ്ങളും കണ്‍മുന്നിലൂടെ അതിവേഗം പാഞ്ഞുപോയി. എയര്‍ ഹോസ്റ്റസുമാരെപ്പോലെ യൂണിഫോം ധരിച്ച മഹിളകള്‍ ട്രെയിനിനുള്ളില്‍ ഭക്ഷണവും പാനീയങ്ങളുമായി സേവനത്തിനുണ്ടായിരുന്നു. നാലര മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ കൃത്യം 12.30 ആയപ്പോള്‍ ഞങ്ങള്‍ ബീജിങ്ങിലെത്തി.
ബീജിങ് സ്റ്റേഷനില്‍ ഞങ്ങളെ കാത്തിരുന്നത് അവിസ്മരണീയമായ സ്വീകരണമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് മുകളിലേക്ക് പോകാനുള്ള എസ്‌കലേറ്ററിന്റെ ദിശപോലും ഞങ്ങളുടെ സൗകര്യത്തിനായി തിരിച്ചുവിട്ടു എന്നത് ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഏഷ്യാ പസഫിക് ഇന്‍ചാര്‍ജ് ഹെ ജിന്‍മു, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു വിദേശ സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയോടെയും ഞങ്ങളെ സ്വീകരിച്ചു.
ഭക്ഷണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്ക് ബീജിങ്ങില്‍ അറുതിയായി. ഇന്ത്യക്കാര്‍ നടത്തുന്ന ഒരു ചൈനീസ് റെസ്റ്റോറന്റിലേക്കാണ് അവര്‍ ഞങ്ങളെ കൊണ്ടുപോയത്. ദല്‍ഹി, മുംബൈ എന്നിങ്ങനെ ഇന്ത്യന്‍ നഗരങ്ങളുടെ പേര് നല്‍കിയ മുറികളും പശ്ചാത്തലത്തില്‍ ഒഴുകിയെത്തിയ ഹിന്ദി സിനിമ ഗാനങ്ങളും ഞങ്ങള്‍ക്ക് നാട്ടിലെത്തിയ പ്രതീതി നല്‍കി. ചപ്പാത്തിയും ദാലും പാനി പൂരിയും കഴിച്ച് കുറെ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സംതൃപ്തമായ അത്താഴം കഴിച്ചു.
ബീജിങ്ങില്‍ എസിഎഫ്ടിയു ആസ്ഥാനത്തായിരുന്നു ഞങ്ങളുടെ താമസം. 25 നിലകളുള്ള മൂന്ന് വമ്പന്‍ കെട്ടിടങ്ങള്‍ – അതില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലും അവരുടെ ഓഫീസും പ്രവര്‍ത്തിക്കുന്നു. ഒരു തൊഴിലാളി സംഘടനയ്‌ക്ക് ഇത്രയും വലിയ സാമ്പത്തിക ആസ്തികളുണ്ടെന്നത് ഞങ്ങളെ അമ്പരപ്പിച്ചു. പതിനേഴാം നിലയിലായിരുന്നു ഞങ്ങളുടെ താമസസൗകര്യം ഒരുക്കിയിരുന്നത്.
വൈകുന്നേരം എസിഎഫ്ടിയു വൈസ് ചെയര്‍മാന്‍ വെയ് ഡിചുന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബിഎംഎസ് പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ ഭാരതത്തിലെ ട്രേഡ് യൂണിയന്‍ മുന്നേറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. സ്‌കില്‍ ഡെവലപ്‌മെന്റിനെക്കുറിച്ച് രവീന്ദ്ര ഹിംതെയും, വരാനിരിക്കുന്ന ബ്രിക്സ് സമ്മേളനത്തെക്കുറിച്ച് അനീഷ് മിശ്രയും വിഷയങ്ങള്‍ അവതരിപ്പിച്ചു.
രാത്രിയില്‍ എസിഎഫ്ടിയു ചെയര്‍മാന്‍ ഷു ഹങ് നേരിട്ടെത്തി ഞങ്ങളെ സ്വീകരിച്ചു. ഇരുപത്തിനാലാം നിലയിലെ പ്രത്യേക ഹാളില്‍ നടന്ന വിരുന്നിലും ചര്‍ച്ചയിലും ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ സമ്മാനങ്ങള്‍ കൈമാറുകയും, സൗഹൃദം പുതുക്കുകയും ചെയ്തു. രാത്രി വൈകി അന്നത്തെ വിശേഷങ്ങള്‍ അവലോകനം ചെയ്ത ശേഷം, പിറ്റേന്നത്തെ സൈറ്റ് വിസിറ്റുകളുടെ പ്രതീക്ഷയുമായി ഞങ്ങള്‍ ഉറങ്ങാന്‍ പോയി.
കമ്മ്യൂണിസ്റ്റ് ചരിത്രമുറങ്ങുന്ന മ്യൂസിയവും ഹേവന്‍ ക്ഷേത്രവും
ജനുവരി 15, നാലാം ദിനം രാവിലെ ഒന്‍പതരയോടെ ഞങ്ങളുടെ താമസമൊരുക്കിയിരുന്ന ഹോട്ടല്‍ ചൈനാ പാലസ് കോംപ്ലക്സിലുള്ള എസിഎഫ്ടിയു മ്യൂസിയം സന്ദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പുറത്ത് ഒരു ഡിഗ്രി തണുപ്പ് വിറപ്പിക്കുന്നുണ്ടെങ്കിലും കെട്ടിടത്തിനുള്ളിലെ സുഖകരമായ അന്തരീക്ഷം അതറിയാന്‍ സമ്മതിച്ചില്ല. നൂറിലധികം വര്‍ഷം പഴക്കമുള്ള ചൈനീസ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും, രാജ്യപുരോഗതിയില്‍ തൊഴിലാളികള്‍ വഹിച്ച അവിസ്മരണീയ പങ്കും ഈ മ്യൂസിയം വരച്ചുകാട്ടുന്നു. ചൈനയില്‍ സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടിയും ട്രേഡ് യൂണിയനും ഒരേ ലക്ഷ്യത്തിനായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു എന്ന ബോധ്യം ഈ സന്ദര്‍ശനം നല്‍കി.
തുടര്‍ന്ന് ഞങ്ങള്‍ കണ്ടത് 12351 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂറ്റന്‍ കോള്‍ സെന്ററാണ്. തൊഴിലാളികളുടെ ഏത് പ്രശ്നത്തിനും ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. തൊഴില്‍പരമായ തര്‍ക്കങ്ങള്‍ മുതല്‍ മെഡിക്കല്‍, കുടുംബ പ്രശ്നങ്ങള്‍ക്കു വരെ ഇവിടെ പരിഹാരമുണ്ട്. നിരവധി ജീവനക്കാരുള്ള ഈ ആധുനിക കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.
ഉച്ചഭക്ഷണത്തിനായി ഞങ്ങള്‍ തലേദിവസം പോയ ഇന്ത്യന്‍ റെസ്റ്റോറന്റിലേക്ക് തന്നെയാണ് പോയത്. ലിയു യിഹോങ്ങും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ചൈനീസ് വിഭവങ്ങള്‍ക്കിടയില്‍ നാട്ടിലെ രുചികള്‍ നല്‍കുന്ന ആശ്വാസം വാക്കുകള്‍ക്കതീതമാണ്.
ഉച്ചയ്‌ക്ക് ശേഷം ബീജിങ്ങിലെ വിശ്വപ്രസിദ്ധമായ ‘ടെമ്പിള്‍ ഓഫ് ഹെവന്‍’ കാണാനാണ് ഞങ്ങള്‍ പുറപ്പെട്ടത്. 1420 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ബുദ്ധ ക്ഷേത്രം വിസ്തൃതമായ ഭൂപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. നാല് വമ്പന്‍ കവാടങ്ങളും മനോഹരമായ വാസ്തുവിദ്യയില്‍ തീര്‍ത്ത മന്ദിരങ്ങളും ആരെയും വിസ്മയിപ്പിക്കും. തണുത്ത കാറ്റിനെ വകഞ്ഞുമാറ്റി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സഞ്ചാരികള്‍ ഈ പുരാതന വിസ്മയം കാണാന്‍ ഒഴുകിയെത്തുന്നുണ്ട്. ക്ഷേത്ര പരിസരത്തെ കൗതുകങ്ങളില്‍ മുഴുകിയും ഫോട്ടോകളെടുത്തും ഞങ്ങള്‍ സമയം ചെലവഴിച്ചു. കൊടും തണുപ്പില്‍ ക്ഷേത്ര പരിസരത്തെ സ്റ്റാളില്‍ നിന്ന് കുടിച്ച ആ ചൂടു കാപ്പി വല്ലാത്തൊരു ഉന്മേഷമാണ് നല്‍കിയത്.
രാത്രി ഭക്ഷണത്തിനായി ഞങ്ങള്‍ ഉത്തരാഖണ്ഡ് സ്വദേശി നടത്തുന്ന തന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് പോയത്. ഉത്തരേന്ത്യന്‍ വിഭവങ്ങളുടെ തനിമയാര്‍ന്ന രുചിയോടെ ഭക്ഷണം കഴിച്ച് ഏഴുമണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. പുറത്ത് മൈനസ് ഒരു ഡിഗ്രി തണുപ്പിലേക്ക് താപനില താഴ്ന്നിരുന്നു. ”നാളെ രാവിലെ എട്ടരയ്‌ക്ക് നമുക്ക് ചൈനാ വന്മതില്‍ കാണാന്‍ പോകണം” എന്ന് ലിയു യിഹോങ് ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നായ വന്മതില്‍ കാണാനുള്ള ആകാംക്ഷയോടെ ഞങ്ങള്‍ രാത്രിയുറക്കത്തിലേക്ക് മടങ്ങി.

വിസ്മയമായ വന്മതിലും ചൈനീസ് അച്ചടക്കവും
തലേദിവസം രാത്രി ബീജിങ് നഗരത്തിന്റെ ഹൃദയത്തിലൂടെ മൈനസ് നാല് ഡിഗ്രി തണുപ്പില്‍ നടത്തിയ കാല്‍നട യാത്ര അവിസ്മരണീയമായ ഒന്നായിരുന്നു. തണുപ്പ് അസ്ഥികളിലേക്ക് തുളച്ചുകയറുമ്പോഴും നിശ്ശബ്ദമായ ആ നഗരവീഥികളിലൂടെ ഒരു മണിക്കൂറോളം നടന്നത് വേറിട്ടൊരു അനുഭവമായി.
ജനുവരി 16, രാവിലെ പ്രാതലിനു ശേഷം ഞങ്ങള്‍ ചൈനാ വന്മതില്‍ കാണാനായി പുറപ്പെട്ടു. ബീജിങ് നഗരത്തിലൂടെ ഒന്നര മണിക്കൂര്‍ നീണ്ട യാത്ര. ചൈനയുടെ നഗരാസൂത്രണവും അച്ചടക്കവും വിസ്മയിപ്പിക്കുന്നതായിരുന്നു. സൈക്കിളുകള്‍ക്കായി പ്രത്യേകം പാതകള്‍, സിഗ്നലുകള്‍ക്ക് കാത്തുനില്‍ക്കുന്ന കാല്‍നടയാത്രക്കാര്‍, എങ്ങും തങ്ങിനില്‍ക്കുന്ന പരിപൂര്‍ണ്ണമായ ശുചിത്വം. നമ്മുടെ ഭാരതത്തിലും വളര്‍ത്തിയെടുക്കേണ്ട ഒന്നാണ് ഈ അച്ചടക്കം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ പോലും പൊടി പുറത്തുവരാത്ത വിധം മറച്ചുകെട്ടിയിരിക്കുന്നു. ഒന്നിനു മീതെ ഒന്നായി ഉയര്‍ന്നു നില്‍ക്കുന്ന ഓവര്‍ബ്രിഡ്ജുകള്‍ നഗരത്തിന് ഒരു രാജകീയ പ്രൗഢി നല്‍കുന്നു. യാത്രക്കിടയില്‍ റോഡിനിരുവശവും വിവിധ രാജ്യങ്ങളുടെ എംബസികളും ഭാരതത്തിന്റെ എംബസിയും കാണാന്‍ സാധിച്ചു.
മലമുകളിലെ വന്മതിലിനടുത്ത് എത്തിയപ്പോള്‍ കാറ്റിന് മൂര്‍ച്ചയേറി. സ്വെറ്ററിന്റെ തൊപ്പിക്കിടയിലൂടെ തണുപ്പ് അരിച്ച് കയറുന്നുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശത്രുക്കളെ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച ഈ മഹാത്ഭുതം മനുഷ്യപ്രയത്നത്തിന്റെ ഉത്തമ ഉദാഹരണമാണ്. മലനിരകള്‍ക്ക് മുകളിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതുപോലെ അനന്തമായി കിടക്കുന്ന മതില്‍! സമയക്കുറവും അതിശൈത്യവും കാരണം കുറച്ചു ദൂരം മാത്രമേ ഞങ്ങള്‍ക്ക് നടക്കാന്‍ സാധിച്ചുള്ളൂ. താഴെ മലയടിവാരങ്ങളില്‍ വെള്ളം ഐസായി മാറിയിരിക്കുന്ന അപൂര്‍വ്വ കാഴ്ച മനോഹരമായിരുന്നു. മംഗോളിയന്‍ അതിര്‍ത്തി വരെ നീളുന്ന ഈ നിര്‍മ്മിതി ലോകമഹാത്ഭുതങ്ങളില്‍ ഒന്നായിരിക്കുന്നത് എന്തുകൊണ്ടെന്ന് അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
മടക്കയാത്രയില്‍ 2018-ലെ ഒളിമ്പിക്സ് ഗ്രാമവും അത്യാധുനിക സ്റ്റേഡിയിങ്ങളും കാണാന്‍ സാധിച്ചു. ആ പ്രൗഢി ഇന്നും അവര്‍ കാത്തുസൂക്ഷിക്കുന്നു. ഉച്ചഭക്ഷണത്തിനായി ‘ഗംഗാ യമുന’ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് ഞങ്ങള്‍ എത്തിയത്. അവിടെ നിന്ന് രുചികരമായ ഭക്ഷണം കഴിച്ച്, നഗരത്തിലെ ഷോപ്പിങ് മാളുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ സാധനങ്ങളും വാങ്ങി ഞങ്ങള്‍ മടങ്ങി.
രാത്രിയില്‍ വീണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഒത്തുകൂടി അവസാനത്തെ അത്താഴവും കഴിച്ചു. നാളെ പുലര്‍ച്ചെ നാട്ടിലേക്കുള്ള മടക്കയാത്രയാണ്. മാവോയുടെ വിപ്ലവഭൂമിയില്‍ നിന്നും ആധുനികതയുടെ ആഢംബരങ്ങളിലേക്ക് ചൈന നടത്തിയ കുതിപ്പ് നേരില്‍ കണ്ട സംതൃപ്തിയോടെ ഞങ്ങള്‍ യാത്രയ്‌ക്ക് തയ്യാറെടുത്തു.
ജനുവരി 17, പുലര്‍ച്ചെ മടക്കയാത്രക്കായി ഞങ്ങള്‍ തയ്യാറായി. അതിശൈത്യത്തിന്റെ പുലര്‍ച്ചെയില്‍, ഒരു ഡിഗ്രി തണുപ്പിനെ വകഞ്ഞുമാറ്റി മാഡവും മറ്റ് രണ്ട് പ്രതിനിധികളും ഞങ്ങളെ യാത്രയാക്കാന്‍ ഹോട്ടലിനു മുന്നില്‍ തന്നെയുണ്ടായിരുന്നു. ചൈനീസ് ആതിഥ്യമര്യാദയുടെ ഹൃദ്യമായ മുഖമായിരുന്നു അവസാന നിമിഷം വരെ അവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്.
ബീജിങ് വിമാനത്താവളത്തിലും അവരുടെ സാന്നിധ്യം നടപടിക്രമങ്ങള്‍ എളുപ്പമാക്കി. ലഗേജുകള്‍ ചെക്ക്-ഇന്‍ ചെയ്ത്, സുരക്ഷാ പരിശോധനകളിലേക്ക് കടക്കും വരെ അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു.
സൗഹൃദത്തിന്റെ അഞ്ച് ദിനങ്ങള്‍
സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ അധ്യായങ്ങള്‍ തുറന്ന ആ അഞ്ചു ദിവസങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ അവരോട് യാത്ര പറഞ്ഞു. ബീജിങ്ങില്‍ നിന്ന് ഷാങ്ഹായിലേക്കും, അവിടെ നിന്ന് ദല്‍ഹിയിലേക്കുമുള്ള വിമാനം കയറുമ്പോള്‍ മനസ്സില്‍ ചൈനയിലെ കാഴ്ചകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. വൈകുന്നേരം ആറുമണിയോടെ ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറുന്ന ഒരു രാജ്യത്തിന്റെ പ്രവര്‍ത്തന ശൈലിയും വികസന വിസ്മയങ്ങളും നേരില്‍ കണ്ടതിന്റെ സംതൃപ്തിയിലായിരുന്നു ഞങ്ങള്‍.
ഈ സന്ദര്‍ശനത്തിലുടനീളം എടുത്തു പറയേണ്ട ഒന്നാണ് ചൈനയുടെ അതിവേഗത്തിലുള്ള മാറ്റം. കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരു രാജ്യം എങ്ങനെ മുതലാളിത്ത ആഢംബരങ്ങളിലേക്ക് മാറുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു എങ്ങും. ആധുനികമായ മാളുകളും, നാഗരികതയുടെ ഭാഗമായി മാറിയ പുതുതലമുറയും ചൈനയുടെ പുതിയ അടയാളങ്ങളാണ്. സമയപരിമിതി മൂലം ഗ്രാമപ്രദേശങ്ങളിലേക്ക് പോകാന്‍ സാധിച്ചില്ലെങ്കിലും, നഗരങ്ങള്‍ നല്‍കുന്ന സൂചന ആഗോള വിപണിയിലെ അവരുടെ ആധിപത്യം തന്നെയാണ്.
ബിഎംഎസിന് ലഭിച്ച സവിശേഷ അംഗീകാരം
ഭാരതത്തിലെ ട്രേഡ് യൂണിയനുകളില്‍ ബിഎംഎസിന് മാത്രമാണ് ചൈനീസ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ‘ഓള്‍ ചൈന ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍’ ഇത്തരമൊരു ക്ഷണം നല്‍കിയത് എന്നത് അഭിമാനകരമായ കാര്യമാണ്. വിമാനത്താവളത്തില്‍ കാലുകുത്തിയത് മുതല്‍ സര്‍ക്കാര്‍ അതിഥികള്‍ എന്ന നിലയിലുള്ള ഉന്നതമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഒരു പ്രധാന കാര്യകര്‍ത്താവും രണ്ട് മഹിളാ പ്രവര്‍ത്തകരും യാത്രയിലുടനീളം ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു.
ചൈനക്കാരുടെ സമയനിഷ്ഠയും ആസൂത്രണവും വിസ്മയിപ്പിക്കുന്നതാണ്. ഓരോ മിനിറ്റും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അവര്‍ ഉപയോഗപ്പെടുത്തി. ഓരോ കേന്ദ്രത്തിലും ഞങ്ങളെ സ്വീകരിക്കാന്‍ അവിടുത്തെ പ്രധാന വ്യക്തികള്‍ സന്നദ്ധരായിരുന്നു. ഭക്ഷണമുറികളിലെ ക്രമീകരണം പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആരൊക്കെ എവിടെ ഇരിക്കണം എന്ന് പേരെഴുതി വയ്‌ക്കുകയും, സൗഹൃദപരമായ സംഭാഷണങ്ങള്‍ക്കായി ഭാരതീയ പ്രതിനിധികളെയും ചൈനീസ് പ്രതിനിധികളെയും ഒന്നിടവിട്ട് ഇരുത്തുകയും ചെയ്തത് അവരുടെ സൂക്ഷ്മമായ ശ്രദ്ധയുടെ തെളിവാണ്.
ചൈനയുടെ വികസനത്തിനൊപ്പം അവരുടെ ശുചിത്വബോധവും നിയമവ്യവസ്ഥയോടുള്ള ബഹുമാനവും എടുത്തു പറയേണ്ടതാണ്. തെരുവോരങ്ങളിലെ വൃത്തിയും, കൃത്യമായ ട്രാഫിക് നിയമപാലനവും ഓരോ വിദേശിയെയും ചിന്തിപ്പിക്കും. സീബ്രാ ലൈനിലൂടെ മാത്രം വരിവരിയായി റോഡ് മുറിച്ചുകടക്കുന്ന സാധാരണക്കാര്‍. പൗരധര്‍മ്മത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന നമ്മുടെ നാട്ടിലും ഇത് അനായാസം നടപ്പിലാക്കാവുന്ന മാതൃകയാണ്.
അഞ്ചു ദിവസത്തെ ഈ ഹ്രസ്വ സന്ദര്‍ശനം ചൈനയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളെ ഏറെ മാറ്റിമറിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകനായതുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ കാണാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. പക്ഷേ കണ്ടത് മറ്റൊന്നായിരുന്നു. വിസ്മയിപ്പിക്കുന്ന സാങ്കേതിക വിദ്യ, പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന നയം. മാവോയില്‍ നിന്ന് മാളുകളിലേക്ക് വേഗത്തില്‍ മാറുന്ന ചൈനയെയാണ് ആദ്യ ദിനം മുതല്‍ക്കേ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്. വികസനത്തിന്റെ ഈ കുതിപ്പിലും സ്വന്തം വേരുകള്‍ മറക്കാത്ത ആ ജനതയുടെ രീതികള്‍ പുതിയൊരു പാഠമായിരുന്നു.
















