2025 നവംബര്‍ 21-ലെ ഔദ്യോഗിക പ്രഖ്യാപനത്തോടെ, നാലു തൊഴില്‍ കോഡുകള്‍ ഭാരതത്തിന്റെ തൊഴില്‍ നിയമവ്യവസ്ഥയില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ചു. ഇക്കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും വാദങ്ങളുയര്‍ന്നു. ഈ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍, 29-ലധികം കേന്ദ്ര തൊഴില്‍ നിയമങ്ങളെ നാലു സമഗ്ര കോഡുകളായി ഏകീകരിച്ചു.
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനു ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. കാലാകാലങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും, അവയുടെ നടപ്പാക്കല്‍ ഭാഗികമോ പരിമിതമോ ആയിരുന്നു. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍, ഉത്പാദനക്ഷമവും ഏവരെയും ഉള്‍ക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ തൊഴില്‍സേനയും അനുയോജ്യമായ പ്രവര്‍ത്തനസാഹചര്യവും ആവശ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഏവരും ഒരുപോലെ സമ്മതിക്കുന്നു. മാറ്റത്തിനായുള്ള ആഗ്രഹം പങ്കുവയ്‌ക്കുമ്പോഴും, ഏവരിലും അവരുടേതായ പ്രതീക്ഷകളും ആശങ്കകളും ഉണ്ടായിരുന്നു എന്നതു സ്വാഭാവികമാണ്.
പ്രധാന ലക്ഷ്യങ്ങള്‍
തൊഴിലാളിക്ഷേമം മെച്ചപ്പെടുത്തല്‍, നിയമപാലനം ലളിതമാക്കല്‍, തൊഴില്‍ നിയന്ത്രണ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക-സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തല്‍, വ്യവസായ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ നടപടികള്‍ക്കു കൂടുതല്‍ കരുത്തു പകരല്‍ എന്നിവയാണ് ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യങ്ങള്‍. വേതനം, സാമൂഹ്യസുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും, വ്യവസായ ബന്ധങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നാലു കോഡുകളിലായി 29 പ്രധാന നിയമങ്ങളെ ഏകീകരിക്കുന്നതിനൊപ്പം, തൊഴില്‍മേഖലയെ ഔദ്യോഗികവല്‍ക്കരിക്കാനും പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു. കൂടാതെ, അസംഘടിത-ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, ലിംഗസമത്വം പ്രോത്സാഹിപ്പിക്കല്‍, വിവിധ മേഖലകളിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങള്‍ ആധുനികവല്‍ക്കരിക്കല്‍ എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
പുതിയ തൊഴില്‍ കോഡുകളുടെ സവിശേഷതകള്‍
ഏകീകരണവും ഏകോപനവും: ചരിത്രപരമായി നോക്കിയാല്‍, ഭാരതത്തിലെ തൊഴില്‍ നിയമങ്ങള്‍ പലതട്ടുകളായി ചിതറിക്കിടക്കുന്നതും, വൈവിധ്യമാര്‍ന്ന നിര്‍വചനങ്ങളുള്ളതും, സങ്കീര്‍ണമായ നിയമപാലനരീതികള്‍ പിന്തുടരുന്നതുമായിരുന്നു. പുതിയ ചട്ടക്കൂട് ഈ സങ്കീര്‍ണതകള്‍ക്കുപകരം ഏകീകൃതമായ നിര്‍വചനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും വിപുലമായ സുരക്ഷാപരിധിയും നടപ്പാക്കുന്നു.
അന്തസ്സുറ്റ തൊഴില്‍ തത്വങ്ങള്‍: ഗുണനിലവാരമുള്ള തൊഴിലും തൊഴിലാളികളുടെ അവകാശ-സമത്വ സംരക്ഷണവും സാമൂഹ്യസുരക്ഷയും സാമൂഹ്യസംവാദവും ഉള്‍പ്പെടെ, അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ മാന്യമായ തൊഴില്‍ തത്വങ്ങള്‍ ഈ പരിഷ്‌കരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമപാലനം ലളിതമാക്കല്‍: അമിതമായ ഫയലിങ് രീതികള്‍, പരിശോധനകളെ അമിതമായി ആശ്രയിക്കല്‍ എന്നിവയ്‌ക്ക് പകരം ലളിതമാക്കിയ നിയമപാലന രീതികളും നിയമലംഘനങ്ങള്‍ തടയുന്നതിനായി ശക്തമായ പിഴശിക്ഷകളും അവതരിപ്പിക്കുന്നു.
സുസ്ഥിര വികസനലക്ഷ്യങ്ങളുമായി പൊരുത്തപ്പെടല്‍: തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു കരുത്തേകിയും, സാമൂഹ്യസുരക്ഷ വ്യാപിപ്പിച്ചും, ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിച്ചും ഈ കോഡുകള്‍ എട്ടാം സുസ്ഥിര വികസനലക്ഷ്യത്തെ (ടഉഏ 8) മുന്നോട്ടുനയിക്കുകയും 1, 3, 5, 10 എന്നീ ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.
ഭാവിയിലെ തൊഴില്‍ ആവശ്യകതകള്‍: അതിവേഗ സാമ്പത്തിക-സാങ്കേതിക മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, വിപുലീകരിച്ച നിര്‍വചനങ്ങള്‍, പുനര്‍പരിശീലന വ്യവസ്ഥകള്‍, വിപുലമായ സാമൂഹ്യസുരക്ഷാപരിധി എന്നിവയിലൂടെ ഭാവിയിലെ തൊഴില്‍പരമായ ആശങ്കകളെ ഈ കോഡുകള്‍ അഭിസംബോധന ചെയ്യുന്നു.
നാല് പ്രധാന കോഡുകള്‍
വേതന കോഡ്, 2019: നാലുനിയമങ്ങളെ സംയോജിപ്പിക്കുകയും, ‘വേതനം’ എന്നതിന് ഏകീകൃതമായ നിര്‍വചനവും ‘ദേശീയതല അടിസ്ഥാന വേതനം’ എന്ന ആശയവും അവതരിപ്പിക്കുകയും ചെയ്യുന്നു.
വ്യവസായ സമ്പര്‍ക്ക കോഡ്, 2020: ട്രേഡ് യൂണിയനുകള്‍, വ്യവസായ തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെ ഏകീകരിക്കുന്നു. തര്‍ക്കപരിഹാര രീതികള്‍ ലളിതമാക്കുകയും കൃത്യമായ സമയപരിധി നിശ്ചയിക്കുകയും ചെയ്യുന്നു.
സാമൂഹ്യസുരക്ഷാ കോഡ്, 2020: ഗിഗ് തൊഴിലാളികള്‍, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ എന്നിവരെ പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യങ്ങള്‍ തുടങ്ങിയ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ സുരക്ഷ, ആരോഗ്യ, തൊഴില്‍സാഹചര്യ കോഡ്, 2020: വിവിധ സുരക്ഷാനിയമങ്ങളെ ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവരികയും തൊഴിലിടങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും ചെയ്യുന്നു.
എന്താണു മുന്നില്‍?
പുതിയ തൊഴില്‍ കോഡുകളെക്കുറിച്ചു തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ വി. വി. ഗിരി ദേശീയ തൊഴില്‍ ഇന്‍സ്റ്റിറ്റിയൂട്ട് അടുത്തിടെ നടത്തിയ പഠനം, മെച്ചപ്പെട്ട ഭാവിയുടെ കാര്യത്തില്‍ ഈ നിയമങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നുവെന്നു വ്യക്തമാക്കുന്നു. 64% തൊഴിലാളികളും ഈ കോഡുകള്‍ നടപ്പാക്കുന്നതിലൂടെ വരുമാനസുരക്ഷ വര്‍ധിക്കുമെന്നു വിശ്വസിക്കുന്നു. നിശ്ചിത കാലയളവിലെ തൊഴില്‍ കരാറുകളുടെ കാര്യത്തിലും (64%), തൊഴിലിടങ്ങളിലെ സുരക്ഷയുടെ കാര്യത്തിലും (73%) തൊഴിലുടമകളും സമാനമായ അഭിപ്രായമാണു രേഖപ്പെടുത്തിയത്.
ഭാരതത്തിന്റെ തൊഴില്‍ ഭരണനിര്‍വഹണത്തില്‍ ഈ മാറ്റം ചരിത്രപരമാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിലൂടെയും, സാമൂഹ്യസുരക്ഷാപരിധി വ്യാപിപ്പിക്കുന്നതിലൂടെയും കൂടുതല്‍ കാര്യക്ഷമമായ തൊഴില്‍വിപണി സൃഷ്ടിക്കാന്‍ ഈ പരിഷ്‌കരണങ്ങള്‍ ലക്ഷ്യമിടുന്നു. കാര്യക്ഷമമായ നടപ്പാക്കലിനെയും, പങ്കാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനെയും ആശ്രയിച്ചാകും ഇതിന്റെ അന്തിമ വിജയം.
(അഹമ്മദാബാദ് ഐ.ഐ.എമ്മിലെ ഫാക്കല്‍റ്റി അംഗമാണ് പ്രൊഫ. ബിജു വര്‍ക്കി, ‘വേജ് ഇഡിക്കേറ്ററി’ലെ ഗവേഷകയാണ് ഡോ. ശൈലജ ത്രിപാഠി)
















