ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഇടക്കാല ചട്ടക്കൂട് പുറത്തുവന്നു. ഇറക്കുമതി തീരുവകള്‍ കുറച്ചുകൊണ്ട് ആഗോള വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനും, ഊര്‍ജ്ജ മേഖലയിലെ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും, സാമ്പത്തിക സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന കരാറിനാണ് ഇപ്പോള്‍ വഴിയൊരുങ്ങിയിരിക്കുന്നത്. ലോകത്തെ രണ്ട് പ്രമുഖ ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിക്കുകയാണ് ഈ കരാര്‍.
ക്ഷീര മേഖലയുള്‍പ്പെടെയുള്ള ഭാരതത്തിന്റെ കാര്‍ഷിക വിപണിയിലേക്ക് കടന്നുകയറാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് കരാര്‍ യാഥാര്‍ത്ഥ്യമാക്കി എന്നതാണ് ഭാരതത്തിന്റെ പ്രധാന നയതന്ത്ര വിജയങ്ങളിലൊന്ന്. എന്നിരുന്നാലും, അമേരിക്കയില്‍ നിന്നുള്ള ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാര തടസ്സങ്ങള്‍ കുറയ്‌ക്കാന്‍ ഭാരതം സമ്മതം നല്‍കിയിട്ടുണ്ട്. ഇത് ഭീഷണികള്‍ക്ക് മുന്നിലുള്ള കീഴടങ്ങലല്ല, മറിച്ച് ഭാരതീയ കര്‍ഷകര്‍ക്കും ഭക്ഷ്യ ഉല്‍പ്പാദകര്‍ക്കും മതിയായ സംരക്ഷണ കവചമൊരുക്കിയുള്ള തന്ത്രപരമായ നീക്കമാണ്.
പരുത്തി, ആപ്പിള്‍, ഉണങ്ങിയ പഴങ്ങള്‍
വിദേശത്തു നിന്നുള്ള പരുത്തി ഇറക്കുമതിക്ക് ഭാരതം നിലവില്‍ 11% തീരുവയാണ് ചുമത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പരുത്തി നാരുകള്‍ കയറ്റുമതി ചെയ്യുന്ന അമേരിക്കയില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ ഇറക്കുമതി അനുവദിച്ചിരുന്നുവെങ്കില്‍ അത് ആഭ്യന്തര വ്യവസായത്തെ തകര്‍ക്കുമായിരുന്നു. എന്നാല്‍ പുതിയ കരാര്‍ പ്രകാരം, അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന നീളം കൂടിയ നാരുകളടങ്ങിയ (Extra Long Staple) പരുത്തിയുടെ ഇറക്കുമതി മാത്രമേ അനുവദിച്ചിട്ടുള്ളൂ. അതും ഒരു നിശ്ചിത പരിധിക്കുള്ളില്‍ (ക്വാട്ട) നിജപ്പെടുത്തിയതിനാല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന് ഭീഷണിയുണ്ടാകില്ല. ഭാരതത്തില്‍ ദൗര്‍ലഭ്യമുള്ള ഇത്തരം പരുത്തിയുടെ ലഭ്യത നമ്മുടെ വസ്ത്ര നിര്‍മാണ-കയറ്റുമതി മേഖലയ്‌ക്ക് ഗുണം ചെയ്യും.
ലോകത്തിലെ അഞ്ചാമത്തെ വലിയ ആപ്പിള്‍ ഉല്‍പ്പാദക രാജ്യമാണ് ഭാരതം. ആഭ്യന്തര ഉപഭോഗം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇറാന്‍, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, യു.എസ്, ചിലി എന്നിവിടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 500,000 മെട്രിക് ടണ്‍ ആപ്പിള്‍ ഭാരതം ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ കരാര്‍ പ്രകാരം അമേരിക്കന്‍ ആപ്പിള്‍ ഇറക്കുമതി അനുവദിക്കുമ്പോഴും 25% തീരുവ ചുമത്തുമെന്ന വ്യവസ്ഥയുണ്ട്. മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് കിലോയ്‌ക്ക് 80 രൂപയില്‍ കുറയാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. ഇത് വിപണിയിലെത്തുമ്പോള്‍ കിലോയ്‌ക്ക് 100 രൂപയ്‌ക്ക് മുകളില്‍ വില വരുമെന്നതിനാല്‍ ആഭ്യന്തര കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. വാല്‍നട്ട്, ബദാം, പിസ്ത തുടങ്ങിയ ഉണങ്ങിയ പഴങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പരിമിതമായതിനാല്‍ അവയുടെ തീരുവ കുറയ്‌ക്കാന്‍ ഭാരതം തയ്യാറായത് കര്‍ഷകരെ ബാധിക്കില്ല.
കയറ്റുമതി മേഖലയിലെ നേട്ടങ്ങള്‍
യു.എസ് വിപണിയിലേക്ക് കയറ്റി അയക്കുന്ന ഏകദേശം 46 ബില്യണ്‍ ഡോളര്‍ (ഏകദേശം 4 ലക്ഷം കോടി രൂപ) മൂല്യമുള്ള ഭാരതീയ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇല്ലാതാക്കാന്‍ സാധിച്ചു എന്നത് മറ്റൊരു നയതന്ത്ര വിജയമാണ്. ഇതില്‍ സുഗന്ധവ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, തേയില, കാപ്പി, എണ്ണകള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളിലെയും കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് ഇത് വലിയ നേട്ടമാകും.
160 ബില്യണ്‍ യുഎസ് ഡോളര്‍ (15 ലക്ഷം കോടി) വിലമതിക്കുന്ന യുഎസ് വിപണിയിലേക്ക് കൂടി ഭാരതത്തിന്റെ സാധനങ്ങള്‍ക്ക് ‘മുന്‍ഗണനാ പ്രവേശനം’ലഭിക്കും. കാര്‍ഷിക വരുമാനവും ഗ്രാമീണ തൊഴിലും ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാവും.
ഭാരതത്തില്‍ നിന്നുള്ള അരിയുടെ ഇറക്കുമതി തീരുവ അമേരിക്ക 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. ഇത് ബസുമതി, ബസുമതി ഇതര ഇനങ്ങളുടെ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകും. തായ്‌ലന്‍ഡ്, വിയറ്റ്നാം, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാള്‍ കുറഞ്ഞ നിരക്ക് ഭാരതത്തിന് ലഭിക്കുന്നത് അന്താരാഷ്‌ട്ര വിപണിയില്‍ നമുക്ക് മുന്‍തൂക്കം നല്‍കും. കൂടാതെ, സമുദ്രോത്പന്ന മേഖലയില്‍ ഭാരതത്തിന് ലഭിക്കുന്ന വ്യാപാര മിച്ചം വര്‍ദ്ധിപ്പിക്കാനും ഈ കരാര്‍ സഹായിക്കും.
നിലവില്‍ 25 ബില്യണ്‍ യുഎസ് ഡോളറിന്റെ യുഎസ് വിപണിയാണ് ഭാരത മത്സ്യബന്ധന മേഖല കയ്യടക്കിയിരിക്കുന്നത്. മത്സ്യം, ചെമ്മീന്‍, സംസ്‌കരിച്ച സമുദ്രവിഭവങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് കൂടുതല്‍ അവസരമാണ് കരാര്‍ ഒരുക്കിയിരിക്കുന്നത്. 2024-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയുമായുള്ള കാര്‍ഷിക വ്യാപാരത്തില്‍ 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ (12,000 കോടി) വ്യാപാര മിച്ചമാണ് നിലവില്‍ ഭാരതത്തിന് ലഭിക്കുന്നത്. ഈ മിച്ചം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും പുതിയ കരാര്‍ സഹായകരമാവും.
ഊര്‍ജ്ജവും സാങ്കേതിക വിദ്യയും
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജം, ഐടി, കല്‍ക്കരി തുടങ്ങിയ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു ‘നിര്‍ബന്ധിത വാങ്ങല്‍’ അല്ലെന്ന് അമേരിക്കയുടെ പുതിയ ഫാക്ട് ഷീറ്റ് വ്യക്തമാക്കുന്നു. നിലവില്‍ തന്നെ 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോയിങ് വിമാനങ്ങള്‍ക്കും മറ്റുമായി ഭാരതം ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. 80-90 ബില്യണ്‍ ഡോളറിന്റെ വിമാനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന് ആവശ്യമായി വരും. പാചകത്തിനാവശ്യമായ കല്‍ക്കരിയും ഇറക്കുമതി ചെയ്യുന്നുണ്ട്.
500 ബില്യനില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് ഊര്‍ജ്ജ ഉത്പന്നങ്ങള്‍, വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, വിലയേറിയ ലോഹങ്ങള്‍, സാങ്കേതിക ഉത്പന്നങ്ങള്‍, കല്‍ക്കരി തുടങ്ങി ഭാരതം ഉത്പാദിപ്പിക്കാത്ത വസ്തുക്കളാണ്. ഇതാണ് അമേരിക്കയില്‍ നിന്ന് വാങ്ങുക. അതുകൊണ്ട് ഇവ കാര്‍ഷിക മേഖലയെ ബാധിക്കുന്നില്ല. പ്രതിരോധം, സാങ്കേതിക വിദ്യ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കയുമായുള്ള ബന്ധം ദൃഢമാക്കുന്നത് ഭാരതത്തിന്റെ ആഗോള വളര്‍ച്ചയ്‌ക്ക് സഹായകരമാകും.
കരാറിലെ രാഷ്‌ട്രീയ-സാമ്പത്തിക വശങ്ങള്‍
കേവലം ഒരു വ്യാപാര ഇടപാടിനപ്പുറം ഭാരതം-അമേരിക്ക സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്. ഒരു ആഗോള ഉല്‍പ്പാദന-വിതരണ കേന്ദ്രമായി മാറാനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് വലിയ കരുത്ത് പകരും. നിക്ഷേപത്തിനായി ചൈനയ്‌ക്ക് പുറത്തുള്ള ഒരു രാജ്യമായി ഭാരതത്തെ യു.എസ് കമ്പനികള്‍ കാണുന്നത് ആഗോള വിതരണ ശൃംഖലകളില്‍ രാജ്യത്തിന് പ്രധാന പങ്ക് നല്‍കും. ഈ കരാര്‍ ആത്യന്തികമായി വെല്ലുവിളിയാകുന്നത് ചൈനയ്‌ക്കും അവരെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്കുമാണ്.
ചുരുക്കത്തില്‍, യുഎസ്-ഭാരതം വ്യാപാര കരാര്‍ അപകടം സൃഷ്ടിക്കുന്നത് കര്‍ഷകര്‍ക്കല്ല; മറിച്ച് ഭാരതത്തിന്റെ വളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്ന വിദേശ ശക്തികള്‍ക്കും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കുമാണ്.
















