Vicharam

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംലീഗിന്റെ വിഘടന വാദം ശക്തിപ്പെട്ടതോടെ വന്ദേ മാതരം പിന്‍നിരയിലേക്ക് പോവുകയായിരുന്നു. ഈ ഗീതം തങ്ങളുടെ മതവിശ്വാസത്തിന് നിരക്കുന്നതല്ലെന്ന് അവര്‍ ശഠിക്കാന്‍ തുടങ്ങി. ലീഗിനെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ഈ മതഭ്രാന്തിന് മുന്നില്‍ കീഴടങ്ങി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദേശീയ ഗീതമായ വന്ദേ മാതരം, സര്‍ക്കാര്‍ പരിപാടികളില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം ദേശസ്‌നേഹികളെ ആഹ്ലാദിപ്പിക്കും. ഔദ്യോഗിക ചടങ്ങുകളില്‍ രാഷ്‌ട്രപതി എത്തുമ്പോഴും മടങ്ങുമ്പോഴും, ഗവര്‍ണര്‍മാര്‍ ഔദ്യോഗിക ചടങ്ങുകളില്‍ എത്തുമ്പോഴും മടങ്ങുമ്പോഴും, പരേഡുകളില്‍ ഉയര്‍ത്താന്‍ ദേശീയ പതാക എത്തിക്കുമ്പോഴും, ആകാശവാണിയിലും ദൂരദര്‍ശനിലും രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മുന്‍പും പിന്‍പും, കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുന്ന ചടങ്ങുകളിലും ഇനിമുതല്‍ വന്ദേ മാതരം നിര്‍ബന്ധമായും ആലപിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം. വന്ദേ മാതരം പൂര്‍ണമായും ആലപിച്ചായിരിക്കണം എല്ലാ ദിവസവും സ്‌കൂളുകള്‍ ആരംഭിക്കേണ്ടത്. അതേസമയം, വാര്‍ത്താ ചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയിലോ വന്ദേ മാതരം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ല. വന്ദേ മാതരവും ദേശീയ ഗാനമായ ജനഗണമനയും ആലപിക്കേണ്ട ചടങ്ങുകളില്‍ വന്ദേ മാതരം ആദ്യം പാടണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

വന്ദേ മാതര ഗീതം ആദരിക്കപ്പെടണമെന്ന് പറയുമ്പോഴൊക്കെ അത് സംഘപരിവാറിന്റെ ഗീതമായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. അത്യന്തം പരിഹാസ്യമായ വാദമാണിത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയതും ആനന്ദമഠം എന്ന നോവലില്‍ ഉള്‍പ്പെടുത്തിയതുമായ വന്ദേ മാതരം, മാതൃഭൂമിയോട് അഗാധമായ ആദരവ് പ്രകടിപ്പിക്കുന്ന ഗീതമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരുടെ താരക മന്ത്രവുമായിരുന്നു ഇത്. ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായി മാറിയ ഈ ഗീതം ഒരു കാലഘട്ടം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സ്വീകാര്യമായിരുന്നു. ജനഗണമനയുടെ ഉപജ്ഞാതാവായ രവീന്ദ്രനാഥ ടഗോര്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംലീഗിന്റെ വിഘടന വാദം ശക്തിപ്പെട്ടതോടെ വന്ദേ മാതരം പിന്‍നിരയിലേക്ക് പോവുകയായിരുന്നു. ഈ ഗീതം തങ്ങളുടെ മതവിശ്വാസത്തിന് നിരക്കുന്നതല്ലെന്ന് അവര്‍ ശഠിക്കാന്‍ തുടങ്ങി. ലീഗിനെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ഈ മതഭ്രാന്തിന് മുന്നില്‍ കീഴടങ്ങി.

വന്ദേ മാതരത്തിന്റെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ഗീതത്തിന് അതിന്റെ മഹത്വം വീണ്ടു കിട്ടിയിരിക്കുന്നത്. വന്ദേ മാതര ഗാനത്തിലെ പ്രധാനപ്പെട്ട ചരണങ്ങള്‍ ഒഴിവാക്കിയതിലൂടെ വിഭജനത്തിന്റെ വിത്തുകള്‍ വിതയ്‌ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്നും, ഇത്തരത്തിലുള്ള വിഭജന മനോഭാവം ഇന്നും രാജ്യത്തിന് വെല്ലുവിളിയായിത്തന്നെ തുടരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ദേശീയ ഗാനം ആകേണ്ടിയിരുന്നത് വന്ദേ മാതരമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും വര്‍ഗീയ പ്രീണനം നയമാക്കിയ കോണ്‍ഗ്രസ് ഇതിന് തയ്യാറായില്ല. ജനഗണമനയ്‌ക്ക് ദേശീയഗാനമായി അംഗീകാരം നല്‍കിയപ്പോള്‍ വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം അംഗീകരിച്ച് മുസ്ലിം വിഘടനവാദികളെ പ്രീണിപ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മറ്റും സമ്മര്‍ദ്ദത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മൂന്നു മിനിറ്റും 10 സെക്കന്‍ഡും എടുത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ ഈ തെറ്റ് തിരുത്തുകയാണ്.

കാവി പതാകയോടും സംസ്‌കൃത ഭാഷയോടും മറ്റനേകം ദേശീയ പ്രതീകങ്ങളോടും കാണിച്ച അവഗണനയാണ് നെഹ്‌റു കുടുംബവും കോണ്‍ഗ്രസ് സര്‍ക്കാരുകളും വന്ദേമാതരത്തോടും ചെയ്തത്. ദേശസ്‌നേഹത്തെ അവഹേളിക്കുന്ന ഈ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ വന്ദേമാതരം ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇനിയും മുഹമ്മദാലി ജിന്നമാര്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിക്കുകയും ചെയ്തു. ഹിന്ദു-മുസ്ലിം വേര്‍തിരിവില്ലാതെ വന്ദേ മാതരം വലിയൊരു ആവേശമായിരുന്ന പശ്ചിമ ബംഗാളിലും മറ്റും മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനം വലിയ ചലനങ്ങളുണ്ടാക്കും. അമൃതകാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഭാരതത്തില്‍ വന്ദേ മാതരം യഥാവിധി ആദരിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.

 

Recent Posts