India

2026ല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് സംഭവിച്ചാല്‍ പാകിസ്ഥാന്‍ എന്നെന്നേയ്‌ക്കുമായി അവസാനിക്കും; ശക്തമാണ് ഇന്ത്യയുടെ ഒരുക്കങ്ങള്‍

പഴയ തലമുറയിലെ യുദ്ദവിമാനമായ മിഗ് 21നോട് ഇന്ത്യന്‍ വ്യോമസേന വിടപറഞ്ഞുകഴിഞ്ഞു. പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധരംഗത്ത് സജീവമാകും.

Published by
ഗിരീഷ്‌കുമാര്‍ പി. ബി.

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ പടയൊരുക്കും ശക്തമാകുന്നു. ചാവേര്‍ ഡ്രോണായ കമികാസെ ഡ്രോണ്‍ ഉള്‍പ്പെടെ 79000 കോടി രൂപയുടെ പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ പോവുകയാണ് ഇന്ത്യ. പഴയ തലമുറയിലെ യുദ്ദവിമാനമായ മിഗ് 21നോട് ഇന്ത്യന്‍ വ്യോമസേന വിടപറഞ്ഞുകഴിഞ്ഞു. പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധരംഗത്ത് സജീവമാകും. ഇന്ത്യ യുദ്ധസന്നദ്ധമാണെന്ന് പാകിസ്ഥാനെ അറിയിക്കുന്ന ചില സൈനികാഭ്യാസങ്ങള്‍ ഇന്ത്യ നടത്തിയിരുന്നു. അതില്‍ എങ്ങിനെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് നല്‍കുന്ന തരത്തിലായിരുന്നു ഈ സൈനികാഭ്യാസങ്ങള്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്ന് ആരംഭിച്ചത് മെയ് ആറിനാണ്. ഇന്ത്യയുടെ പ്രതികാരം മെയ് 10ന് അവസാനിച്ചു. എന്തൊക്കെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ 2ല്‍ ഇന്ത്യയുടെ പുതുമകള്‍?

ത്രിശൂലിലൂടെ പാകിസ്ഥാന് താക്കീത്

ത്രിശൂൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി ബ്രഹ്മ ശിര എന്ന പേരിൽ റാൻ ഓഫ് കച്ചിലും സര്‍ ക്രീക്ക് മേഖലയിലും പാകിസ്ഥാന് താക്കീത് നല്‍കി ഇന്ത്യ. കര, കടൽ, വ്യോമ മേഖലകളിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക വഴി സര്‍ ക്രീക്ക്, റാന്‍ ഓഫ് കച്ച് എന്നീ ഇടങ്ങളിലൂടെ ഇന്ത്യയിലേക്ക് കയറിവന്നാല്‍ കൈപൊള്ളുമെന്ന മറുപടിയാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത്.
.ഭാരതീയ പൂരാണത്തില്‍ ഉള്ള ശക്തമായ ആയുധമാണ് ബ്രഹ്മശിര അസ്ത്രം. ഈ പ്രപഞ്ചത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മശിര. ബ്രഹ്മാവിന്റെ നാല് തലകളാണ് ബ്രഹ്മശിര അസ്ത്രത്തിന്റെ തലപ്പത്ത് എന്നാണ് വിശ്വാസം. അതിനാല്‍ ബ്രഹ്മാസ്ത്രത്തേക്കാള്‍ നാലിരട്ടി ശക്തി കൂടതലാണത്രെ ബ്രഹ്മശിരയ്‌ക്ക്. പാകിസ്ഥാനുള്ള താക്കീത് തന്നെയാണ് ഈ അഭ്യാസത്തിന് ബ്രഹ്മശിര എന്ന പേരിട്ടതിന് പിന്നില്‍.

കടലില്‍ നിന്നുയരുന്ന ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍
കടലിനുള്ളില്‍ മറഞ്ഞിരിക്കുന്ന മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്‍റില്‍ നിന്നും ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത് കഴിഞ്ഞ ദിവസമാണ്. ഇത് കണ്ട് ലോകമാകെ ഞെട്ടി. നേരത്തെ കരയില്‍ നിന്നും ആകാശത്ത് നിന്നും ആണവമിസൈലുകള്‍ തൊടുക്കാന്‍ കഴിവുള്ളഇന്ത്യ ഇനി കടലില്‍ നിന്നു കൂടി ആണവമിസൈലുകള്‍ തൊടുക്കും. അതോടെ കടല്‍, കര, ആകാശം എന്നീ മൂന്ന് പ്രതലങ്ങളില്‍ നിന്നും ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള രാജ്യങ്ങള്‍ക്ക് നല‍്കുന്ന ന്യൂക്ലിയര്‍ ട്രയാഡ് എന്ന പദവി ഇന്ത്യയ്‌ക്കും ലഭിച്ചിരിക്കുന്നു.

മിഗ്ഗ് എന്ന പഴയ യുദ്ധവിമാനത്തോട് വിടപറഞ്ഞു; പകരം തേജസ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരം കൂറവായ എന്നാല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ആധുനിക യുദ്ധവിമാനമായ തേജസ് മാര്‍ക്ക് എംകെ 1എ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് ഫ്ലഗ് ഓഫ് ചെയ്തത് ഈയിടെയാണ്. ബാലക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളെ 2019ല്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ആകാശത്തുള്ള കടിപിടിയില്‍ നിലംപൊത്തിയ പഴയ മിഗ് 21അല്ല ഇനി ഇന്ത്യയുടെ ആകാശയുദ്ധത്തെ നയിക്കാന്‍ പോകുന്നത്. മാരകമായ മിസൈലുകളും വഹിച്ച് ചീറിപ്പായുന്ന തേജസ് മാര്‍ക്ക് 1എയില്‍ എല്ലാ ആധുനിയ സംവിധനങ്ങളുമുണ്ട്. എച്ച് എ എല്ലിന്റെ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്) നാസിക്കിലെ നിര്‍മ്മാണശാലയില്‍ നിന്നും എത്തിയ ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ(ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് മാര്‍ക്ക് 1 എ വലിയ നാഴികക്കല്ലാണ്.

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക്
ബ്രഹ്മോസ് മിസൈല്‍ ആണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ഒട്ടേറെ നാശനഷ്ടങ്ങള്‍ വിതച്ചത്.ബ്രഹ്മോസിനെ വെല്ലുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചു കഴി‍ഞ്ഞു എന്നത് വലിയ നേട്ടമാണ്. ബ്രഹ്മോസിന് പോലും മണിക്കൂറില്‍ 3400 മുതല്‍ 3675കിലോമീറ്റര്‍ വരെ വേഗതയേ ഉള്ളൂ. അതിനാല്‍ ബ്രഹ്മോസിനെ ഒരു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നേ വിളിക്കാനാവൂ. പക്ഷെ ശബ്ദത്തേക്കാള്‍ അഞ്ചരിട്ടിയിലധികം വേഗതയുള്ളതിനാലാണ് ഈ പുതിയ മിസൈലിനെ ഹൈപ്പര്‍സോണിക് മിസൈല്‍ എന്ന് വിളിക്കുന്നത്. ഇഎല്‍ എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണികിനാകട്ടെ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത. അതായത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയലധികം വേഗതയില്‍ കുതിക്കുമെന്നര്‍ത്ഥം. ബ്രഹ്മോസിനെ തന്നെ അടയാളപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങിയ വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു. അതുപോലെ ബ്രഹ്മോസിനെ അടിച്ചിടാന്‍ എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ ഇഡി-എല്‍ഡിഎച്ച്സിഎം ഹൈപ്പര്‍സോണികിന്റെ കാര്യം പറയേണ്ടല്ലോ.

 

ചാവേര്‍ ഡ്രോണുകളുമായി അഷ്നി പ്ലാറ്റൂണ്‍

അഷ്നി എന്നത് സംസ്കൃതവാക്കാണ്. ഫയര്‍ അഥവാ തീ എന്നാണ് അര്‍ത്ഥം. 20 മുതല്‍ 50 വരെ സൈനികരുടെ സംഘത്തെയാണ് ഒരു പ്ലാറ്റൂണ്‍ എന്ന് വിളിക്കുന്നത്. ലഫ്റ്റന്‍റ് പദവിയിലുള്ള ഒരു ജൂനിയര്‍ ഓഫീസറായിരിക്കും ഒരു അഷ്നി പ്ലാറ്റൂണിനെ നയിക്കുക. ഭാവിയുദ്ധങ്ങളുടെ ഗതി മാറുകയാണ്. യുദ്ധങ്ങള്‍ നിയന്ത്രിക്കുക ഡ്രോണുകള്‍ ആയിരിക്കും. അതും ആളില്ലാതെ പറക്കുന്ന ഡ്രോണുകള്‍. ആളില്ലാതെ ആകാശത്ത് പറക്കുന്ന വാഹനങ്ങള്‍. പക്ഷെ ഇതില്‍ പ്രവര്‍ത്തിക്കുന്ന റഡാറും ജിപിഎസും എഐയും ചേര്‍ന്ന് ശത്രുവിന്റെ ആക്രമിക്കേണ്ട ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞാല്‍ അവിടെ കൃത്യമായി സ്ഫോടനം നടത്തും. ഇതിന്റെ ഭാഗമായി ഇന്ത്യ 850 കാമികാസെ ഡ്രോണുകള്‍ (ചാവേര്‍ ഡ്രോണുകള്‍) വാങ്ങാന്‍ ഉത്തരവിട്ടിരിക്കുകയാണ്.ഇത് പ്രവര്‍ത്തിപ്പിക്കുക അഷ്നി പ്ലാറ്റൂണ്‍ ആയിരിക്കും.

സജ്ജമായി എംഎച്ച്-60ആര്‍ എന്ന കടല്‍ക്കഴുകന്മാര്‍
ഗോവയിലെ നാവികവ്യോമകേന്ദ്രമായ ഐഎന്‍എസ് ഹന്‍സയില്‍ അമേരിക്കയില്‍ നിര്‍മ്മിച്ച ഒരു കൂട്ടം എംഎച്ച്-60ആര്‍ ഹെലികോപ്റ്റര്‍ വ്യൂഹം പ്രവര്‍ത്തനസജ്ജമായി. ഡിസംബര്‍ 17 ബുധനാഴ്ചയാണ് കടല്‍ക്കഴുകന്‍ എന്ന് വിളിക്കപ്പെടുന്ന എംഎച്ച്-60ആര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു സംഘം ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ ചൈനയുടെയും പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും കടലിലൂടെയുള്ള ഏത് ആക്രമണവും കാലേക്കൂടി മണത്തറിഞ്ഞ് അതിനെ അടപടലം തകര്‍ക്കാന്‍ ഇന്ത്യയ്‌ക്കാവും.

സ്പെയിനിലെ സൈനിക ചരക്ക് വിമാനം സി295

ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ സ്പെയിനില്‍ നിന്നുള്ള 16ഓളം സി-295 വിഭാഗത്തില്‍പ്പെട്ട സൈനിക ചരക്ക് ഗതാഗതത്തിനുള്ള വിമാനം എത്തി. മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിലാണ് സി295 ഉള്‍പ്പെടുക. ഇനി ഏത് പ്രാന്തപ്രദേശത്തും മുക്കുമൂലയിലും പട്ടാളക്കാരെയും പടക്കോപ്പുകളും എത്തിക്കാനാകും എന്നതാണ് സി295ന്റെ പ്രത്യേകത. 2021ല്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് ഇന്ത്യയ്‌ക്ക് 56 സി295 മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളാണ് സ്പെയിന്‍ നല്‍കേണ്ടത്. ഇതില്‍ സ്പെയിനില്‍ നിര്‍മ്മിച്ച 16 എണ്ണം സി295 ഇന്ത്യയില്‍ കഴിഞ്ഞ ദിവസം എത്തിച്ചപ്പോള്‍ ബാക്കി 40 എണ്ണം ഇന്ത്യയില്‍ സ്പെയിനിന്റെ സഹായത്തോടെ തദ്ദേശീയമായി നിര്‍മ്മിക്കും.

ഇന്ത്യയുടെ സ്വന്തം ‘സുദര്‍ശന ചക്ര’

കൃഷ്ണഭഗവാന്റെ സുദര്‍ശനചക്രം പുരാണത്തില്‍ ഏറ്റവും കരുത്തുള്ള ആയുധമാണ്. ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത ആയുധം. ആ പേരാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സുദര്‍ശന ചക്ര എന്ന് പേരിട്ടിരിക്കുന്നത് റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400 എന്ന വ്യോമപ്രതിരോധ സംവിധാനത്തേയാണ്. പക്ഷെ ഇന്ത്യ അതിന് പുതുക്കിയിരുന്നു. പുതിയ ടെക്നോളജികള്‍ കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഇന്ത്യയ്‌ക്ക് കൃത്യമായി മര്‍മ്മം ഭേദിക്കാവുന്ന സംഹാരശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമായി റഷ്യ നല്‍കിയ എസ് 400 മാറിയത്. അതായത് നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ഇന്ത്യ എസ് 400 നോട് കൂട്ടിച്ചേര്‍ത്തിരുന്നു.
പക്ഷെ ഇത് ഒന്നു കൂടി വിപുലമാക്കാനാണ് മോദി ആഗ്രഹിക്കുന്നത്. തന്ത്രപ്രധാനമായ എയര്‍ വ്യോമബേസുകള്‍, ഇന്ത്യയുടെ സൈനികകേന്ദ്രങ്ങള്‍, ആയുധസൂക്ഷിപ്പുകേന്ദ്രങ്ങല്‍ എന്നിവ മാത്രമല്ല, സാധാരണ പൗരന്മാര്‍ക്ക് അത്യാവശ്യമായ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആരാധനലയങ്ങള്‍ എന്നിവ കൂടി ഈ സുദര്‍ശന ചക്രയ്‌ക്ക് സംരക്ഷിക്കാനാകണം എന്നതാണ് മോദിയുടെ ആഗ്രഹം.
പുതിയ സുദര്‍ശനചക്ര ദൗത്യത്തില്‍ എല്ലാ ഭാഗങ്ങളും തദ്ദേശീയമായി വികസിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. 2035ല്‍ ഇന്ത്യയ്‌ക്ക് തദ്ദേശീയമായി സൃഷ്ടിച്ച വ്യോമപ്രതിരോധസംവിധാനം ഉണ്ടാകുമെന്നതാണ് ലക്ഷ്യം. ഇത് ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെപ്പോലും വെല്ലുന്നതാകണമെന്ന സ്വപ്നവും മോദിയ്‌ക്കുണ്ട്. തീവ്രവാദ ആക്രമണത്തെ ചെറുക്കുക മാത്രമല്ല, ആക്രമണത്തിന് മുതിരുന്നവരെ ഇല്ലാതാക്കാന്‍ ഈ സുദര്‍ശന ചക്രത്തിന് സാധിക്കണമെന്നും മോദി ആഗ്രഹിക്കുന്നു.

പ്രളയ് മിസൈല്‍ ആകാശത്ത് നിന്നും തൊടുക്കാന്‍ കഴിഞ്ഞാല്‍
ആയിരം കിലോഗ്രാം വരെ ഭാരം വഹിച്ച്, 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കാന്‍ കഴിയുന്ന പ്രളയ് മിസൈല്‍ ഇന്ത്യ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. പക്ഷെ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ പക്ഷെ ശ്രദ്ധ മറ്റൊന്നിലാണ്. പ്രളയ് മിസൈല്‍ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാന്‍ പാകത്തിലുള്ള അര്‍ദ്ധ-ബാലിസ്റ്റിക് മിസൈല്‍ ആക്കാന്‍ കഴിയുമോ എന്നതാണ് ആ പരീക്ഷണം. ഈ പരീക്ഷണം വിജയിച്ചാല്‍ തദ്ദേശീയമായി മിസൈലുകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധശേഷി ഭാരതം കൈവരിക്കും. പാകിസ്ഥാന് വെല്ലുവിളിക്കാന്‍ പോലും കഴിയാത്ത പ്രതിരോധ ശക്തിയായി അതോടെ ഇന്ത്യ മാറും.

പാകിസ്ഥാന്റെ ടാങ്കുകളെ ദഹിപ്പിക്കുന്ന ആറ് യുഎസില്‍ നിന്നുള്ള അപ്പാച്ചെകള്‍

പാകിസ്ഥാന്റെ കരയിലൂടെയുള്ള ആക്രമണത്തില്‍ മുന്‍നിരയില്‍ ഉണ്ടാകുന്ന ടാങ്കുകളെ തകര്‍ക്കുന്ന മിസൈലുകള്‍ പായിക്കാന്‍ കഴിവുള്ള അപ്പാച്ചെ എഎച്ച് -64 ഇ ഇന്ത്യയുടെ യുദ്ധമൂര്‍ച്ച കൂട്ടും. 2020ല്‍ യുഎസിന് നല‍്കിയ ആറ് അപ്പാചെ യുദ്ധഹെലികോപ്റ്ററുകളുടെ ഓര്‍ഡറില്‍ ആറും ഇന്ത്യയില്‍ എത്തി.
പറക്കും ടാങ്ക് എന്ന് അറിയപ്പെടുന്ന യുദ്ധഹെലികോപ്റ്ററാണ് അമേരിക്കയുടെ എഎച്ച്-64ഇ. ഇതില്‍ ഘടപ്പിച്ചിട്ടുള്ള ഹെല്‍ഫയര്‍, എജിഎം-114 റോമിയോ എന്നീ മിസൈലുകള്‍ക്ക് പാഞ്ഞുചെന്ന് പാകിസ്ഥാന്റെ ടാങ്കുകളെ തകര്‍ക്കാന്‍ സാധിക്കും.

Recent Posts