നിലവിലെ നിയമ കുരുക്കുകളും സാങ്കേതികത്വവും ലഘൂകരിച്ച്, സക്രിയമായ ഉന്നത വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ ഉന്നത വിദ്യാഭ്യാസ നിയമ നിര്‍മാണം വഴി തെളിക്കും. പഠന നിലവാരം വര്‍ദ്ധിപ്പിക്കാനും ഗവേഷണങ്ങളിലും നൂതനാശയങ്ങളിലും ശ്രദ്ധയൂന്നി പുതു സംസ്‌കാരം സൃഷ്ടിക്കാനും വഴിതുറക്കുകയാണ് ഈ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള ഏകോപനം കൂടുതല്‍ ദൃഢമാക്കുക എന്ന കാഴ്ചപ്പാടുകൂടിയുണ്ട്, കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്ലിന്. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവും, സംവാദ സാധ്യതകളെ സ്വാഗതം ചെയ്യുന്ന ഭാരതീയ ജനാധിപത്യത്തിന്റെ പുന: പ്രഖ്യാപനവുമാണത്.
ഭരണഘടനയുടെ ഏഴാം പട്ടികയില്‍ (കേന്ദ്ര ലിസ്റ്റില്‍) ഉന്നത വിദ്യാഭ്യാസത്തിന്റെ ഏകോപനവും അവയുടെ ഗുണനിലവാരവും ഗവേഷണം, ശാസ്ത്രസ്ഥാപനങ്ങള്‍, സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും കേന്ദ്രത്തിന്റെ ചുമതലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് 1956ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്‍(യുജിസി) നിലവില്‍ വന്നത്. മുഖ്യമായും സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. ഇന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ വലിപ്പവും വൈവിധ്യവും ഈ രംഗത്ത് സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. ആയിരത്തിലധികം സര്‍വകലാശാലകള്‍ ഇന്നുണ്ട്. അവ കേന്ദ്രസര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഓട്ടോണമസ് (സ്വയം ഭരണാധികാരമുള്ള) സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഈ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകളുടെ എണ്ണം 60,000ത്തില്‍ അധികമാണ്. നാല് കോടിയിലധികം വിദ്യാര്‍ഥികളാണ് ഈ സ്ഥാപനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെല്ലാം യുജിസി, എഐസിടിഇ, എന്‍സിടിഇ പോലുള്ള കേന്ദ്ര ഏജന്‍സികളുടെ നിയമവും നിര്‍ദ്ദേശവും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രസ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
ഉന്നത വിദ്യാഭ്യാസത്തെ ക്രമീകരിക്കുന്നതിനും ഗുണനിലവാരം, നിയമപരമായ നിലനില്‍പ്പ് എന്നിവ ചിട്ടപ്പെടുത്തുന്നതിനുമായി വിവിധ കാലഘട്ടങ്ങളില്‍ റെഗുലേറ്ററി ഏജന്‍സികളെ സൃഷ്ടിച്ചിട്ടുണ്ട്. മള്‍ട്ടി ഡിസിപ്ലിനറി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ റെഗുലേറ്ററി ഏജന്‍സികളുടെ അംഗീകാരവും അതിനനുസരിച്ചുള്ള വ്യത്യസ്ത മാനദണ്ഡങ്ങളും നേടിക്കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാനാകൂ. റെഗുലേറ്ററി ബോഡികളെ ഏകോപിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്, ദേശീയ വിദ്യാഭ്യാസ നയം റെഗുലേറ്ററി ഏജന്‍സികളെ ഏകോപിപ്പിക്കാനും സര്‍വ സ്പര്‍ശിയായ സംവിധാനം ഒരുക്കുന്നതിനെകുറിച്ചുമുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കുന്നത്. ഇതിനെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭാരതീയ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ (എച്ച്ഇസിഐ) എന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്.
2030ലെ സുസ്ഥിര വികസന ലക്ഷ്യത്തിലെ (എസ്ഡിജി4 ) നാല് എന്ന സങ്കല്പത്തെ മുന്‍ നിര്‍ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020, വിദ്യാഭ്യാസ രംഗത്തിന്റെ ഘടനയും ചട്ടങ്ങളും നിയമങ്ങളും ഭരണസംവിധാനങ്ങളും പുനര്‍രചന നടത്താന്‍ നിര്‍ദ്ദേശിക്കുന്നത്. 21-ാം നൂറ്റാണ്ടിലേക്ക് ആവശ്യമായ ഇത്തരം കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഭാരത സംസ്‌കാരം, പശ്ചാത്തലം, ജീവിത ദര്‍ശനം, കാഴ്ചപ്പാട് എന്നിവ അടിസ്ഥാനമായി ഉള്‍ക്കൊള്ളണമെന്നുകൂടി നയം നിര്‍ദ്ദേശിക്കുന്നു.
വൈവിധ്യമാര്‍ന്ന റെഗുലേറ്ററി സംവിധാനങ്ങള്‍ ഉടച്ചുവാര്‍ത്ത് ഉന്നത വിദ്യാഭ്യാസത്തിന് ദിശയും ശക്തിയും നല്‍കുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. 19- 20 നൂറ്റാണ്ടുകളില്‍ പാശ്ചാത്യ മാതൃകകളുടെ അടിസ്ഥാന സങ്കല്പങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയിലായിരുന്നു ലോകത്തെ മുഴുവന്‍ സര്‍വകലാശാലാ സംവിധാനത്തെയും ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളെയും സൃഷ്ടിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഊന്നല്‍ നല്‍കിയിരുന്നത്. എന്നാലിന്ന് ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം പാശ്ചാത്യ ജീവിത ദര്‍ശനമോ വികസന മാതൃകകളോ അല്ല എന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഭാരതീയ ചിന്തകളും വികസന മാതൃകകളും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലകളെയും ഗവേഷണ- ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെയും ലോകം ആവശ്യപ്പെടുന്ന സുസ്ഥിര വികസനത്തിനും ശാന്തി പൂര്‍ണ്ണമായ ജീവിതക്രമത്തിനും ആവശ്യമായ രീതിയില്‍ മാറ്റണം.
ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മഹത്വം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ സുതാര്യതയും കാര്യക്ഷമതയും പരമാവധി ഉയര്‍ത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരാന്‍ അവസരം ഒരുക്കണം. അതിന് ചുവപ്പുനാട സംവിധാനത്തെ ലഘൂകരിക്കണം. അഴിമതിയും കമ്പോളവത്കരണവും അവസാനിപ്പിക്കണം. ദേശീയ വിദ്യാഭ്യാസ നയം പറയുന്ന പോലെ ‘ലൈറ്റ് ബട്ട് ടൈറ്റ്’ ആയിട്ടുള്ള റെഗുലേറ്ററി മെക്കാനിസം രൂപപ്പെടുത്തണം. സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണവും സദ്ഭരണവും ശാക്തീകരണവും നല്‍കേണ്ടിവരും. അതിന് റെഗുലേറ്ററി സംവിധാനങ്ങളുടെ വൈവിധ്യം അവസാനിപ്പിച്ച് ഏകോപിത സംവിധാനം രൂപപ്പെടുത്തണം. അതാണ് പുതിയ നിയമനിര്‍മാണത്തിലൂടെ കേന്ദ്രം മുന്നോട്ട് വയ്‌ക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന നവീനാശയങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളു.
നാലു പ്രധാന ഘടകങ്ങളോടുകൂടിയ കമ്മിഷനാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്നത്. അതിലെ മൂന്ന് ഘടകങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക സംവിധാനം സ്ഥാപനങ്ങള്‍ വിവിധ രീതിയില്‍ സമാഹരിക്കുന്നതിനാല്‍ അവിടെ ഏക ജാലകം സാധ്യമല്ലാത്തതിനാലാണ് അതൊഴിവാക്കിയത് എന്ന് അനുമാനിക്കാം. പിഎം ഉഷ, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈവിധ്യമാര്‍ന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ എന്നിവയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ആവശ്യമായ കേന്ദ്ര വിഹിതം ഒരുക്കും എന്ന് പ്രതീക്ഷിക്കാം.
വികസിത് ഭാരത് ശിക്ഷാ വിനിമയന്‍ പരിഷത്ത് എന്ന പേരിലുള്ള റെഗുലേറ്ററി കൗണ്‍സില്‍, വികസിത് ഭാരത് ശിക്ഷ ഗുണവത്ത പരിഷത്ത് എന്ന അക്രഡിറ്റേഷന്‍ കൗണ്‍സില്‍, വികസിത് ഭാരത് ശിക്ഷ മാനകപരിഷത്ത് എന്ന സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ എന്നിവയുടെ മുകളില്‍ വരുന്ന വികസിത് ഭാരത് ശിക്ഷ അധിഷ്ഠാന്‍ എന്ന ജനറല്‍ കൗണ്‍സിലോടുകൂടിയുള്ള കമ്മിഷനെയാണ് ബില്ലില്‍ വിഭാവനം ചെയ്യുന്നത്. ഇതോടുകൂടി ഇന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന യുജിസി, എഐസിടിഇ, എന്‍സിടിഇ തുടങ്ങിയ ഏജന്‍സികളും നാക്, എന്‍ബിഎ തുടങ്ങിയ അക്രഡിറ്റേഷന്‍ സംവിധാനങ്ങളും മറ്റ് വിവിധ സാങ്കേതിക വിദ്യാഭ്യാസ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ ഏജന്‍സികളും ഇല്ലാതാവുകയോ ഇതിനോടു കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്യും.
ബില്‍ വിഭാവനം ചെയ്യുന്ന വികസിത് ഭാരത് ശിക്ഷ അധിഷ്ഠന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന സംവിധാനമായാണ് പ്രവര്‍ത്തിക്കുക. മുഖ്യമായും സമഗ്രവും സര്‍വസ്പര്‍ശിയുമായ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്‌ക്ക് നിയമനിര്‍മാണം, അംഗീകാരം, കോഴ്‌സുകളുടെ നിലവാരം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ അക്കാദമിക ഗുണനിലവാരത്തെ കുറിച്ചും റെഗുലേറ്ററി കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക ഗുണനിലവാരത്തെ കുറിച്ചും അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം സമഗ്രതയില്‍ മൂല്യാങ്കനം ചെയ്തു പിന്തുണയ്‌ക്കുന്ന രീതിയിലും ആണ് പ്രവര്‍ത്തിക്കുക.
ഇപ്പോള്‍ ബില്ലില്‍ വിഭാവനം ചെയ്തതിനനുസരിച്ച് ഈ ഉന്നതാധികാര സംവിധാനത്തില്‍ അംഗങ്ങള്‍ മിക്കവാറും അക്കാദമിക് സമൂഹത്തിന്റെ പ്രതിനിധികളും വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിക്കുന്ന വിദഗ്ധന്മാരും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശത്തിന്റെയും പ്രതിനിധികളും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പ്രതിനിധികളും എല്ലാം ഉള്‍പ്പെടുന്നതാണ്.
ഈ നിയമ നിര്‍മാണം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇത്തരത്തിലുള്ള ഒരു സ്വതന്ത്ര സമഗ്ര സര്‍വസ്പര്‍ശിയായ സംവിധാനത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആത്മനിര്‍ഭരമാക്കിക്കൊണ്ട് വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ ശക്തിപകരും എന്ന് പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവിടെയുള്ള അധ്യാപകര്‍ക്കും സ്ഥാപനം നടത്തുന്നവര്‍ക്കും തങ്ങളുടെ ജീവിത ലക്ഷ്യം വികസിത ഭാരതം ആണെന്ന് ഓരോ നിമിഷവും ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഇതിലെ ഓരോ ഘടകങ്ങളുടെയും മുന്നില്‍ വികസിതഭാരതം എന്ന വാക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ നിയമ നിര്‍മാണം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി ആണെന്നും കേരളം അംഗീകരിക്കല്ലെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി കേട്ടു. ഉന്നത വിദ്യാഭ്യാസം കേന്ദ്ര ലിസ്റ്റില്‍ ഉള്ളതാണെന്ന് അറിയാത്ത വ്യക്തി ആയിരിക്കില്ലല്ലോ ഈ മന്ത്രി. യുജിസി, നാക്ക്, എന്‍സിടിഇ തുടങ്ങിയ എല്ലാ സംവിധാനങ്ങളും കേന്ദ്ര സംവിധാനങ്ങളാണ്. സംസ്ഥാനങ്ങള്‍ സ്ഥാപിക്കുന്ന സര്‍വകലാശാലകളും കേന്ദ്ര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോഴ്‌സുകള്‍ തയ്യാറാക്കാനും പഠിപ്പിക്കാനും വിലയിരുത്താനും ബിരുദം നല്‍കാനും സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, എല്ലാം ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് അംഗീകാരം ലഭിച്ചതിന് ശേഷം മാത്രം. കോളേജുകളും സര്‍വകലാശാലകളും സ്ഥാപിക്കാനും അങ്ങനെയേ സാധിക്കുകയുള്ളൂ. സ്ഥാപനങ്ങളും സംസ്ഥാനങ്ങളും ഇന്ന് നേരിടുന്ന വെല്ലുവിളി, ഒന്നില്‍ കൂടുതല്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് അംഗീകാരം നേടണം എന്നതാണ്. പുതിയ സംവിധാനം വരുന്നതോടെ ഒരു സംവിധാനത്തില്‍ നിന്ന് മാത്രം അംഗീകാരം നേടിയാല്‍ മതി. നിയമപരമായ അംഗീകാരം റെഗുലേറ്ററി കൗണ്‍സില്‍ നിന്നാണു നേടേണ്ടത്. അക്രഡിറ്റേഷന്‍ നേടേണ്ടതും ഒരേ സ്ഥാപനത്തില്‍ നിന്ന് തന്നെയാണ്.
സാധാരണ കോഴ്‌സുകളുടെ അംഗീകാരം ഇന്ന് യുജിസിയില്‍ നിന്നും ചിലത് എഐസിടിഇയില്‍ നിന്നും മറ്റു ചിലത് എന്‍സിറ്റിഇയില്‍ നിന്നും വേറെ ചിലത് ആര്‍ക്കിടെക്ചറില്‍ കൗണ്‍സിലില്‍ നിന്നും അങ്ങനെ പലപല കൗണ്‍സിലില്‍ നിന്നും നേടേണ്ടതുണ്ട്. ആ സ്ഥിതിക്കാണ് പരിഹാരമുണ്ടാകുന്നത്. അന്താരാഷ്‌ട്ര വിദ്യാര്‍ഥികളെയും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയും ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാന്‍ വിഭാവനം ചെയ്യുന്ന ഏതൊരാള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതും പ്രതീക്ഷ നല്‍കുന്നതും ആണ് പുതിയ നിയമനിര്‍മാണം.
(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)












