കറകളഞ്ഞ അദ്വൈതത്തിന്റെ അടിത്തറയിലൂന്നി അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഉന്മൂലനം ചെയ്ത് നാടിനെ പുത്തനുണര്‍വിലേക്ക് നയിച്ച മഹാനുഭാവനായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവന്‍. ഗുരുവിന്റെ 86-ാമത് സമാധിദിനമാണ് ഇന്ന്. ആത്മവിദ്യാസംഘവും വാഗ്ഭടാനന്ദ ഗുരുദേവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവരും ഈ ദിനം ഇന്ന് ആചരിക്കുകയാണ്. പഴയ കോട്ടയം താലൂക്കിലെ പാട്യം ഗ്രാമത്തിലാണ് 1887 ഏപ്രില്‍ 27 ന് ( കൊല്ലവര്‍ഷം 1060 മേടം 14 ന് ഉത്രം നക്ഷത്രം)വയലേരി കുഞ്ഞിക്കണ്ണന്‍ (വാഗ്ഭടാനന്ദന്‍ ) ജനിച്ചത്. സംസ്‌കൃത പണ്ഡിതനും വൈദ്യനുമായ തേനങ്കണ്ടി വാഴവളപ്പില്‍ കോരന്‍ഗുരുക്കളുടെയും വയലേരി ചീരുവമ്മയുടെയും സീമന്ത പുത്രനായിരുന്നു കുഞ്ഞിക്കണ്ണന്‍.
കോരന്‍ ഗുരുക്കള്‍ നടത്തിവന്നിരുന്ന വയലേരി വീടിനടുത്തുള്ള എഴുത്തു പള്ളിയിലാണ് കുഞ്ഞിക്കണ്ണന്‍ മണലിലെഴുതി പഠിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഗുരുമുഖത്ത് നിന്നു ശിഷ്യന്‍ നേരിട്ട് വിദ്യ അഭ്യസിച്ചിരുന്ന ഗുരുകുല സമ്പ്രദായം മാറി വരുന്ന കാലഘട്ടമായിരുന്നു അത്. കാവ്യം, നാടകം, അലങ്കാരം മുതലായ അടിസ്ഥാന കാര്യങ്ങള്‍ പിതാവില്‍ നിന്നു ഗ്രഹിച്ച ശേഷം പിതാവ് നടത്തിവരുന്ന എഴുത്തു പള്ളിയിലെ ശിഷ്യഗണങ്ങള്‍ക്ക് അറിവ് പകരുന്നതില്‍ സഹായിയായി. അങ്ങനെ പതിമൂന്നാം വയസ്സില്‍ കുഞ്ഞിക്കണ്ണന്‍ ഗുരുക്കളായി.
തുടര്‍ന്നു സംസ്‌കൃത പണ്ഡിതരായ എം.കെ ഗുരുക്കളില്‍ നിന്നും പാരമ്പത്ത് രൈരു നായരില്‍ നിന്നും സംസ്‌കൃതത്തില്‍ ഉപരിപഠനം നടത്തി. ആഴമേറിയ വായനയിലൂടെ, വേദേതിഹാസങ്ങളും, പുരാണങ്ങളും ഉപനിഷത്തുക്കളും സ്വായത്തമാക്കിയ കുഞ്ഞിക്കണ്ണന്‍ ആത്മജ്ഞാനത്തിന്റ പടവുകള്‍ ഓരോന്നായി കയറി. അതോടൊപ്പം നിരവധി വേദികളില്‍ വേദേതിഹാസങ്ങളെ കുറിച്ചും അന്ധവിശ്വാസങ്ങളിലേയും അനാചാരങ്ങളിലേയും നിരര്‍ത്ഥകതയെ പറ്റിയും പ്രഭാഷണങ്ങള്‍ നടത്തി. ഇതോടെ കുഞ്ഞിക്കണ്ണന്‍ വി.കെ. ഗുരുക്കള്‍ എന്ന പേരില്‍ നാടെങ്ങും പ്രശസ്തനായി. നാട്ടില്‍ അദ്ധ്യാപനം തുടര്‍ന്നു കൊണ്ടിരിക്കെ ശിഷ്യനായ വേലന്‍ രാമന്‍വൈദ്യനോടൊപ്പം 1906 മെയ് മാസത്തിലാണ് വി.കെ.ഗുരുക്കള്‍ കോഴിക്കോട്ടെത്തി. ആ യാത്ര കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. ഒപ്പം വി.കെ.ഗുരുക്കളുടെ ജീവിതത്തിലെ വഴിത്തിരിവും. എവിടെ യാത്ര ചെയ്യുമ്പോഴും അമൂല്യഗ്രന്ഥങ്ങള്‍ കൈയ്യില്‍ കരുതുക അദ്ദേഹത്തിന്റെ പതിവാണ്. ‘തര്‍ക്ക സംഗ്രഹം ‘എന്ന ഗ്രന്ഥമാണ് കോഴിക്കോട്ടേയ്‌ക്ക് യാത്ര പുറപ്പെടുമ്പോള്‍ ഗുരുക്കള്‍ കരുതിയത്. യാത്രകളിലായാലും ഗൗരവമായ വായനയ്‌ക്കും മനനത്തിനും ഗുരുക്കള്‍ എങ്ങനെയെങ്കിലും സമയം കണ്ടെത്തിയിരിക്കും. കോഴിക്കോട്ട് എത്തിയപ്പോള്‍ പരിചയപ്പെട്ട സാത്വികനായിരുന്നു വി.സി സ്വാമിക്കുട്ടി. കോഴിക്കോട് വി.കെ.ഗുരുക്കള്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളിലും സത്സംഗങ്ങളിലും സംവാദങ്ങളിലുമൊക്കെ സ്വാമിക്കുട്ടി പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ പരസ്പരം പരിചിതരായി. ക്ഷേത്രങ്ങളിലും അതുപോലുള്ള മറ്റു ആരാധനാ കേന്ദ്രങ്ങളിലും നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരീകരിക്കാന്‍, ആത്മബോധമുണര്‍ത്തുന്ന തരത്തിലുള്ള, വി.കെ.ഗുരുക്കളുടെ പ്രഭാഷണങ്ങളിലൂടെ സാധ്യമാവുമെന്ന് ഹിന്ദുമത നവീകരണം കാണാന്‍ ആഗ്രഹമുള്ള സ്വാമിക്കുട്ടിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വാമിക്കുട്ടി കോഴിക്കോടും പരിസരങ്ങളിലുമുള്ള പല ക്ഷേത്രങ്ങളിലും, പൊതുവേദികളിലും ആത്മബോധമുണര്‍ത്തുന്ന വിഷയങ്ങളെ ആധാരമാക്കി വി.കെ.ഗുരുക്കള്‍ക്ക് പ്രഭാഷണ വേദിയൊരുക്കി കൊടുത്തു. ജാതി മത ഭേദമന്യേ ആത്മീയ വിഷയങ്ങള്‍ പഠിക്കുന്നതിനും സംസ്‌കൃത ഭാഷ പരിശീലിക്കുന്നതിനും പ്രദേശത്തുള്ള പലരും ആദരവോടെ വി.കെ.ഗുരുക്കളെ സമീപിച്ചു തുടങ്ങി.
ഈ കാലയളവിലാണ് വി.കെ.ഗുരുക്കള്‍ ബ്രഹ്‌മസമാജത്തില്‍ ആകൃഷ്ടനായത്. ബ്രഹ്‌മാനന്ദ ശിവയോഗികളും വി.കെ.ഗുരുക്കളും വിഗ്രഹാരാധനയെ നിഷേധിച്ചു കൊണ്ട് കോഴിക്കോട്ടെ പല പ്രദേശങ്ങളിലും പ്രഭാഷണ പരമ്പരകള്‍ തുടര്‍ന്നു. ഇതിനിടയിലാണ് കല്ലിങ്ങല്‍ മച്ഛത്തില്‍ രാരിച്ചന്‍ മൂപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട് രൂപം കൊടുത്ത ക്ഷേത്ര നിര്‍മാണ കമ്മിറ്റി ക്ഷേത്രനിര്‍മാണം പൂര്‍ത്തികരിച്ച് ശ്രീനാരായണ ഗുരുദേവരെ കൊണ്ട് ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠ നടത്തിക്കുകയും അതിന് ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചതും. പ്രതിഷ്ഠാകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി. ക്ഷേത്രാങ്കണത്തില്‍ വച്ച് നാരായണീയം പാരായണം നടത്തുന്നു എന്ന് അറിയുവാനിടവന്നതോടെ ഭക്തജനങ്ങള്‍ ഏറെ സന്തുഷ്ടരായിരുന്നു. എന്നാല്‍ അസൗകര്യം നിമിത്തം നാരായണീയ പാരായണം നടത്താമെന്നേറ്റ പണ്ഡിതന് ക്ഷേത്രത്തിലെത്തുവാന്‍ കഴിയില്ലെന്ന് അദ്ദേഹം ഭാരവാഹികളെ അറിയിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളെ നിരാശരാക്കാതെ തൃപ്തിപ്പെടുത്തണം. അതിനു പകരക്കാരനായി ഭാരവാഹികളില്‍ ചിലര്‍ വി.കെ.ഗുരുക്കളെയാണ് കണ്ടത്. ബിംബാരാധനയെ നിഷേധിക്കുന്ന ഒരാളെ വിഗ്രഹ പ്രതിഷ്ഠാകര്‍മ്മം നടക്കുന്നിടത്ത് ക്ഷണിക്കുന്നതില്‍ ഭാരവാഹികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി.
വിഗ്രഹാരാധനയെ നിഷേധിക്കുന്നവരെ നിരീശ്വരവാദികളായി പലരും കണക്കാക്കി ‘ അവര്‍ യാഥാസ്ഥിതികരുടെ സഹായത്തോടെ വി.കെ.ഗുരുക്കളുടെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ വ്യാപൃതമായ കാലമായിരുന്നു അത്. ശത്രുപക്ഷത്തുള്ളവര്‍ എതിര്‍ക്കുന്തോറും വി.കെ.ഗുരുക്കള്‍ അവരില്‍ ആത്മബോധമുണര്‍ത്തി. ഇതിനെ തടയുവാന്‍ സാധ്യമല്ലെന്ന് മനസിലാക്കിയ വിഗ്രഹപൂജകര്‍ രാരിച്ചന്‍ മൂപ്പനുമായി ആലോചിച്ച് വി.കെ.ഗുരുക്കളെക്കൊണ്ടുണ്ടാക്കുന്ന ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കുവാനുള്ള തീരുമാനത്തിലെത്തി. സര്‍വ ശാസ്ത്ര പണ്ഡിതനുമായി വാദം നടത്തുന്നതിനു വേണ്ടി വി.കെ. ഗുരുക്കളെ ക്ഷണിച്ചു കൊണ്ടുവന്നു ജനങ്ങളുടെ മുമ്പാകെ പരാജയപ്പെടുത്തുക. അതിനു വേണ്ടി അവര്‍ പണ്ഡിതനായ ഒരു ശാസ്ത്രികളെ കണ്ടെത്തി. വി.കെ. ഗുരുക്കളെ വാദത്തില്‍ പങ്കെടുക്കുന്നതിന് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചു.
ശാസ്ത്രികളും വി.കെ.ഗുരുക്കളും തമ്മിലുള്ള വാദ പ്രതിവാദങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി ടൗണ്‍ ഹാള്‍ ജനസാന്ദ്രമായി. വാദപ്രതിവാദത്തിനു വേണ്ടി പ്രവേശിക്കുന്നതിനു മുമ്പ് ശാസ്ത്രികളും വി.കെ.ഗുരുക്കളും വൈരാഗി മീത്തില്‍ വെച്ച് പരിചയപ്പെട്ടു. അവിടെ വച്ച് വി.കെ.ഗുരുക്കളുടെ അഗാധ പാണ്ഡിത്യം ശാസ്ത്രികള്‍ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ശാസ്ത്രികള്‍ വാദപ്രതിവാദത്തില്‍ പങ്കെടുത്തു. വിഗ്രഹാരാധനയുടെ പ്രാധാന്യം സമര്‍ത്ഥിച്ച് അതിനെ സാധൂകരിക്കാന്‍ വന്ന ശാസ്ത്രികള്‍ അതിനെതിരെ വി.കെ.ഗുരുക്കള്‍ നിരത്തിയ ആധ്യാത്മികതയില്‍ അധിഷ്ഠിതമായ യുക്തികളെ ഖണ്ഡനം ചെയ്യാനാവാതെ നന്നായി വിയര്‍ത്തു. ചില ദുര്‍ബലമായ ന്യായങ്ങളും, ബാലിശമായതും ചേര്‍ച്ചയില്ലാത്തതുമായ പ്രമാണങ്ങള്‍ നിരത്തി വി.കെ.ഗുരുക്കളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും അതിനെ അനായാസം ഖണ്ഡിക്കുകയും ചെയ്തതോടെ ശാസ്ത്രികള്‍ ആവനാഴിയിലെ അസ്ത്രം തീര്‍ന്ന യോദ്ധാവിന് സമമായി. ഒടുക്കം പരാജയം സമ്മതിച്ച ശാസ്ത്രികള്‍ പറഞ്ഞു ‘ഗുരുക്കള്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. അതിനെ ഖണ്ഡിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ട് ഈ മാര്‍ഗ്ഗം ശരിയെന്നു തോന്നുന്നവര്‍ അതു സ്വീകരിച്ചുകൊള്ളട്ടെ. അതല്ല വിഗ്രഹാരാധനാ മാര്‍ഗ്ഗമാണ് ശരിയെന്നു തോന്നുന്നവര്‍ അതു സ്വീകരിച്ചു കൊള്ളട്ടെ’.
ശാസ്ത്രികളും വി.കെ.ഗുരുക്കളും വിഗ്രഹാരാധനയെ പറ്റി നടത്തിയ ഖണ്ഡന മണ്ഡനങ്ങള്‍ പത്രത്താളുകളില്‍ നിന്നും ശിഷ്യന്മാര്‍ അയച്ചു കൊടുത്ത എഴുത്തുകളില്‍ നിന്നും മനസ്സിലാക്കിയ ബ്രഹ്‌മാനന്ദ ശിവയോഗികള്‍ക്ക് വി.കെ.ഗുരുക്കളുടെ നേര്‍ക്കുള്ള ആദരവും സന്തോഷവും വാക്കുകള്‍ക്കതീതമായിരുന്നു. ശിവയോഗികള്‍ തന്റെ ആശംസ ഗുരുക്കളെ അറിയിച്ചു.
‘സരസ്വതി സദ്ഭടനായ് വാക്കിനാല്‍
സദസ്സിനാനന്ദമതീവ നല്കയാല്‍
സു വാഗ്ഭടാനന്ദ വിശേഷ സംജ്ഞയെ
സുഖേനകൈകൊള്‍ക ജയിക്ക സംസദി ‘
ബ്രഹ്‌മാനന്ദ ശിവയോഗികള്‍ ആശംസയില്‍ അനുഗ്രഹിച്ചു നല്കിയ നാമധേയം അന്വര്‍ത്ഥമാക്കുന്ന വിധം സ്വന്തം വാക്കിന്റെ അത്ഭുതമായ ശക്തിയിലൂടെ വി.കെ.ഗുരുക്കള്‍ വാഗ്ഭടാനന്ദനായി മഹത്താല്‍ ജീവിതം ധന്യമാക്കി.
(ആത്മവിദ്യാസംഘം സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ലേഖകന്‍)












