ഏതൊരു മംഗള കര്‍മ്മങ്ങളിലും പ്രധാനമാണ് അഷ്ടമംഗല്യം. ശുഭകരമായ എട്ട് മംഗളവസ്തുക്കളുടെ കൂട്ടമാണിത്. ഇതില്‍ സുപ്രധാന സ്ഥാനമാണ് കേരള ടൂറിസം വകുപ്പ് പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ആറന്മുളയില്‍ നിന്ന് ലോകപ്രശസ്തി നേടിയ ആറന്മുള കണ്ണാടിയ്‌ക്കുള്ളത്. ആറന്മുളയിലെ 26 വിശ്വകര്‍മ കുടുംബങ്ങള്‍ക്ക് മാത്രം സ്വായത്തമായ രഹസ്യക്കൂട്ടാണ് ആറന്മുള കണ്ണാടിയെ ഇത്രത്തോളം സവിശേഷമാക്കുന്നത്. ഒപ്പം ഇത് നിര്‍മിക്കുന്നവരെയും.
തമിഴ്‌നാട്ടില്‍ നിന്ന് ആറന്മുളയില്‍ സ്ഥിരതാമസമാക്കിയ പുന്നംതോട്ടം കാര്‍ത്തിക ഭവനില്‍ മുരുകന്‍ രാജന്‍ ആചാരിയുടെ സര്‍വവും ഈ ആറന്മുള കണ്ണാടിയാണ്. അച്ഛനപ്പൂപ്പന്മാര്‍ പകര്‍ന്നു നല്കിയ പാരമ്പര്യത്തെ കൈവിടാതെ നെഞ്ചോട് ചേര്‍ത്ത് മുറുകെ പിടിച്ചിരിക്കുകയാണ് ഈ ശില്‍പി. അച്ഛനില്‍നിന്നും അമ്മാവനില്‍ നിന്നും തന്നിലേക്ക് കൈമാറിവന്ന ആ സൗഭാഗ്യം അദ്ദേഹത്തിന്റെ ജീവവായുവാണ്. തമിഴ്‌നാട് തിരുനെല്‍വേലിയാണ് മുരുകന്‍ രാജന്‍ ആചാരിയുടെ സ്വദേശം. തലമുറകള്‍ക്ക് മുമ്പ് ആറന്മുളയില്‍ സ്ഥിരതാമസക്കാരായതാണ് മുരുകന്റെ കുടുംബം.
തലമുറകള്‍ കൈമാറിയ പാരമ്പര്യം
പരേതനായ രാജന്‍ ആചാരിയുടെയും കനകമ്മാളിന്റെയും മകനാണ് മുരുകന്‍ രാജന്‍ ആചാരി. അദ്ദേഹത്തിന്റെ അച്ഛനും അമ്മാവന്‍ മണ്ഡലക്കുഴിയില്‍ പൊന്നപ്പന്‍ ആചാരിയും അഞ്ച് പതിറ്റാണ്ടിലേറെ ആറന്മുള മെറ്റല്‍ മിററിലെ കരകൗശല വിദഗ്ധരായിരുന്നു. ഇരുവരുടെയും ശിക്ഷണത്തിലാണ് മുരുകന്‍ ആചാരി ആറന്മുള കണ്ണാടിയുടെ നിര്‍മാണ കല സ്വായത്തമാക്കിയത്. പരമ്പരാഗത രീതി പിന്തുടര്‍ന്ന് ആറന്മുള കണാടിയുടെ കരകൗശലത്തില്‍ അദ്ദേഹം വൈദഗ്‌ദ്ധ്യം നേടി. തന്റെ കരകൗശല വൈദഗ്‌ദ്ധ്യം കൊണ്ട് കുടുംബത്തിന്റെ പാരമ്പര്യം സജീവവും ശക്തവുമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഭാരത സര്‍ക്കാരിന്റെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം നല്കുന്ന കരകൗശല തിരിച്ചറിയല്‍ കാര്‍ഡും മുരുകന് ലഭിച്ചു. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ആറന്മുള കണ്ണാടിയുടെ കരകൗശല വിദഗ്ധരില്‍ ഒരാളാണ് ഇദ്ദേഹം.
ചെറുപ്പം മുതല്‍ തന്നെ ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തില്‍ മുരുകന്‍ അച്ഛനെ സഹായിച്ചിരുന്നു. 2003 മുതലാണ് കണ്ണാടി നിര്‍മാണത്തില്‍ സജീവമായത്. പിന്നീട് പൂര്‍ണ ശ്രദ്ധയും അതിലേക്കായി. വ്യത്യസ്ത രീതികളില്‍, വലിപ്പത്തില്‍ ആറന്മുള കണ്ണാടിയെ ലോകത്തിന് മുന്നില്‍ മുരുകന്‍ അവതരിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ആലില മോഡലിലുള്ള ആറന്മുള കണ്ണാടിയാണ് അദ്ദേഹം നിര്‍മിച്ചത്. ഇതിന് മുമ്പ് ഏറ്റവും ചെറിയ ആറന്മുള കണ്ണാടി നിര്‍മിച്ചും അദ്ദേഹം വാര്‍ത്തകളിലിടം നേടിയിരുന്നു.
അഖില ഭാരത വിശ്വകര്‍മ ജഗദ്ഗുരു ആദിശിവലിംഗാചാര്യ സ്വാമികള്‍ മുരുകനെ ബ്രഹ്‌മശ്രീ പദവി നല്കി ആദരിച്ചു. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ആറന്മുള കണ്ണാടിയെക്കുറിച്ച് അദ്ദേഹം നിരവധി ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എക്‌സിബിഷന്‍, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് നടത്തുന്ന ദേശീയ കരകൗശല, പൈതൃക ഉത്സവം തുടങ്ങിയ വിവിധ തുണി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ പുനരുജ്ജീവനത്തിനും സാമൂഹിക വികസനത്തിനും വേണ്ടി സ്വയം സമര്‍പ്പിത സേവനങ്ങള്‍ക്കായി ഭാരത് സേവക് സമാജില്‍ (ഭാരത സര്‍ക്കാരിന്റെ പ്ലാനിങ് കമ്മിഷന്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സി) നിന്നും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സര്‍വവും തകര്‍ത്ത പ്രളയം
ഒരു വിങ്ങലോടെ മാത്രമേ 2018ലെ പ്രളയത്തെ ഓര്‍ത്തെടുക്കാന്‍ ആറന്മുളയിലെ കരകൗലവ വിദഗ്ധര്‍ക്കാവൂ. ആ സമയം മുരുകന്റെ പണിശാലയില്‍ മാത്രം പൂര്‍ത്തിയായതും അല്ലാത്തവയുമായി 10 ലക്ഷം രൂപയുടെ കണ്ണാടികളുണ്ടായിരുന്നു. പ്രളയത്തില്‍ പണിയായുധങ്ങളെല്ലാം നഷ്ടമായി. ഒപ്പം പണിശാലയും. ആറന്മുളയിലെ 26 പണിശാലകളില്‍ 22ഉം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.

കുടുംബം
മുരുകന്‍ രാജന്‍ ആചാരിയുടെ ഭാര്യ മഞ്ജു മംഗലം. അറിയപ്പെടുന്ന ചുമര്‍ചിത്ര കലാകാരിയാണ്. അലങ്കാരപ്പണികളും ചെയ്യാറുണ്ട്. ഗുരുവായൂരിലെ മേഘം എന്ന യുട്യൂബ് ചാനലിലൂടെ തന്റെ ചുമര്‍ ചിത്രങ്ങളും മറ്റും മഞ്ജു ആസ്വാദകരിലേക്കെത്തിക്കാറുണ്ട്. കൂടാതെ കണ്ണാടി നിര്‍മാണത്തില്‍ മുരുകന് സഹായിയുമാണ്.
അനന്തു കൃഷ്ണയും അസിത കൃഷ്ണയുമാണ് മക്കള്‍. ചെറുപ്പത്തില്‍ തന്നെ ഇരുവരും മുരുകനെ സഹായിക്കാന്‍ ഒപ്പം കൂടിയിട്ടുണ്ട്. ആറന്മുളയുടെ അതുല്യമായ, തങ്ങള്‍ക്ക് മാത്രം സ്വായത്തമായ ഈ കരകൗശലത്തിന്റെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാന്‍ അവരും താത്പര്യപ്പെടുന്നു.
ഐതിഹ്യം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് കരകൗശല വിദഗ്ധരെയും അവരുടെ കുടുംബങ്ങളെയും രാജകീയ മേധാവി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനായി ആറന്മുളയിലേക്ക് കൊണ്ടുവന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ധാരാളം വ്യത്യസ്തമായ ലോഹങ്ങളുണ്ടായിരുന്നു. അവയില്‍ നിന്ന് ചില ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കരകൗശല വിദഗ്ധര്‍ കണ്ണാടി നിര്‍മിക്കുകയും അത് അടങ്ങിയ ഒരു കിരീടം രാജാവിന് സമ്മാനിക്കുകയും ചെയ്തു.
അവരുടെ ലോഹനിര്‍മാണ വൈദഗ്ധ്യത്തില്‍ സന്തുഷ്ടനായ രാജാവ്, കരകൗശല വിദഗ്ധരെ ആറന്മുളയില്‍ തന്നെ തുടരാന്‍ ക്ഷണിച്ചു. അവരില്‍ ചിലര്‍ ആറന്മുളയില്‍ സ്ഥിരതാമസമാക്കി. അപൂര്‍വ ലോഹക്കൂട്ടില്‍ നിന്ന് കണ്ണാടികളുണ്ടാക്കി. ചെമ്പിന്റെയും ടിന്നിന്റെയും മിശ്രിതമാണ് കണ്ണാടിയുടെ ലോഹസങ്കരമെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ഈ കണ്ണാടിയുടെ നിര്‍മാണം ഇപ്പോഴും ഒരു രഹസ്യമാണ്. ലോഹശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ഭാരതത്തിന്റ വൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ് ആറന്മുള കണ്ണാടി.
#












