മലയാളികള്‍ പലര്‍ക്കും ഇന്നും ഹിമാലയ യാത്ര എന്നാല്‍ ചതുര്‍ധാമ യാത്രയോ (യമുനോത്രി, ഗംഗോത്രി, കേദാര്‍, ബദരി) കൈലാസ യാത്രയോ ഒക്കെയാണ്. ഹിമാലയം എന്നാലോ, നമ്മുടെ ശബരിമലയോ പളനിമലയോ പോലെ സന്ദര്‍ശിച്ചു മടങ്ങാവുന്ന ഒരു മല മാത്രവും. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല താനും. ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വത നിരയാണ് ഹിമാലയം. എവറസ്റ്റും കൈലാസവും കാഞ്ചന്‍ജംഗയും അടക്കം നിരവധിയനവധി പര്‍വ്വതങ്ങളുടെ മഹാ ശൃംഖല. ഗംഗയും യമുനയും സത്ലജും സിന്ധുവും അടക്കം ചെറുതും വലുതുമായ പരശതം നദികള്‍ ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്നു. ജമ്മു-കശ്മീര്‍ മുതല്‍ പശ്ചിമബംഗാള്‍ വരെ ഏതാണ്ട് പതിമൂന്ന് ഭാരത സംസ്ഥാനങ്ങളിലൂടെ ഹിമാലയം കടന്നുപോകുന്നു. കൂടാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലൂടെയും ഹിമാലയം സ്വന്തം സാന്നിധ്യം അറിയിക്കുന്നുണ്ട്.
കേവലം ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമല്ല ഹിമാലയത്തിനുള്ളത്, മറിച്ച് ഭാരതീയമായ ആത്മീയതയുടെയും തത്വചിന്തകളുടെയും ഒട്ടനവധി സാധനാ സമ്പ്രദായങ്ങളുടെയും പ്രഭവ കേന്ദ്രം കൂടിയാണ് ഹിമാലയം. കൂടാതെ പുരാണ പ്രോക്തങ്ങളായ നിരവധി പുണ്യസ്ഥലികളും ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്നു. ചതുര്‍ധാമങ്ങളും പഞ്ചകേദാര-പഞ്ചകൈലാസങ്ങളും അമരനാഥവും വൈഷ്ണോദേവിയുമടക്കം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഹാക്ഷേത്രങ്ങളുടെ ഇരിപ്പിടമെന്ന ഖ്യാതിയും ഹിമാലയത്തിന് സ്വന്തം. ജീവിത കാലയളവില്‍ ഒരിക്കലെങ്കിലും ഹിമാലയ ദര്‍ശനം നടത്തുക എന്നത് ഓരോ സനാതന ധര്‍മ വിശ്വാസിയുടെയും കടമയാണെന്ന് അതിനാല്‍ തന്നെ മഹാത്മാക്കള്‍ പറയുന്നു. പൗരാണികങ്ങളായ അനവധി സമ്പ്രദായങ്ങളില്‍പ്പെട്ട മഹാസിദ്ധന്മാരുടെയും ഋഷികളുടെയും സംന്യാസിമാരുടെയും വിഹാരഭൂമിയാണ് ഹിമാലയം എന്നതും ഒരു സത്യമാണ്.
ഇന്ന് മലയാളികള്‍ക്ക് പൊതുവെ സുപരിചിതമല്ലാത്ത ഹിമാലയ ക്ഷേത്രദര്‍ശനത്തെക്കുറിച്ചാണ് പറയുന്നത്. ഇക്കഴിഞ്ഞ സപ്തംബര്‍ 5 മുതല്‍ നടത്തിയ പഞ്ചബദരീദര്‍ശനമാണ് പ്രതിപാദ്യം. ഇതില്‍ ബദരി വിശാല്‍ എന്നറിയപ്പെടുന്ന ബദരിനാഥ് ഏവര്‍ക്കും പരിചിതമെങ്കിലും മറ്റ് നാല് ബദരികള്‍ അത്ര പരിചിതമല്ല. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വിവിധ ഇടങ്ങളിലായി ഏകദേശം 50 കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന പുരാതന ക്ഷേത്രശൃംഖലയാണ് പഞ്ച ബദരി അഥവാ അഞ്ച് ബദരികള്‍. യാത്രികരുടെയും തീര്‍ത്ഥാടകരുടെയും മറ്റും ഒഴുക്ക് തീരെയില്ലാതെ അതിമനോഹരവും സ്വര്‍ഗ്ഗസദൃശവുമായ ഹിമാലയന്‍ ഗ്രാമങ്ങളില്‍ തൂമഞ്ഞിന്റെ വെണ്‍ കംബളം പുതച്ച് അഗാധമായ യോഗനിദ്രയില്‍ അമരുന്നവയാണ് ഈ ക്ഷേത്രങ്ങള്‍. പുരാതനമായ ജ്യോതിര്‍മഠിന് (ഇപ്പോഴത്തെ ജോഷിമഠ്) ചുറ്റുമായാണ് പഞ്ചബദരികള്‍ നമുക്ക് മുന്നില്‍ ഇതള്‍ വിരിയുക. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പ്രസ്തുത ക്ഷേത്രങ്ങള്‍ എന്നറിയുമ്പോള്‍ അവയുടെ പ്രാധാന്യവും പൗരാണികതയും അതോടൊപ്പം തന്നെ ചരിത്ര പ്രാധാന്യവും നമുക്ക് മനസിലാവും. ദേവദാരുവും പൈനുംപേരറിയാത്ത നിരവധി അപൂര്‍വ്വ വൃക്ഷസഞ്ചയങ്ങളും തഴച്ചുവളരുന്ന മരതകക്കുന്നുകളും നാനാവിധങ്ങളായ സസ്യലതാദികള്‍ പരന്നു പരിലസിക്കുന്ന അതിമനോഹരമായ താഴ്വരകളും അത്ഭുതകരമായ ജൈവവൈവിധ്യങ്ങളും പക്ഷി മൃഗാദികളും നിറഞ്ഞ സുന്ദര വനാന്തരങ്ങളും ഇവയെ എല്ലാം വെണ്‍പട്ടുടുപ്പിച്ചുകൊണ്ട് പാറിനടക്കുന്ന കോടമടഞ്ഞിന്‍ മേഘങ്ങളും അതിശൈത്യത്തിലും ഗിരികന്ദരങ്ങളില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ഉദയസൂര്യനും ഒക്കെ ചേര്‍ന്ന് ഓരോ യാത്രികനെയും ഈ ഋഷിഭൂമിയിലെ തടവുകാരനാക്കി മാറ്റും എന്നതില്‍ സംശയമേയില്ല. ഗംഗാജലം പോലെ നിഷ്‌കളങ്കരും സാത്വികരുമായ ഗ്രാമീണര്‍ നമ്മെ യുഗങ്ങളായി കാത്തിരിക്കുന്നതുപോലെ തോന്നും, ഇവിടുത്തെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍. അങ്ങനെയങ്ങനെ ഏതൊരരസികനെയും കവിയും കവിയെ മഹാകവിയും മഹാകവിയെ കാളിദാസനും ഒക്കെ ആക്കി മാറ്റിത്തീര്‍ക്കുന്ന ദൃശ്യവിസ്മയങ്ങളുടെ കേദാരഭൂമി കൂടിയാണ് പഞ്ചബദരീ ക്ഷേത്രങ്ങള്‍. മനുഷ്യസഞ്ചാരമില്ലാതെ പ്രശാന്തസുന്ദരധ്യാനത്തിലമരുന്ന ഏതോ ഒരഭൗമ സ്ഥലിയില്‍ പൊടുന്നനെ എത്തിപ്പെട്ട ഒരു സമയസഞ്ചാരിയുടെ ശൂന്യമായ മനസോടെ മാത്രമേ നമുക്ക് പഞ്ച ബദരികളെ നോക്കി കാണാനാവൂ. കിഴുക്കാം തൂക്കായതും ഗഗനചുംബികളുമായ ഹിമാലയ ശൃംഗങ്ങളുടെ താഴ്വാരങ്ങളില്‍ നൂറ്റാണ്ടുകളായി മറഞ്ഞുകിടക്കുന്ന പഞ്ചബദരീ ക്ഷേത്രങ്ങള്‍ ഏതൊരു സാധകനെയും ആത്മാനന്ദത്തിന്റെ കൈലാസഗരിമയില്‍ എത്തിക്കുമെന്നത് പരമാര്‍ത്ഥ സത്യമാണ്.
1. ആദിബദരി

പഞ്ചബദരീ ശൃംഖലയിലെ ആദ്യക്ഷേത്രമാണ് ആദിബദരി. ഹരിദ്വാറില്‍നിന്ന് ബദരീനാഥിലേക്കുള്ള (ബദരി വിശാല്‍) യാത്രയില്‍ ഏകദേശം 200 കി.മീ കഴിഞ്ഞാണ് പുരാണ പ്രസിദ്ധമായ കര്‍ണ്ണപ്രയാഗ്. മഹാഭാരതത്തില്‍ കര്‍ണ്ണന്‍ ഇവിടെ ദീര്‍ഘകാലം ആധ്യാത്മിക സാധനകള്‍ അനുഷ്ഠിച്ചതായി പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് കര്‍ണ്ണപ്രയാഗ് എന്ന് പേര്‍ വന്നത്. കര്‍ണ്ണപ്രയാഗില്‍ നിന്ന് ഏകദേശം 38 കി.മീ ഉള്ളിലേക്ക് മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഹിമാലയ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ അതിമനോഹരമായ ആദിബദരി ഗ്രാമത്തിലെത്താം. നാലുഭാഗത്തും ഉത്തുംഗങ്ങളായ ഹിമ ശിഖരങ്ങളാല്‍ ചുറ്റപ്പെട്ട താഴ്വരയിലാണ് ആദിബദരീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിരലിലെണ്ണാവുന്ന വീടുകളും നാലഞ്ച് കടകളും മാത്രമുള്ള ഒരു ടിപ്പിക്കല്‍ ഹിമാലയ ഗ്രാമം, അതാണ് ആദി ബദരി. തണുത്തുറഞ്ഞ, പ്രാക്തനമായ, ഹിമഖമണ്ഡങ്ങള്‍ പോലുള്ള കരിങ്കല്‍ പാളികളാല്‍ നിര്‍മ്മിതമാണ് ആദി ബദരി ക്ഷേത്രം. ക്ഷേത്രത്തില്‍നിന്ന് ഒട്ടൊന്ന് കണ്ണോടിച്ചാല്‍ ചുറ്റുമുള്ള ഗിരികന്ദരങ്ങളില്‍ സൂര്യന്‍ സ്വര്‍ണ്ണവും ഈയവും ഉരുക്കിയൊഴിച്ച് ഇന്ദ്രജാലങ്ങള്‍ കാട്ടുന്നത് കാണാം. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി സൗന്ദര്യവും അത്യഗാധമായ ശാന്തതയും ക്ഷേത്രത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. ഐതിഹ്യങ്ങള്‍ അനുസരിച്ച് വേദവ്യാസന്‍ ഭാഗവതപുരാണം രചിച്ചത് ഇവിടെ വച്ചാണെന്ന് പറയപ്പെടുന്നു. സത്യ-ത്രേതാ-ദ്വാപരയുഗങ്ങളില്‍ മഹാവിഷ്ണു ഇവിടെയാണ് ധ്യാനനിമഗ്നനായിരുന്നതെന്ന് കരുതപ്പെടുന്നു. കലിയുഗത്തിന് മുന്‍പുള്ള നാരായണ സാന്നിധ്യം ഇവിടെ ആയിരുന്നതിനാലാണ് ഇതിന് ആദിബദരി എന്ന പേര്‍ വന്നത്. പഞ്ചപാണ്ഡവര്‍ അവരുടെ വനവാസത്തിന്റെ അവസാനവര്‍ഷം ചിലവഴിച്ചിരുന്നതും ഇവിടെയത്രെ.
എഡി അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും മധ്യേ ഗുപ്ത കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് ചരിത്രകാരന്മാരുടെ മതം. ഏതായാലും ഗര്‍വാള്‍ ക്ഷേത്രനിര്‍മാണ രീതിയിലുള്ള ആദിബദരിക്ഷേത്രം ഓരോ യാത്രികന്റെയും കണ്ണും മനസ്സും കുളിര്‍പ്പിക്കുന്നതുതന്നെ. ഗണപതിയും പരമശിവനും ഭദ്രകാളിയും അടക്കം മറ്റ് പതിനാലോളം ഉപ പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്. മുഖ്യപ്രതിഷ്ഠയായ ബദരീനാരായണന്‍ നിന്നുകൊണ്ട് ദര്‍ശനം അരുളുന്ന തരത്തിലാണ് വിധാനം.
ദര്‍ശനശേഷം മുന്നിലെ ഒരു ചെറിയ ചായക്കടയില്‍ കയറിയിരുന്നു. നല്ല ചൂടുള്ള ആലൂ റോട്ടിയും ദാലും ശുദ്ധമായ പശുവിന്‍പാലില്‍ തയ്യാറാക്കിയ ചായയും അമൃത് പോലെ കഴിച്ചു. മായങ്ങളേതുമില്ലാത്ത സ്വാദേറും ഗ്രാമീണ ഭക്ഷണം. കേരളത്തില്‍നിന്നാണ് എന്നു പറഞ്ഞപ്പോള്‍ ചായക്കടക്കാരന്റെയും അവിടെയുണ്ടായിരുന്ന ഒന്ന് രണ്ട് ഗഢ്വാളി ഗ്രാമീണരുടെയും മുഖം വിടര്‍ന്നു. ശങ്കരാചാര്യരുടെ നാട്ടില്‍ നിന്നോ…? ഭക്ഷണത്തിന്റെ വില ചോദിച്ചപ്പോള്‍ എന്തെങ്കിലും തന്നാല്‍ മതിയെന്നായി. തന്നില്ലെങ്കിലും വിരോധമില്ലത്രെ. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ച് പണം കയ്യില്‍ ഏല്‍പ്പിച്ച് അവിടെ നിന്നിറങ്ങിയപ്പോള്‍ ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു നോവ്. നമ്മുടെ സ്വന്തം വീട്ടില്‍നിന്ന് യാത്ര പറഞ്ഞിറങ്ങുന്നതുപോലെ. ഇതാണ് ഭാരതം. ഭാഷയും വസ്ത്രധാരണവും ഭക്ഷണവും ഭൂപ്രകൃതിയും ഒക്കെ വ്യത്യസ്തമാണ് എങ്കിലും ഏതോ ഒരദൃശ്യനൂല്‍ മുഴുവന്‍ ഭാരതീയരെയും കോര്‍ത്തിണക്കുന്നുണ്ട്. ആ മന്ത്രനൂലിനെ കണ്ടെത്താതെ ഭാരതത്തിന്റെ ആത്മാവിനെ അറിയാനാവില്ലതന്നെ.
2. വൃദ്ധബദരി

കര്‍ണ്ണപ്രയാഗയില്‍നിന്ന് ബദരീനാഥിലേക്കുള്ള യാത്രാമധ്യേ ജോഷിമഠ് എത്തുന്നതിന് ഏകദേശം 8-10 കി.മീ മുന്നിലാണ് പ്രസിദ്ധമായ വൃദ്ധബദരീക്ഷേത്രം. അവിടെ ഹേലാംഗ് പ്രവിശ്യയിലെ അനിമഠ് ഗ്രാമത്തില്‍നിന്ന് കഷ്ടിച്ച് ഒരു 250 മീറ്റര്‍ ഉള്ളിലേക്കിറങ്ങിയാല്‍ വൃദ്ധബദരീ ക്ഷേത്രമായി. പ്രസിദ്ധമായ പഞ്ചകേദാര്‍ ശൃംഖലയിലെ കല്‍പേശ്വര മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്ന മലനിരകളുടെ ഉപരിഭാഗത്താണ് വൃദ്ധബദരി നിലകൊള്ളുന്നത്. ഭഗവാന്‍ ആദിനാരായണന്‍ (മഹാവിഷ്ണു) തന്റെ പരമഭക്തനായ നാരദര്‍ക്ക് ഒരു വൃദ്ധന്റെ രൂപത്തില്‍ ദര്‍ശനമരുളിയതിനാലാണ് ഇവിടം വൃദ്ധബദരി എന്നറിയപ്പെടുന്നത്. ഇവിടുത്തെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയും വൃദ്ധരൂപത്തില്‍ ഉള്ളതാണ്. ഇത് ദേവശില്‍പി
യായ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രകൃതിക്ഷോഭത്താല്‍ മണ്ണടിഞ്ഞ ക്ഷേത്രം വീണ്ടെടുത്തത് ശങ്കരാചാര്യരെന്ന് ഐതിഹ്യം. ഇവിടെ ഉപപ്രതിഷ്ഠയായി പരമശിവനും അതിനു മുന്നില്‍ നന്ദികേശ്വരനും പരിലസിക്കുന്നു. വളരെ ചെറുതും നയനാനന്ദകരവുമായ ഒരു ഗ്രാമത്തിലാണ് വൃദ്ധബദരീക്ഷേത്രം. പര്‍വ്വത പാര്‍ശ്വങ്ങളില്‍ സാത്വികരായ ഗഢ്വാളി ഗ്രാമീണര്‍ അധിവസിക്കുന്നു. മലഞ്ചരിവുകളില്‍ സാധാരണ ചെയ്യുന്നതുപോലെ തട്ടുതട്ടായി തിരിച്ചുള്ള ചെറിയ കൃഷിയിടങ്ങള്‍. ഗോതമ്പും പയറും ഉരുളക്കിഴങ്ങും സമൃദ്ധമായി വളരുന്നു. ഇവിടെനിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ നടന്നാല്‍ ദുര്‍ഘടമായ കല്‍പേശ്വര്‍ മഹാദേവിലേക്ക് പോകാനുള്ള ടാക്സി ലഭിക്കും. സുമാര്‍ ഒരു 35 കി.മീ കൊടുംകാടുകള്‍ നിറഞ്ഞ മലനിരകള്‍ താണ്ടിയാല്‍ കല്‍പേശ്വര്‍ ഗുഹാക്ഷേത്രത്തിലെത്താം. പഞ്ചകേദാറില്‍പ്പെടുന്ന കല്‍പേശ്വര്‍ ഗുഹാക്ഷേത്രത്തില്‍ മഹാദേവനാണ് പ്രതിഷ്ഠ. കുരുക്ഷേത്ര യുദ്ധാനന്തരം സാക്ഷാല്‍ പരമശിവനെ തേടിയിറങ്ങിയ പാണ്ഡവര്‍ക്ക് ഭഗവാന്റെ തിരുജടയുടെ ദര്‍ശനം ലഭിച്ചു എന്ന് പറയപ്പെടുന്ന കല്‍പേശ്വര്‍ അപകടകാരികളായ ഹിമാലയന്‍ കരടികളുടെ (ഒശാമഹമ്യമി ആഹമരസ ആലമൃ) ഒരു ആവാസ വ്യവസ്ഥ കൂടിയാണ്. ഇവിടുത്തെ ഗുഹകളില്‍ ഏകാന്തവാസം ചെയ്യുന്ന സംന്യാസിമാര്‍ക്ക് പക്ഷെ ഈ കരടികള്‍ ഉറ്റമിത്രങ്ങളാണ് എന്നത് ഇവിടുത്തെ ഒരു പരസ്യമായ രഹസ്യമാണ്.
3. ഭവിഷ്യ ബദരി

പഞ്ചബദരീയാത്രയിലെ ഏറ്റവും മനോഹരമായ ഭൂമികയാണ് മൂന്നാമത്തെ ബദരിയായ ഭവിഷ്യബദരി. ഭാവിയിലെ ബദരിയായ ഇവിടെയെത്താന്‍ ജോഷിമഠി
ല്‍നിന്ന് 30 കിലോമീറ്ററോളം ഉള്ളിലേക്ക് യാത്രചെയ്യണം. സമുദ്രനിരപ്പില്‍നിന്ന് 2700 കിലോമീറ്ററിലധികം ഉയരത്തിലാണ് ഭവിഷ്യബദരി സ്ഥിതിചെയ്യുന്നത്. ബദരീനാരായണ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം സുബൈന്‍ എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലാണ്. ധൗലീഗംഗയുടെ അതിമനോഹരമായ സാന്നിധ്യമുള്ള ഈ ഗ്രാമത്തിലേക്കുള്ള വഴി അക്ഷരാര്‍ത്ഥത്തില്‍ നമ്മെ യുഗാരംഭത്തിലുള്ള ഏതോ കാല്‍പനിക ലോകത്തിലെത്തിക്കും. അങ്ങോട്ടുള്ള വഴി നിറയെ ചെമ്മരിയാടിന്‍കൂട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വെള്ളിമേഘങ്ങള്‍ കുറുകെ കടന്നുപോകും. റോഡിനിരുവശത്തുമായി മരതകപ്പട്ടില്‍ മുത്തു വിതറിയതുപോ
ലെ പുല്‍നാമ്പുകള്‍ ഹിമകണങ്ങളണിഞ്ഞ് നില്‍ക്കും. ഈ പുല്‍മേടുകള്‍ക്കിടക്കിടക്കായി കഴിവുറ്റ ഏതോ പൂന്തോട്ട നിര്‍മ്മാണ വിദഗ്ധന്‍ വച്ചുപിടിപ്പിച്ചതുപോലുള്ള കൂറ്റന്‍ പാറകള്‍, മേയാനിറങ്ങിയ കാട്ടുപോത്തിന്‍ കൂട്ടങ്ങളെ അനുസ്മരിപ്പിക്കും. ഭാംഗിന്റെയും ചൂവ്വാ (ബദരീനാഥനുംമറ്റും സവിശേഷമായ ലഡ്ഡു ഉണ്ടാക്കാനായി ഉപയോഗിക്കുന്ന എള്ള് പോലുള്ള ഒരു ധാന്യം) യുടെയും കൃഷിനിലങ്ങള്‍ പച്ചയും ചുവപ്പും കലര്‍ന്ന പരവതാനി പോലെ നിവര്‍ന്നു കിടക്കും. സര്‍വ്വോപരി മനുഷ്യസാന്നിധ്യമില്ലായ്‌മ നമുക്ക് തരുന്ന ധ്യാനസദൃശമായ അപാര ശാന്തത… വാക്കുകള്‍ക്കതീതമാണ് ഭവിഷ്യബദരിയാത്ര.
സ്തൂപികാഗ്ര വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട ഇടതൂര്‍ന്ന വനത്തിനുള്ളിലാണ് ഭവിഷ്യബദരീക്ഷേത്രം. വളരെ ചെറിയ ഒരു മുഖമണ്ഡപവും ശ്രീകോവിലും മാത്രം. ശ്രീകോവിലില്‍ സ്വയംഭൂവായ ബദരീനാരായണന്‍ അനുഗ്രഹം ചൊരിയുന്നു. പ്രകൃദിദത്തമായ ശിലയെ ആണ് വിഗ്രഹമായി ആരാധിക്കുന്നത്. ഗരുഡനും കുബേരനും ഉദ്ധവനും ഒക്കെ ഇരുവശങ്ങളിലുമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ആദിശങ്കരാചാര്യരാണ് ഇവിടെയും പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നതാണ് അത്ഭുതം. ഈ വിഗ്രഹം കാലാന്തരത്തില്‍ വളരുന്നു എന്നതിന് മുഖ്യപൂജാരി സാക്ഷ്യം പറയുന്നു. സ്‌കന്ദപുരാണത്തിലും മറ്റും ഭവിഷ്യബദരീ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.
ജോഷിമഠിലെ പ്രസിദ്ധമായ നരസിംഹ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ വലതുകരം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും കലിയുഗത്തിന്റെ അന്ത്യത്തില്‍ കരം ലോപിച്ച് വിട്ടുപോകും എന്നും വിശ്വസിക്കപ്പെടുന്നു. യുഗാന്ത്യത്തിന്റെ ആ നാളുകളില്‍ പരിസ്ഥിതി മാറ്റം മൂലം നരനാരായണ പര്‍വ്വതങ്ങള്‍ ഒന്നായിത്തീര്‍ന്ന് ബദരിയിലേക്കുള്ള പ്രകൃതിദത്ത മാര്‍ഗ്ഗം അടയ്‌ക്കപ്പെടും. അന്ന് ആദിനാരായണനായ മഹാവിഷ്ണു ബദരീക്ഷേത്രം വിട്ടിറങ്ങും എന്നും കല്‍ക്കി അവതരിക്കും എന്നുമാണ് പ്രമാണം. തുടര്‍ന്ന് കലിയുഗാന്ത്യം വരെ ബദരീനാഥന്റെ വാസസ്ഥാനം ഭവിഷ്യബദരി ആയിരിക്കുമെന്നും പുരാണങ്ങളില്‍ പരാമര്‍ശം ഉണ്ട്. ഭവിഷ്യ ബദരീദര്‍ശനം ഓരോ യാത്രികനും എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരപൂര്‍വ്വ സൗഭാഗ്യംതന്നെയാണ്. അവിടം വിട്ടിറങ്ങിയാലും ആഴ്ചകളോളം നമ്മുടെ മനസും ചിന്തകളും ആ ദേവഭൂമിയില്‍തന്നെയായിരിക്കും.
4. യോഗധ്യാന്‍ ബദരി

ബദരീനാഥ് ക്ഷേത്രത്തോളം തന്നെ പഴക്കം പറയപ്പെടുന്ന ക്ഷേത്രമാണ് യോഗധ്യാന്‍ ബദരി. ജോഷിമഠ്-ബദരീനാഥ് ഹൈവേയില്‍ ജോഷിമഠില്‍ നിന്ന് ഏകദേശം 25 കി.മീ കഴിഞ്ഞ് പാണ്ഡുകേശ്വര്‍ എന്ന ഗ്രാമത്തിലാണ് യോഗധ്യാന്‍ ബദരി സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പാണ്ഡവരുടെ പിതാവായ പാണ്ഡു തന്റെ പത്നിമാരായ കുന്തിയോടും മാദ്രിയോടുമൊത്ത് തപസും സാധനകളും ഒക്കെയായി ദീര്‍ഘനാള്‍ കഴിഞ്ഞ ഇടമത്രെ യോഗധ്യാന്‍ ബദരി. പാണ്ഡവരും കുരുക്ഷേത്ര യുദ്ധാനന്തരം യുദ്ധക്കറ കഴുകി കളയാനായിട്ട് ഇവിടെ സാധനാനുഷ്ഠാനങ്ങളുമായി കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് അവര്‍ പ്രസിദ്ധമായ സ്വര്‍ഗ്ഗാരോഹിണി മലനിരകളിലേക്ക് മഹാപ്രസ്ഥാനത്തിനായി പോകുന്നത്. ഗര്‍വാളിലെ കത്യൂരി രാജാക്കന്മാരാണ് ഇത് വീണ്ടെടുത്ത് പുനര്‍നിര്‍മ്മിച്ചത്. ഇതായിരുന്നു ഇതിഹാസ പ്രസിദ്ധമായ പാഞ്ചാലദേശം എന്നും അഭിപ്രായം ഉണ്ട്. രാജമാതാവായ കുന്തി സൂര്യ പുത്രനായ കര്‍ണന് ജന്മം നല്‍കിയതും പിന്നീട് കുരു ശ്രേഷ്ഠനായ പാണ്ഡുവിനെ വിവാഹം കഴിച്ചതും ഈ പുണ്യഭൂമിയില്‍ വച്ചത്രെ. ഇവിടുത്തെ ഉഷ്ണജല പ്രവാഹമായ സൂര്യകുണ്ഠില്‍ കുന്തി സൂര്യനെ പ്രസാദിപ്പിക്കാന്‍ തപം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇവിടുത്തെ വെങ്കല വിഗ്രഹം പ്രതിഷ്ഠിച്ചത് പാണ്ഡുവാണ്. ഭാഗവതത്തിലെ ഉദ്ധവന്റെയും കുബേരന്റെയും വാസസ്ഥാനവും യോഗധ്യാന്‍ ബദരിയാണ്. നാരായണമൂര്‍ത്തി യോഗധ്യാനാവസ്ഥയില്‍ ഇരിക്കുന്ന ക്ഷേത്രത്തോടൊപ്പംതന്നെ വാസുദേവ ക്ഷേത്രവും ചേര്‍ന്ന ഇരട്ട ക്ഷേത്രങ്ങളാണ് യോഗധ്യാന്‍ ബദരി. ഈ ക്ഷേത്രദ്വയങ്ങള്‍ക്ക് 100 മീറ്റര്‍ അപ്പുറത്തായി പ്രസിദ്ധമായ ഒരു കുബേരക്ഷേത്രവും ഉണ്ട്.

5.ബദരീനാഥ് (ബദരി വിശാല്‍)
യോഗധ്യാന്‍ ബദരിയില്‍നിന്ന് ഒരു 10 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മനുഷ്യജന്മത്തില്‍ അപൂര്‍വ്വ ദര്‍ശന സൗഭാഗ്യമായി പ്രഘോഷിക്കുന്ന ഭൂലോക വൈകുണ്ഠമായ സാക്ഷാല്‍ ബദരീനാഥിലെത്താം. സര്‍വ്വചരാചരങ്ങളുടെയും ചിദാകാശത്തില്‍ തെളിഞ്ഞു വിളങ്ങുന്ന സാക്ഷാല്‍ ആദിനാരായണന്‍ യുഗങ്ങളായി ഇവിടെ കാരുണ്യവര്‍ഷം ചൊരിയുന്നു. ആത്മാന്വേഷികളായ നിരവധി സാധകന്മാരുടെയും സര്‍വ്വസംഗ പരിത്യാഗികളായ മഹാസംന്യാസിമാരുടെയും ഗുപ്തോപാസകരായ അവധൂതന്മാരുടെയും തപോഭൂമി കൂടിയാണ് ബദരീനാഥ്. വിവിധ സമ്പ്രദായങ്ങളില്‍പെട്ട ധാരാളം സംന്യാസിമാരെ നമുക്ക് ബദരീനാഥില്‍ ഉടനീളം കാണാം. ഭാഗവതമടക്കം നിരവധി പുരാണ ഗ്രന്ഥങ്ങളില്‍ ബദരികാശ്രമത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നരനാരായണ പര്‍വ്വതങ്ങള്‍ക്കിടയിലായി വൈകുണ്ഠാധിപതിയായ മഹാവിഷ്ണു ബദരീനാഥത്തില്‍ കുടികൊള്ളുന്നു. മലയാളികള്‍ക്ക് വൈകാരികമായ മറ്റൊരു ബന്ധവുംകൂടിയുണ്ട് ബദരീനാഥുമായി. കാരണം ബദരീനാഥിലെ മുഖ്യപൂജാരി (റാവല്‍) മലയാളികൂടിയാണ്. ആദിശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന ബദരീനാഥിലെ പൂജാ വിന്യാസങ്ങളില്‍ കേരളത്തില്‍നിന്നുള്ള നമ്പൂതിരി കുടുംബത്തെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നത് ആശ്ചര്യജനകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മഹാവിഷ്ണു ഒരു കായയുടെ രൂപത്തില്‍ തപസിരുന്നതിനാലാണ് ഹിന്ദിയില്‍ ബദ്രി എന്ന പേര്‍ വന്നത്. അളകനന്ദാ നദിയുടെ തീരത്താണ് ബദരീനാഥ് സ്ഥിതിചെയ്യുന്നത്. എഡി 8-ാം നൂറ്റാണ്ടില്‍ ആദിശങ്കരാചാര്യരാണ് ബദരീനാഥ് വീണ്ടെടുത്തത് എന്ന് കരുതപ്പെടുന്നു. ബ്രഹ്മാവിന്റെ തലയറുത്തതിനുശേഷം ശിവന്‍ പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ബ്രഹ്മകപാലവും മഹാവിഷ്ണുവിന്റെ പാദങ്ങള്‍ പതിഞ്ഞ ചരണ്‍പാദുകവും അടക്കം നിരവധി പുരാണപ്രോക്തങ്ങളായ സവിശേഷ സ്ഥാനങ്ങളുടെ സംഗമഭൂമികൂടിയാണ് ബദരീനാഥ്. ആറുമാസം ദേവപൂജയും ആറുമാസം മനുഷ്യപൂജയും എന്നാണ് ബദരീനാഥിലെ സങ്കല്‍പം. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള 6 മാസ കാലയളവിലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കുക. ബാക്കി 6 മാസങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്ന ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവാറില്ല. സമുദ്രനിരപ്പില്‍നിന്ന് 3100 ല്‍ അധികം മീറ്റര്‍ ഉയരത്തിലാണ് ബദരീനാഥ് സ്ഥിതിചെയ്യുന്നത്. ബദരീനാഥില്‍ നിന്നാല്‍ പ്രസിദ്ധമായ നീലകണ്ഠ പര്‍വ്വതത്തിന്റെയും ദര്‍ശനം ഭക്തര്‍ക്ക് ലഭിക്കുന്നതാണ്. മഹാവിഷ്ണുവും കുബേരനും ലക്ഷ്മീദേവിയും ഗരുഡനും ഉദ്ധവനും അടക്കം എല്ലാ ഭാഗവതോത്തമന്മാരായ മഹാത്മാക്കളുടെയും സാന്നിധ്യമുള്ള ബദരീനാഥ് ദര്‍ശനം ബ്രഹ്മാനുഭൂതി തന്നെയാണ് വിളംബരം ചെയ്യുന്നത്. മൈനസ് താപനിലയിലും തിളച്ച വെള്ളം ഉത്ഭവിക്കുന്ന തപ്തകുണ്ഡ് ബദരീനാഥിലെ മറ്റൊരത്ഭുതമാണ്.
ബദരീനാഥ് ക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി പ്രസിദ്ധമായ മാനാ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെ കാണുന്ന വ്യാസഗുഹയിലിരുന്നാണ് വ്യാസന്‍ മഹാഭാരതം രചിച്ചത്. വ്യാസഗുഹയില്‍ ഇന്നും ഭഗവാന്‍ വ്യാസനും മഹാഗണപതിയും ഇരുന്നിരുന്ന ഇടങ്ങള്‍ ആരാധിച്ച് വരുന്നു. മാനാ ഗ്രാമത്തിലാണ് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സരസ്വതീനദി നഗ്നനേത്രങ്ങള്‍കൊണ്ട് നമുക്ക് കാണാനാവുക. ഇവിടെ അന്തര്‍ധാനം ചെയ്യുന്ന സരസ്വതീനദി പിന്നീട് പ്രയാഗ്രാജില്‍ (ഉത്തര്‍ പ്രദേശ്) ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ് സങ്കല്‍പം. ഇവിടെനിന്ന് സ്വര്‍ഗ്ഗാരോഹിണി യാത്രാപഥം ആരംഭിക്കുന്നു. പാണ്ഡവര്‍ അവരുടെ അവസാന യാത്ര തുടര്‍ന്നത് ഈ പാതയിലാണ്. ആദ്യമായി വീണുപോകുന്നത് പാഞ്ചാലിയാണ്. ആ സ്ത്രീരത്‌നം വീണിടത്ത് മനോഹരമായ ഒരു ക്ഷേത്രം നിലകൊള്ളുന്നു. തുടര്‍ന്നുള്ള യാത്രാപഥം അഷ്ടവസുക്കള്‍ തപം ചെയ്തിരുന്ന വസുധാര (ഇവിടെയാണ് 400 അടി മുകളില്‍ നിന്നു വീഴുന്ന പ്രസിദ്ധമായ വസുധാരാ വെള്ളച്ചാട്ടം), ലക്ഷ്മീ വനം, സതോപാന്ത് തടാകം എന്നിങ്ങനെയുള്ള സവിശേഷ സ്ഥലങ്ങളെ സ്പര്‍ശിച്ച് വിദൂരതയിലേക്ക് പോവുന്നു. ബദരീനാഥിന്റെ പ്രത്യേകതകളും അത്ഭുതങ്ങളും മറ്റും വിസ്താരഭയത്താല്‍ പ്രതിപാദിക്കുന്നില്ല. പഞ്ചബദരീ ദര്‍ശനം എന്തായാലും കേവലമായൊരു ഹിമാലയ യാത്രയല്ല; മറിച്ച് അത്യഗാധമായ ധ്യാനം പോലെ ആനന്ദദായകമാണ് എന്ന് പറയാതെ വയ്യ. മോക്ഷാര്‍ത്ഥിയായ ഓരോ ഭാരതീയനും നിശ്ചയമായും നടത്തേണ്ട ഒന്നത്രെ പഞ്ചബദരീ ദര്‍ശനം.
















