തിരുവല്ല: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ (കെഎസ്എഫ്ഡിസി) പ്രൊജക്ഷന്‍ അസിസ്റ്റന്റ് നിയമനത്തിന് പിഎസ്സി റാങ്ക് പട്ടികയുള്ളപ്പോഴും ഡ്യൂട്ടിയിലുള്ളത് താത്കാലികക്കാര്‍. കഴിഞ്ഞ ഏപ്രിലില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്ന് രണ്ടു പേര്‍ക്ക് മാത്രമാണ് നിയമന ശിപാര്‍ശ അയച്ചത്. ബാക്കിയുള്ളവര്‍ നിയമനത്തിന് കാത്തിരിക്കുകയാണ്. തിരുവല്ല സ്വദേശി വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വീശദീകരിച്ചിട്ടുള്ളത്.
2020ലാണ് ഇതിനു മുന്‍പ് ഈ തസ്തികയില്‍ നിയമനം നടന്നത്. അതിനുശേഷം 2023ലും 2024ലുമായി ഓരോ ഒഴിവ് മാത്രമേ പിഎസ്സിയെ അറിയിച്ചിട്ടുള്ളൂ. നിലവില്‍ ഒന്‍പത് യൂണിറ്റുകളിലായി 17 സ്‌ക്രീനുകളിലാണ് കോര്‍പറേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനായി 12 പ്രൊജക്ഷന്‍ അസിസ്റ്റന്റുമാരുടെയും 9 പ്രൊജക്ഷനിസ്റ്റുകളുടെയും തസ്തികയാണുള്ളത്. ആവശ്യമുള്ളതിന്റെ പകുതി പോലുമാകുന്നില്ല ഇത്.
എന്നാല്‍ തിയേറ്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം വരാതിരിക്കാന്‍ അതത് മാനേജര്‍മാര്‍ക്ക് പ്രാദേശികമായി കാഷ്വല്‍ ജോലിക്കാരെ നിയോഗിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇത് മുതലെടുത്താണ് സ്വന്തക്കാരെ താത്കാലികാടിസ്ഥാനത്തില്‍ പലരും നിയമിച്ചിട്ടുള്ളത്. ഇങ്ങനെ പത്തും പന്ത്രണ്ടും വര്‍ഷമായി ജോലി ചെയ്യുന്നവരുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. അന്വേഷിക്കുന്നവരോട് ഇത് താത്കാലിക ക്രമീകരണം മാത്രമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ താത്കാലിക ക്രമീകരണത്തിനെതിരെ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
പ്രൊജക്ഷന്‍ അസിസ്റ്റന്റുമാരുടെ നിയമനത്തിന് കോര്‍പറേഷനില്‍ പ്രത്യേകിച്ച് ചട്ടങ്ങളൊന്നുമില്ല. തിയേറ്ററുകളിലെ പ്രദര്‍ശനത്തിന് അനുസരിച്ച് നിയമിക്കുന്നതാണ് പതിവ്. പ്രൊജക്ഷന്‍ ചുമതല നിര്‍വഹിക്കുന്ന കാഷ്വല്‍ വര്‍ക്കേഴ്സിന് എട്ടുമണിക്കൂര്‍ ജോലിക്ക് 650 രൂപയാണ് പ്രതിഫലം. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമേ കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.













