(കേന്ദ്ര നിയമ-നീതി മന്ത്രാലയം സഹമന്ത്രി (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യ സഹമന്ത്രി)
മണ്‍സൂണ്‍ എന്ന പദം ഭാരതമെമ്പാടും ഉത്സാഹവും അഭിമാനവും ഉണര്‍ത്തുന്നു. നവീകരണത്തിന്റെയും നൂതനാശയങ്ങളുടെയും പ്രതീകമായി വര്‍ത്തിക്കുന്ന വര്‍ഷകാലം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് അനിവാര്യമായ ഉത്തേജനം പകരുന്നു. ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങളും, സമൃദ്ധമായ വര്‍ഷകാലവും, നദികളെ പുനരുജ്ജീവിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ജലസ്രോതസ്സുകളെ സമ്പന്നമാക്കുകയും ചെയ്യുന്നു. സമൃദ്ധിയുടെ ആഗമനത്തെ അടയാളപ്പെടുത്തുന്ന മണ്‍സൂണ്‍, സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി സമന്വയിക്കുമ്പോള്‍, ദേശസ്നേഹത്തിന്റെ സവിശേഷമായ സുഗന്ധം പരക്കുന്നു. ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തില്‍, ഉത്ക്കര്‍ഷേച്ഛയുള്ള പൗരന്മാര്‍ക്കായി ഒരു മാര്‍ഗരേഖ മുന്നോട്ടു വച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ രൂപപ്പെടുത്തി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമാരംഭിച്ചപ്പോള്‍, ഭാരതത്തിന് മഹത്വം വിളിച്ചോതുന്ന സമ്മേളനം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സൈനികരുടെ ശൗര്യം, ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം, പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര ഫാക്ടറികള്‍ക്കെതിരായ നിര്‍ണായക പ്രഹരങ്ങള്‍, സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത് – ഇവയെല്ലാം ഭാരതത്തിന്റെ ശക്തമായ ഇച്ഛാശക്തിയുടെ സാക്ഷ്യങ്ങളാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ദേശീയ മനസില്‍ മായാത്ത മുദ്ര പതിപ്പിച്ചു. എന്നാല്‍, എല്ലാ വിഷയങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചിട്ടും, പ്രതിപക്ഷം നിരന്തരം തടസങ്ങള്‍ സൃഷ്ടിച്ചു – വിശാലമായ പൊതുജന താത്പര്യം പണയപ്പെടുത്തി ചര്‍ച്ചയെ കേവലം രാഷ്‌ട്രീയ തന്ത്രമാക്കി ചുരുക്കി.
ദേശീയ താത്പര്യത്തിന് മേല്‍ സ്വാര്‍ത്ഥതാത്പര്യം സ്ഥാപിക്കുന്ന കോണ്‍ഗ്രസിന്റെ വിട്ടുമാറാത്ത പ്രകൃതത്തിന്റെ തിക്തഫലങ്ങള്‍ രാജ്യം ഏറെക്കാലമായി അനുഭവിക്കുന്നു. ദുരന്തപൂര്‍ണ്ണമായ വിഭജനം മുതല്‍, കനത്ത വില നല്‍കേണ്ടി വന്ന നെഹ്റുവിയന്‍ നയതന്ത്രത്തിന്റെ പരാജയങ്ങള്‍ വരെ. ഭാരതം എന്ന ആശയത്തെ എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിയതെന്നതിന് ചരിത്രം സാക്ഷിയാണ്. സിന്ധു നദീജലക്കരാര്‍ (1960) സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതി അപകടത്തിലാക്കിക്കൊണ്ടുള്ള പ്രീണനത്തിന്റെയും അമിത ഔദാര്യത്തിന്റെയും കഥയാണ് വെളിവാകുന്നത്- ഇത് രാഷ്‌ട്രത്തിന്റെ വളര്‍ച്ചാ സാധ്യതകളെ തടസപ്പെടുത്തി. വികസനവുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ ത്യാഗങ്ങള്‍ സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനുമേല്‍ പാകിസ്ഥാന്റെ താത്പര്യങ്ങളെ പ്രതിഷ്ഠിക്കുന്ന രാഷ്‌ട്രീയ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം ഇന്നും വിരോധാഭാസമായിത്തുടരുന്നു.
ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള സിന്ധു നദീജല ഉടമ്പടി പ്രകാരം, ഭാരതത്തില്‍ ഉത്ഭവിക്കുന്ന സിന്ധു നദിയിലെ ജലം പാകിസ്ഥാന് അനുകൂലമായ രീതിയില്‍ ഏറെക്കാലമായി വിതരണം ചെയ്തു വരികയായിരുന്നു (80:20). സിന്ധു, ചെനാബ്, ഝലം എന്നീ പ്രധാന പടിഞ്ഞാറന്‍ നദികളുടെ നിയന്ത്രണം ഉപേക്ഷിക്കാന്‍ ഭാരതം നിര്‍ബന്ധിതമായി. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വരണ്ടതും വരള്‍ച്ചബാധിതവുമായ വിശാലമായ പ്രദേശങ്ങളെ ഫലഭൂയിഷ്ഠമായി രൂപാന്തരപ്പെടുത്താന്‍ കഴിയുമായിരുന്ന വലിയ ജലസ്രോതസ്സാണ് അതോടെ നഷ്ടപ്പെടുത്തിയത്. ദേശീയ താത്പര്യത്തിന് പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍, ജല അടിസ്ഥാന സൗകര്യങ്ങളുടെ വിവേകപൂര്‍ണ്ണമായ വിനിയോഗത്തിലൂടെ ഈ വിശാലമായ പ്രദേശത്തിന്റെ വികസന ചലനാത്മകതയെ ശക്തിപ്പെടുത്താമായിരുന്നു.
ഈ മഹത്തായ ത്യാഗം വിശാലമായ നയതന്ത്ര നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷകള്‍ മിഥ്യാധാരണയാണെന്ന് എന്നേ തെളിഞ്ഞു. കരാറിന്റെ നടപടിക്രമങ്ങള്‍ ആശങ്കകളെ കൂടുതല്‍ ബലപ്പെടുത്തുകയാണുണ്ടായത്. 1960 സെപ്തംബര്‍ 19 നാണ് കരാര്‍ ഒപ്പുവച്ചത്. രണ്ട് മാസത്തിന് ശേഷം നവംബറില്‍ കരാര്‍ പാര്‍ലമെന്റിന് മുമ്പാകെ വച്ചു. വെറും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാമമാത്ര ചര്‍ച്ച മാത്രമാണ് അനുവദിച്ചത്. വസ്തുതകള്‍ പുറത്തുവന്നയുടനെ, ഈ കരാറിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം പ്രമുഖ പത്രങ്ങള്‍ തലക്കെട്ടുകളിലൂടെ പ്രതികൂല അഭിപ്രായങ്ങള്‍ പ്രകടമാക്കി. ഇത്തരമൊരു സുപ്രധാന കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററില്‍ സ്വീകരിച്ച തിടുക്കപ്പെട്ട സമീപനം അന്നത്തെ നേതൃത്വത്തിന്റെ ജനാധിപത്യത്തോടുള്ള താത്പര്യം, സുതാര്യത, ലക്ഷ്യബോധം എന്നിവ സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി.
പാര്‍ലമെന്റിന്റെ പരിമിതമായ പരിശോധനാ വേളയില്‍പ്പോലും, സിന്ധു നദീജലക്കരാര്‍ പാര്‍ലമെന്റിനുള്ളില്‍ കാര്യമായ എതിര്‍പ്പ് നേരിട്ടു. പാകിസ്ഥാന്റെ യുക്തിഹീനമായ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് സൗമനസ്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുമെന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ വാദം അടിസ്ഥാനപരമായി പിഴവുകള്‍ നിറഞ്ഞതാണെന്ന് അന്ന് യുവ എംപി ആയിരുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മുന്നറിയിപ്പ് നല്‍കി.
1960 നവംബര്‍ 30-ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ച, കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ കരാര്‍ വിമര്‍ശന വിധേയമാകുന്നതിന് സാക്ഷ്യം വഹിച്ചു. മിക്ക അംഗങ്ങളും രാജ്യതാത്പര്യം അവഗണിച്ചതിനും പാകിസ്ഥാനെ പ്രീണിപ്പിക്കുന്നതിനും പാകിസ്ഥാനോട് കീഴടങ്ങുന്നതിനും സര്‍ക്കാരിനെ വിമര്‍ശിച്ചു. കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ഹരീഷ് ചന്ദ്ര മാത്തൂര്‍, അശോക് മേത്ത, എ.സി. ഗുഹ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി കെ.ടി.കെ. തങ്കമണി, സര്‍ദാര്‍ ഇഖ്ബാല്‍ സിങ്, ബ്രിജ്രാജ് സിങ് എന്നിവര്‍ ജലനയതന്ത്രത്തിന്റെ പരാജയത്തെക്കുറിച്ചുള്ള സത്യസന്ധമായ ആശങ്കകളും ദൃശ്യമായ പ്രത്യാഘാതങ്ങളും വ്യക്തമായി ഉന്നയിച്ചു. ‘കൊടുക്കല്‍ വാങ്ങല്‍ എന്നല്ല, ഏകപക്ഷീയമായ വിട്ടുവീഴ്ച’ എന്നാണ് പൊതുവെ കരാര്‍ സംഗ്രഹിക്കപ്പെട്ടത്.
ഈ സാഹചര്യത്തില്‍, ലോക്സഭയില്‍ മറുപടി നല്‍കുന്നതിനിടെ പ്രധാനമന്ത്രി നെഹ്റു എംപിമാരുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുകയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് വിരോധാഭാസമായിരുന്നു. പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനം വസ്തുതയെയും പരിഗണനയെയും സംബന്ധിച്ച ധാരണയുടെ അഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഇത്രയും പ്രാധാന്യമുള്ള ഒരു കാര്യം വളരെ ലാഘവത്തോടെയും നിസ്സാരമായും ഇടുങ്ങിയ ചിന്താഗതിയോടെയും കൈകാര്യം ചെയ്യേണ്ടിവരുന്നതില്‍ എനിക്ക് വിഷമമുണ്ട്’ എന്ന് അദ്ദേഹം (നെഹ്റു) തുടര്‍ന്നു പറഞ്ഞു.
ഭാരത താത്പര്യങ്ങളെ ഹനിക്കുന്ന കരാര്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നാഴികക്കല്ലായിരുന്നു. കരാറിന്റെ നിയമസാധുതയും ഗുണവശങ്ങളും പാകിസ്ഥാനെതിരാണെന്ന് അയൂബ് ഖാന്‍ ഒരു പൊതു പ്രക്ഷേപണത്തില്‍ സമ്മതിച്ചു. എന്നാല്‍ നെഹ്റുവിയന്‍ നയതന്ത്ര പരാജയം പാകിസ്ഥാന് പിടിവള്ളിയായി. 1960 സെപ്തംബര്‍ നാലിന് റാവല്‍പിണ്ടിയില്‍ നടത്തിയ പൊതു പ്രക്ഷേപണത്തില്‍, അയൂബ് ഖാന്‍ പറഞ്ഞു, ‘നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പരിഹാരം സമ്പൂര്‍ണ്ണമായും സ്വീകാര്യമായ ഒന്നല്ല…. പക്ഷേ, വിഷയത്തില്‍ ഉയര്‍ന്നു വരാവുന്ന അര്‍ഹതയും നിയമസാധുതയും സംബന്ധിച്ച ചോദ്യങ്ങള്‍, എതിരായേക്കാവുന്ന സാഹചര്യത്തില്‍, നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിഹാരമാണിത്’. ദേശീയ താല്‍പ്പര്യത്തെ ദ്വിതീയ ഘട്ടത്തില്‍ നിര്‍ത്തുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഈ വെളിപ്പെടുത്തലുകള്‍ ഇപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
1961 ഫെബ്രുവരി 28-ന് പ്രധാനമന്ത്രി നെഹ്റു തന്നെ ഈ നിരാശ അംഗീകരിച്ചതായി നിരഞ്ജന്‍. ഡി. ഗുലാത്തി തന്റെ ‘സിന്ധു ജല ഉടമ്പടി: അന്താരാഷ്‌ട്ര മധ്യസ്ഥതയില്‍ ഒരു പരിഹാരം’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നു. ‘ഈ കരാര്‍ മറ്റ് പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നാം തുടങ്ങിയിടത്ത് തന്നെയാണ് നില്‍ക്കുന്നത്.’ കരാറിന് ശേഷമുള്ള സംഭവവികാസങ്ങള്‍ അതിന്റെ അസമത്വ സ്വഭാവത്തിന് അടിവരയിടുന്നു. നെഹ്റുവിന്റെ അലംഭാവവും ദേശീയ താത്പര്യത്തോടുള്ള അവഗണനയും കാലക്രമേണ വിജയിച്ചു. അന്താരാഷ്‌ട്ര ജല കരാര്‍ ഒപ്പുവയ്‌ക്കുന്നത് ‘ഒരു വലിയ ചുവടുവയ്‌പ്പാണെന്നും ആ ഒത്തുതീര്‍പ്പ് (കശ്മീരിന്റെ) പ്രദേശിക പ്രശ്നങ്ങളേക്കാള്‍ പ്രധാനമായിരുന്നു…’ എന്നും 1962 ഫെബ്രുവരിയില്‍, വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, പ്രധാനമന്ത്രി നെഹ്റു പറയുകയുണ്ടായി.
വ്യക്തമായ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ, സമാധാനത്തിനും അന്താരാഷ്‌ട്ര അംഗീകാരത്തിനും വേണ്ടിയുള്ള അഭിനിവേശത്താല്‍ നയിക്കപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ഭാരതത്തിന്റെ ദീര്‍ഘകാല ജലസുരക്ഷയും സമൃദ്ധിയും ബലി കഴിച്ചുള്ള നയതന്ത്രത്തിന് മുന്‍ഗണന നല്‍കി. ഈ പ്രീണന നയം ഒട്ടേറെ മേഖലകളിലെ ദേശീയ മുന്നേറ്റത്തിന് ഹാനികരമാണെന്ന് തെളിഞ്ഞു. കരാറില്‍ നിന്ന് പ്രതീക്ഷിച്ച മാനസികവും വൈകാരികവുമായ നേട്ടങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല; പകരം, അത് യുദ്ധങ്ങളുടെയും അതിര്‍ത്തി കടന്നുള്ള നിരന്തര സംഘര്‍ഷങ്ങളുടെയും രൂപത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായി. കര്‍ശനമായ ജല പങ്കിടല്‍ ക്രമീകരണം വരള്‍ച്ചയെ നേരിടാനും, ജലസേചനം വിപുലമാക്കാനും, ദുര്‍ബല പ്രദേശങ്ങളില്‍ കൃഷി ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ഭാരതത്തിന്റെ ശേഷിയെ പരിമിതപ്പെടുത്തി. അധികാരക്കൊതി പൂണ്ട ഭരണകൂടങ്ങള്‍ക്ക് സ്വാശ്രയത്വം കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടില്ല. അത് രാജ്യത്തെ ദുര്‍ബലപ്പെടുത്തി. ഫലത്തില്‍, ഈ കരാര്‍ ഭാരതത്തിന് ജലനയതന്ത്ര പരാജയവും പാകിസ്ഥാന് രാഷ്‌ട്രീയ വിജയവുമായിരുന്നു.
ഇപ്പോള്‍, ഈ ചരിത്രപരമായ വിഡ്ഢിത്തം തിരുത്താന്‍ മോദി സര്‍ക്കാര്‍ നിര്‍ണ്ണായകവും ധീരവുമായ നടപടി കൈക്കൊള്ളുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കുള്ള പിന്തുണ പാകിസ്ഥാന്‍ എന്നെന്നേക്കുമായി വിശ്വസനീയമാം വിധം ഉപേക്ഷിക്കുന്നതുവരെ അന്താരാഷ്‌ട്ര നിയമപ്രകാരമുള്ള പരമാധികാരങ്ങള്‍ വിനിയോഗിച്ച് സിന്ധു നദീജല കരാര്‍ മരവിപ്പിച്ചിരിക്കുന്നു. ദേശീയ താത്പര്യത്തെ ഹനിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പാണ് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം: ‘ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് കൊണ്ട് പോകാനാകില്ല; വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.’ മുന്‍കാല നയങ്ങളില്‍ നിന്നുള്ള ധീരവും ചരിത്രപരവുമായ വ്യതിയാനമാണ് ഈ പ്രഖ്യാപനം. ഇത് കേവലം നയതന്ത്രപരമായ പുനഃക്രമീകരണമല്ല, മറിച്ച് പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നുള്ള നിരന്തര ഭീഷണികള്‍ നേരിടുന്നതില്‍ ‘രാഷ്‌ട്രം ആദ്യം’ എന്ന തത്വം എല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിച്ചുകൊണ്ട്, രാജ്യത്തിന്റെ വിഭവങ്ങളും കര്‍ഷകരുടെ താല്‍പ്പര്യങ്ങളും അനുബന്ധ പങ്കാളികളുടെ ഉപജീവന അവസരങ്ങളും സംരക്ഷിക്കാനുള്ള പരമാധികാരത്തിന്റെ ഉറപ്പാണ്.
സിന്ധു നദീജലക്കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചതിന് നയതന്ത്രത്തിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ കൂടിയുണ്ട് – ഇത് വികസിത് ഭാരത് @2047 സാക്ഷാത്കരിക്കാനുള്ള ഭാരതത്തിന്റെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു. ജലസ്രോതസ്സുകളുടെ നിയന്ത്രണം വീണ്ടെടുക്കുന്നതിലൂടെ, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും, ജലസേചനം ശക്തിപ്പെടുത്താനും, വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഭാരതത്തിന് കഴിയും – ഒരു വികസിത രാഷ്‌ട്രമാകുന്നതില്‍ ഇവയെല്ലാം പ്രധാന പങ്കു വഹിക്കും. കാലഹരണപ്പെട്ട കരാറുകളിലൂടെ അടിച്ചേല്പിക്കപ്പെട്ട വിട്ടുവീഴ്ചകള്‍ക്ക് ഈ തീരുമാനം
അറുതി വരുത്തുകയും ജല പരമാധികാരം പുരോഗതിയുടെ അടിസ്ഥാന ശിലയായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. സ്വാശ്രയത്വം, സുസ്ഥിരത, സര്‍വ്വാശ്ലേഷിയായ വളര്‍ച്ച എന്നീ ദൗത്യങ്ങളോട് സുഗമമായി സമന്വയിക്കുന്ന ധീരമായ ഒരു ചുവടുവയ്‌പ്പാണിത്.
















