ഒരു കര്‍ക്കടക മാസം കൂടി കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പിന്നെ പൊന്നിന്‍ ചിങ്ങമായി. ചിങ്ങത്തെ അങ്ങനെ വിശേഷിപ്പിക്കുന്നതു ശരിയായിരിക്കാം. പക്ഷേ, കര്‍ക്കടകം എങ്ങനെ കള്ളക്കര്‍ക്കടകവും പഞ്ഞമാസവുമായി? കാര്‍മൂടി ഇരുണ്ട ദിനങ്ങള്‍ ഫലത്തില്‍ പ്രകൃതിയുടെ വരദാനമാണ്. പ്രകൃതിയുടെ സംതൃപ്തിയും സന്തോഷവുമാണത്രെ മഴയായി പെയ്തിറങ്ങുന്നത്. മണ്‍മറഞ്ഞവരുടെ ആത്മാക്കളുടെ സന്തോഷമാണ് മഴ എന്നും വിശ്വാസമുണ്ട്. പിന്നാലെ വരുന്ന ചിങ്ങത്തിനു പൊന്നിന്‍ പ്രഭനല്‍കുന്നത് കര്‍ക്കടകത്തിലെ ഈ ഇരുണ്ട കാലമാണ്. ഇരുണ്ടാലല്ലേ വെളിച്ചത്തിനു പൊലിമ കൂടുകയുള്ളൂ.
ശരിയായ ദൃഷ്ടിയില്‍ കര്‍ക്കടകം പഞ്ഞമാസമല്ല. സംഭരണ മാസമാണ് എന്ന് ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഒരിക്കല്‍ പറഞ്ഞിരുന്നു. കരുതലിന്റെ കാലമാണത്. പ്രകൃതി ഭൂഗര്‍ഭത്തില്‍ ജലം സംഭരിക്കുന്നത് ഇക്കാലത്താണ്. കുളങ്ങളും കിണറുകളും കായലുകളും പുഴകളും നദികളും തണ്ണീര്‍ത്തടങ്ങളും ജലസമൃദ്ധമാകുന്ന ദിനങ്ങളാണത്. ആ സംഭരണിയില്‍ നിന്നാണ് വേനലില്‍ നമുക്ക് ജലം കിട്ടുന്നത്. പക്ഷേ, അന്നു നമ്മള്‍ കര്‍ക്കടകത്തെ ഓര്‍ക്കാറില്ല. അതിവര്‍ഷവും തീവ്രവര്‍ഷവുമുണ്ടാകുന്നത് ഈ മാസത്തിന്റെ കുറ്റമല്ല. നമ്മുടെ ജീവിത ശൈലിയുടെ കുഴപ്പമാണ്. പ്രകൃതിയുടെ ആവരണവും ശ്വാസകോശവുമായ സസ്യജാലങ്ങളും അതിനൊപ്പം ജീവജാലങ്ങളും കുറയുകയും മനുഷ്യരുടെ സംഖ്യമാത്രം കൂടിവരുകയും ചെയ്യുന്നതു കര്‍ക്കടകത്തിന്റെ തെറ്റല്ലല്ലോ. സസ്യങ്ങള്‍ ധാതുസമ്പത്തും ഔഷധ മൂല്യങ്ങളും സംഭരിക്കുന്നതും ഈ കാലത്താണ്. കര്‍ക്കടക മാസത്തില്‍ സസ്യങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധക്കഞ്ഞി പ്രധാനമാകുന്നത് അതുകൊണ്ടാണ്. സസ്യങ്ങളില്‍ ഇക്കാലത്ത് ഔഷധഗുണം കൂടിയിരിക്കും. ഇല്ലം നിറയുടെ കാലവും ഇതാണ്. നെല്‍കൃഷി വ്യാപകമായിരുന്ന കാലത്ത് കൊയ്‌ത്തു കഴിഞ്ഞു നെല്ലറകള്‍ നിറച്ചിരുന്ന കാലം.
സുഖ ചികില്‍സയുടെ കാലവുമാണ് കര്‍ക്കടകം. ആയുര്‍വേദ വിധിപ്രകാരം ചികില്‍സയ്‌ക്ക് ഏറ്റവും യോജിച്ച കാലം കര്‍ക്കടകമാണ്. ഇക്കാലത്തു തയ്യാറാക്കുന്ന മരുന്നുകള്‍ക്കു ഗുണം കൂടും. ശരീര പോഷണത്തിന് ഏറ്റവും യോജിച്ച കാലാവസ്ഥ. അതും ഒരു കണക്കില്‍ സംഭരണം തന്നെയാണല്ലോ. ആരോഗ്യ സംഭരണം. അതു ശരീരത്തിനാണെങ്കില്‍, മനസ്സില്‍ ഭക്തിയും അതുവഴി മാനസികാരോഗ്യവും കുടുംബത്തില്‍ ഐശ്വര്യവും നിറയ്‌ക്കുന്ന കാലവുമാണ് കര്‍ക്കടകം.
രാമായണ പാരായണം അതിന്റെ ഭാഗമത്രെ. പുരാണ പാരായണത്തിനും ഭഗവല്‍സേവയടക്കമുള്ള പൂജാദികര്‍മങ്ങള്‍ക്കും പ്രധാനമാണ് കര്‍ക്കടകമാസം. പൂജാദികള്‍ക്ക് സാഹചര്യമില്ലാത്തവര്‍ പാരായണങ്ങളിലും ജപങ്ങളിലും മുഴുകും. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടക്കും. മൊത്തത്തില്‍ ഭക്തിയുടെ ദിനങ്ങളാണ് ഈ മാസത്തിലേത്.
ഏറ്റവും സുഖകരമായ കാലം കേരളത്തിലെ മഴക്കാലമാണെന്ന് ഉദ്ദണ്ഡശാസ്ത്രികള്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. നല്ല തണുപ്പും മഴയും. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വിശ്രമത്തിനും ചികില്‍സയ്‌ക്കും പാരായണത്തിനും പറ്റിയ കാലം.













