Health

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

Published by

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇത് സാധാരണക്കാരായ മനുഷ്യർക്ക് കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലായെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് അധികൃതർ പോലും പറയുന്നത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി ഗിന്നസ് കണ്ടെത്തിയിരിക്കുന്നത് പെപ്പർ എക്സ് എന്ന പുതിയ ഇനത്തേയാണ്. ഇതുവരെ കാരോലിന റിപ്പർ എന്ന മുളകായിരുന്നു ഏറ്റവും എരിവുള്ളത്. ഈ മുളക് എരിവിന്റെ അളവുകോലായ സ്‌കോവില്ലെ ഹീറ്റ് യൂണിറ്റ് സ്കെയിലിൽ പെപ്പർ എക്സ് 2.693 ദശലക്ഷം സ്‌കോർ ചെയ്തു.

1912-ൽ ഫാർമസിസ്റ്റായ വിൽബർ സ്‌കോവിൽ വികസിപ്പിച്ച സ്‌കോവിൽ ഹീറ്റ് സ്‌കെയിലാണ് മുളകിന്റെ എരിവ് അളക്കുന്നതിനുള്ള മാനദണ്ഡം. കുരുമുളകിലെ എരിവ് സംവേദനത്തിന് കാരണമാകുന്ന രാസ സംയുക്തമായ കാപ്‌സൈസിൻ സാന്ദ്രതയിലൂടെയാണ് ഇത് അളക്കുന്നത്. സ്കോവിൽ ഹീറ്റ് യൂണിറ്റ് കൂടുന്തോറും മുളകിന്റെ എരിവും കൂടും.

-->

ഗിന്നസ് റെക്കോർഡ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പെപ്പർ എക്സ് വികസിപ്പിച്ചെടുത്തത് അമേരിക്കയിലെ പക്കർബട്ട് പെപ്പർ കമ്പനിയുടെ സ്ഥാപകനായ എഡ് ക്യൂറേ ആണത്രേ. പ്രശസ്തമായ യൂട്യൂബ് സീരീസായ ‘ഹോട്ട് വൺസ്’ എന്ന വീഡിയോയിലാണ് അദ്ദേഹം ഈ മുളക് അനാവരണം ചെയ്തത്. ഇതുവരെ ലോകത്ത് ഒരിടത്തും ഇത്രയും ചൂടുള്ള മുളക് ഉത്പാദിപ്പിച്ചിട്ടില്ലത്രേ. വളരെ എരിവുള്ളതിനാൽ ആർക്കും കഴിക്കാനും പറ്റില്ല. ഈ മുളക് വിസിപ്പിച്ചെടുക്കാൻ ഏകദേശം പത്തുവർഷമാണ് ക്യുറേ ചെലവഴിച്ചത്.

മുളകിന്റെ എരിവ് എത്രത്തോളമുണ്ടെന്ന് അറിയണമെങ്കിൽ അത് കഴിച്ചുനോക്കുക തന്നെ വേണം. പക്ഷേ മനുഷ്യനെക്കൊണ്ട് ഇത്രയധികം എരിവ് താങ്ങാനാകുമോ എന്നറിയാനായി ഇത് കണ്ടുപിടിച്ച ക്യൂറേ തന്നെ അത് ടേയ്സ്റ്റ് ചെയ്ത് നോക്കാൻ തീരുമാനിച്ചു. ഒന്നരമണിക്കൂറോളം ബാത്ത്റൂമിൽ ചെലവഴിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. എന്നിട്ടും എരിവുമാറാതെ വന്നപ്പോൽ മഴയത്ത് ഏകദേശം 2 മണിക്കൂറോളം നിലത്തുകിടന്നുവത്രേ. മൂന്ന് ദിവസത്തോളം ആ കടുത്ത എരിവ് രുചി തന്റെ വായിൽ തന്നെ ഉണ്ടായിരുന്നുവെന്നും ക്യൂറേ പറയുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by