കാസര്‍കോട്ടെ രാവണേശ്വരത്ത് നാവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്കു ആശുപത്രിയില്‍നിന്ന് മടങ്ങുമ്പോള്‍ പൊതുപണിമുടക്കുകാര്‍ വണ്ടി തടഞ്ഞ് പെരുവഴിയിലിരുത്തിയ നാലരവയസ്സുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്. അത് അകലത്തല്ല. ശ്രദ്ധിച്ചു കാണും കേരളം; പലരും രഹസ്യമായി നാവു പൊക്കിത്തുടങ്ങി. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ ഭരണം നടത്തിയ കോണ്‍ഗ്രസ് നേതാവിനെ വിറപ്പിച്ചതാണ് കേരളം. അവശ്യഘട്ടത്തില്‍ അവര്‍ തയ്യാറാകുന്നതാണ് പതിവ്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണത്തിനെയും സ്റ്റാലിനിസ്റ്റ് നയത്തെയും ചെറുക്കാന്‍ ഭയന്നു നില്‍ക്കില്ല. അതിന്റെ തെളിവായിരുന്നു 2025 ജൂലൈ ഒമ്പതിലെ പൊതുപണിമുടക്കിലെ പൊതുജന പ്രതികരണം.
കണ്ണൂര്‍ ജില്ലയാണല്ലോ കമ്യൂണിസ്റ്റുകളുടെ പാര്‍ട്ടിക്കോട്ട. അവിടെ പാറപ്പുറത്തു വിതച്ച വിത്ത്, ആ പാര്‍ട്ടിക്ക് ഭാരതത്തില്‍ നൂറുവര്‍ഷമായിട്ടും ഇതുവരെ കായ്ച്ചിട്ടില്ല, എന്നല്ല മുളച്ചിടത്തെല്ലാം വാടിക്കരിഞ്ഞു തുടങ്ങി. അങ്ങനെയല്ലെന്ന് വാദിക്കുന്നവര്‍ സിപിഎം എന്ന ആ പാര്‍ട്ടി ഒറ്റയ്‌ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഏതൊക്കെ മണ്ഡലത്തില്‍ വിജയിക്കാനാകുമെന്ന് വാതുവക്കാന്‍ തയ്യാറാകട്ടെ. രണ്ടക്കം കടക്കുമെന്ന് ഉറപ്പു പറയാന്‍ ആര്‍ക്കു കഴിയും? അങ്ങ് കണ്ണൂര്‍ മുതല്‍, അല്ല, കാസര്‍കോടു മുതല്‍ പാറശ്ശാല വരെ ഈ പണിമുടക്ക് പഠിപ്പിച്ച പാഠമുണ്ട്, എഴുതിയ ചുവരെഴുത്തുണ്ട്, വിളിച്ച മുദ്രാവാക്യമുണ്ട്; അത് ഇതാണ്: ”കമ്യൂണിസ്റ്റുകളേ നിങ്ങള്‍ സ്വയം മാറുക, അല്ലെങ്കില്‍ നിങ്ങളെ മാറ്റും.”
‘ഈ പണിമുടക്ക് എന്തു നേടി?’ എന്ന് ചോദിച്ചാല്‍ ‘ബബ്ബബ്ബ’ പറയാതെ നേട്ടം പറയാന്‍ പണിമുടക്കിയ കൂട്ടരില്‍ ആരുണ്ടാവും. അവര്‍ക്ക് ഒരിക്കലും പറയാനാവാത്തതാണ് വാസ്തവത്തില്‍ നേട്ടം; അത്, ‘കമ്യൂണിസ്റ്റുകളും പണിമുടക്കികളും തുറന്നുകാട്ടപ്പെട്ടു’ എന്നതാണ്. എന്തിനായിരുന്നു പണിമുടക്ക്, പണിമുടക്കില്‍ രാജ്യത്തിന്റെ വികസന പ്രക്രിയ തടസപ്പെട്ടില്ലങ്കിലും കുറച്ചെങ്കിലും സ്തംഭിപ്പിക്കാനായതാണ് ‘നേട്ടം.’ അതുകൊണ്ട് നേടിയ ‘ലക്ഷ്യം’ എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ പരോക്ഷമായി അത് രാജ്യവിരുദ്ധ പ്രവര്‍ത്തനമായി മാറി എന്നതാണ്.
കാസര്‍കോട് ആവണേശ്വരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി. അനീഷിന്റെ നാലരവയസ്സുള്ള മകന്റെ നാവു മുറിഞ്ഞു. സ്വകാര്യ ആശുപത്രി (‘മുദ്ര’ ശ്രദ്ധിക്കണം, സര്‍ക്കാര്‍ ആശുപത്രിയിലല്ലായിരുന്നു, സ്വകാര്യ ആശുപത്രിയിലായിരുന്നു)യില്‍ ശസ്ത്രക്രിയ നടത്തി വീട്ടിലേക്ക് മടങ്ങുമ്പോള്‍ പണിമുടക്കുകാരായ സിഐടിയുക്കാര്‍ വാഹനം തടഞ്ഞു. അനീഷ് പ്രതിഷേധിച്ചു, കുത്തിയിരുന്നു. ‘ഇതല്ല, പാര്‍ട്ടി പഠിപ്പിച്ച സമരരീതി’യെന്ന് മുറവിളിച്ചു! കമ്യൂണിസ്റ്റുകാരന് കമ്യൂണിസ്റ്റുകാരനില്‍നിന്ന് കിട്ടിയ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം!!
നാലരവയസ്സേ ആയുള്ളൂ. നാവുര്‍ത്താനായിട്ടില്ല അനീഷിന്റെ മകന്. അധികം വൈകില്ല, ആ നാവുയരും, ആദ്യം അനീഷിനെതിരെ, പിന്നെ പാര്‍ട്ടിയംഗമായ അമ്മയ്‌ക്കെതിരെ. പിന്നെ, പാര്‍ട്ടിക്കെതിരെ- അത് അധികം വൈകില്ല. അതിന്റെ ലക്ഷണങ്ങളാണ് എവിടെയും കണ്ടത്.
എന്തിനായിരുന്നു പണിമുടക്ക്? രാജ്യത്ത് 1952 ല്‍ നിലവില്‍വന്ന തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ 1999 ല്‍ സമര്‍പ്പിച്ച രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്കെതിരെ, 2025 ല്‍, 26 വര്‍ഷത്തിനുശേഷം, പണിമുടക്ക്. ഒരു റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാന്‍, നടപടിയെടുക്കാന്‍ കാല്‍നൂറ്റാണ്ട്, അതിനെതിരെ പണിമുടക്കും! മലയാളി കൂടിയായ മാവേലിക്കര സ്വദേശി രവീന്ദ്രവര്‍മ്മയുടെ അധ്യക്ഷതയില്‍ ഉണ്ടായിരുന്ന കമ്മീഷനാണ് റിപ്പോര്‍ട്ട് കൊടുത്തത്. അന്ന് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി. രവീന്ദ്രവര്‍മ്മ മുന്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്നു.
വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയില്‍ മലയാളിയായ അഡ്വ. സി.കെ. സജിനാരായണന്‍ ഉണ്ടായിരുന്നു. ബിഎംഎസിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നു. സമിതിയംഗം എന്ന നിലയില്‍ റിപ്പോര്‍ട്ടിനോട് വിയോജനക്കുറിപ്പെഴുതി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയാണ് സമര്‍പ്പിച്ചത്. ലോകത്തെതന്നെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബിഎംഎസ്) ചില വിയോജിപ്പുകള്‍ അദ്ദേഹം രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിയില്ല. പക്ഷേ 2004 ല്‍ ഭരണം മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഒന്നും സംഭവിച്ചില്ല. തൊഴില്‍ മേഖലയിലും ഒന്നും സംഭവിച്ചില്ല. അതിനായി ഒന്നും ചെയ്തില്ല. നാളെയൊരുകാലത്ത് തൊഴിലാളികള്‍ക്ക് മാറുന്ന കാലത്തിനനുസരിച്ച് ക്ഷേമകാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്ന് ആലോചിച്ചില്ല. കമ്യൂണിസ്റ്റുകള്‍ക്ക് ഏറെ നിയന്ത്രണവും നിര്‍ണയാധികാരവുമുള്ള പത്തുവര്‍ഷമായിരുന്നു 2004 മുതല്‍ 2014 വരെ.
മോദി സര്‍ക്കാരിന്റെ കാലത്ത്, സാമൂഹ്യ സുരക്ഷാ കോഡ്, വേതന കോഡ് എന്നിങ്ങനെ രണ്ട് മുഖ്യ വിഭാഗങ്ങളിലായി തൊഴില്‍, തൊഴിലാളി വേതനം, തൊഴിലുടമ, സുരക്ഷ, ആരോഗ്യം, സംഘടിത തൊഴില്‍, അസംഘടിത തൊഴില്‍ എന്നിങ്ങനെ പത്തിലേറെ പ്രധാന വിഷയങ്ങളില്‍ കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും വിദഗ്ധ സമിതികളിലും പാര്‍ലമെന്റിലും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് നിയമമാക്കി, രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനമിറക്കിയ നിയമത്തിന്റെ പേരിലാണ് പണിമുടക്ക് നടത്തിയത്. പണിമുടക്കിന്റെ മുഖ്യ ആവശ്യം കുറഞ്ഞ വേതനം 26,000 രൂപയാക്കണം!!
തൊഴിലാളിയുടെ സുരക്ഷാ കാര്യത്തില്‍, ആരോഗ്യരക്ഷയുടെ കാര്യത്തില്‍, അസംഘടിതര്‍,സംഘടിതര്‍ എന്ന വേര്‍തിരിവില്ലാതാക്കി വിപ്ലവകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ട നിയമത്തില്‍ ഇനിയും പോരായ്മകളുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറെന്ന സര്‍ക്കാര്‍ ഉറപ്പുകള്‍ക്ക് ചെവികൊടുക്കാതെയായിരുന്നു സമരം.
നേരത്തേ പ്രഖ്യാപിച്ച്, പിന്നീട് ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പണിമുടക്ക് നടത്തിയപ്പോള്‍ അത് പരോക്ഷമായി രാജ്യത്തിന്റെ പുരോഗതിയെ തടയുന്നതായി. കുറഞ്ഞത് 80,000 കോടി രൂപയുടെ നഷ്ടം രാജ്യത്ത് ഈ പണിമുടക്കുണ്ടാക്കി. കേരളത്തില്‍ മാത്രം 2,298.24 കോടി നഷ്ടം. സാമ്പത്തികമായി നട്ടംതിരിയുന്ന കേരളത്തിനാണ് ഈ ആഘാതം. ‘സമരക്കാര്‍ എന്തുനേടി?’ എന്ന ചോദ്യം പിന്നെയും ബാക്കിയാണ്.
സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്ന് ഭിന്നമായ അഭിപ്രായവും നിലപാടും എടുത്ത്, ഭരണഘടന അനുവദിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം അനുഭവിക്കാന്‍ ശ്രമിച്ച സ്വന്തം നേതാവിനെ ‘കുലംകുത്തി’യായി പ്രഖ്യാപിച്ച് 51 വെട്ടുവെട്ടിക്കൊന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക്, ഒരു മേശയ്‌ക്കിരുപുറമിരുന്ന് തലേന്നുവരെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരെ മുഖത്തടിക്കാനും കണ്ണുപൊട്ടിക്കുന്ന അസഭ്യം പറയാനും മടിയുണ്ടായില്ല. പക്ഷേ ഒന്നിച്ചുനിന്ന് അവകാശം നേടിയെടുക്കേണ്ടവരാണ്, വിരുദ്ധ ആദര്‍ശാശയങ്ങള്‍ ഉള്ള ട്രേഡ് യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്നവരായാലും തൊഴിലാളികള്‍. അവരാണ് ‘പണിമുടക്കാത്തവരെ’ അവരുടെ അവകാശങ്ങള്‍ ഹനിച്ച് വഴിയില്‍ തടഞ്ഞത്, ഓഫീസില്‍ പൂട്ടിയിട്ടത്, അസഭ്യം പറഞ്ഞത്, കൈയേറ്റം ചെയ്തത്.
അനുഭവിച്ചവരേറെയും അതിസാധാരണക്കാരാണ്. അവര്‍ ശബ്ദമുയര്‍ത്തി. ആരെടാ എന്ന് ചോദിച്ചവരോട് എന്തെടാ എന്ന് തിരികെ ചോദിക്കാന്‍ തയ്യാറായി. പേടിപ്പിക്കാന്‍ വന്നവരെ നിസ്സാരന്മാരായിക്കണ്ട് തള്ളിക്കളഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍, ട്രേഡ് യൂണിയനില്‍പ്പെട്ടവര്‍ പോലും പണിമുടക്കുകാരെ വെറുത്തു, ചെറുത്തു. കൊച്ചിന്‍ പോര്‍ട്ടില്‍ ഹാജര്‍ 74% ആയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ 89%, ഷിപ്പ്‌യാര്‍ഡില്‍ 73.34%, സംസ്ഥാനത്ത് 34% പേര്‍ ജോലിക്ക് ഹാജരായി. ഭാരതം സ്തംഭിക്കുമെന്ന് പറഞ്ഞ, പണ്ട് സ്തംഭിച്ചിരുന്ന കാലത്തുനിന്നാണ് ഈ സ്ഥിതി. കാലം മാറുകയാണ്.
സമരം, പ്രക്ഷോഭം, പ്രകടനം, ജനകീയ മുന്നേറ്റം ഒക്കെ ജനാധിപത്യ സംവിധാനത്തില്‍ സമരമുറകളാണ്. പക്ഷേ നഷ്ടത്തിന്റെ ചതുപ്പില്‍ താഴുന്ന കെഎസ്ആര്‍ടിസിയില്‍ ബസ്സിന്റെ ചില്ലു തല്ലിപ്പൊട്ടിച്ച് നഷ്ടം കൂട്ടുന്ന സമരമുറയൊക്കെ കാലഹരണപ്പെട്ടു. പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞും പേടിപ്പിച്ചും പണിമുടക്കുന്ന സമരം കിരാതരീതിയാണ്. അത് മാറേണ്ടതാണ്, മാറ്റേണ്ടതാണ്, അല്ലെങ്കില്‍ അത് നിങ്ങളെ മാറ്റും.
ഒച്ചയുയര്‍ന്നു തുടങ്ങി. നാവുകള്‍ ശക്തിപ്പെടുകയാണ്. സാധാരണക്കാരന്റെ, അനുഭവിച്ചവന്റെ ചോദ്യങ്ങള്‍ക്ക് പണിമുടക്കുകാര്‍ക്ക് മറുപടിയില്ല. മാറിച്ചിന്തിക്കേണ്ടതുണ്ട്. അതാണ് ചുവരെഴുത്ത്. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ മാറ്റിക്കാനും തിരുത്തിക്കാനും ശരിയായ വഴികളുണ്ട്. പക്ഷേ, കക്ഷിരാഷ്‌ട്രീയത്തിന്റെ പിന്നാലെ പോകുമ്പോള്‍ കക്ഷിതന്നെ ഇല്ലാതാകുന്നത് അറിയാതെ പോകരുത്; ഏത് കക്ഷിയായാലും.
പിന്‍കുറിപ്പ്:
ഗതാഗതവകുപ്പു മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ മന്ത്രിയായി തുടരുന്നത് വാസ്തവത്തില്‍ നാണക്കേടാണ്. പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിട്ട് എന്തു ചെയ്യാനായി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയും കെ.ബി. ഗണേശനും മറ്റും അവരവരുടെ വകുപ്പില്‍? ഒന്നുമില്ലെങ്കില്‍ എന്താണ് കേരള ഭരണത്തിലെ പോരായ്മ? എന്തിന്, മുഖ്യമന്ത്രി വിദേശത്ത്, കേരളത്തില്‍ പോലീസ് കളിപ്പാവ, ആഭ്യന്തര ക്രമസമാധാനം തകരാറില്‍; എന്നിട്ടെന്താണ്? മുഖ്യമന്ത്രിച്ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി വന്നപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഇല്ല! മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൊടുത്തിട്ടുമില്ല; ഔദ്യോഗിക യാത്രയല്ലെന്നുമോര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: