ന്യൂഡൽഹി∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കി. മഹാരാഷ്‌ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, മുൻവിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.
അധ്യാപകനും സാമൂഹ്യപ്രവർത്തകനും , വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയത്.
മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡറുമാണ് ശ്രിംഗ്ല. 2023-ൽ ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ ചീഫ് കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മുംബൈ ഭീകരാക്രമണ കേസിൽ സർക്കാർ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഉജ്ജ്വൽ നികം നിയമവൃത്തങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഡോ. മീനാക്ഷി ജെയിൻ അറിയപ്പെടുന്ന ഒരു ചരിത്രകാരിയും ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിലെ മുൻ ചരിത്ര അസോസിയേറ്റ് പ്രൊഫസറുമാണ്.
31 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ വധശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം.ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെയാണ് കണ്ണൂർ സ്വദേശിയായ മാസ്റ്റർ ആക്രമിക്കപ്പെടുന്നത്.
രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നുവെന്നും സദാനന്ദൻ പറഞ്ഞു. ‘സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം’–സി.സദാന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ പ്രവേശനം പ്രചോദനം ഉൾക്കൊണ്ടുള്ള തെരഞ്ഞെടുപ്പെന്ന് ബിജെപി വ്യക്തമാക്കി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം രാഷ്‌ട്രീയ അക്രമങ്ങൾക്കെതിരായ കുറ്റപത്രമായി നിലനിൽക്കുന്നു. സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ പറഞ്ഞു. മാരകമായ ആക്രമണമേറ്റിട്ടും മാസ്റ്റർ ആർഎസ്എസ് ആക്ടിവിസ്റ്റായി പ്രവർത്തിച്ചു. രാഷ്‌ട്രീയ ആക്രമണങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പ് മത്സരിച്ചത് വലിയ സന്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സദാനന്ദന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത് അടുത്തിടെയാണ്. സിപിഎം പ്രവര്‍ത്തകരായ എട്ടു പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിന തടവും അന്‍പതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് അപ്പീലില്‍ ശിക്ഷാവിധി ശരിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക