World

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന സൂചനകള്‍ നല്‍കുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ പാകിസ്ഥാനില്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പാകിസ്ഥാന്‍ സര്‍ക്കാരിനെ തന്നെയും ഭരിയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്‍റെ ചില സൂചനകളാണ് പാകിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്.

Published by

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന സൂചനകള്‍ നല്‍കുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ പാകിസ്ഥാനില്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പാകിസ്ഥാന്‍ സര്‍ക്കാരിനെ തന്നെയും ഭരിയ്‌ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ ചില സൂചനകളാണ് പാകിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്.

പാക് സര്‍ക്കാരിന്റെ മേധാവിയായി അറിയപ്പെടുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം അസിം മുനീര്‍ വിവിധ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് അസിം മുനീര്‍ ശ്രീലങ്കയും ഇന്തോനേഷ്യയും സന്ദര്‍ശിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണ്. ജൂലായ് 21ന് ശ്രീലങ്ക സന്ദര്‍ശിച്ച ശേഷം ജൂലായ് അവസാനത്തോടെ തന്നെ അസിം മുനീര്‍ മുസ്ലിം രാഷ്‌ട്രമായ ഇന്തോനേഷ്യയും സന്ദര്‍ശിക്കും. ഇന്തോനേഷ്യയും പാകിസ്ഥാനും തമ്മില്‍ ഏറെ നാളായുള്ള പിണക്കം തീര്‍ക്കാനാണ് ഈ സന്ദര്‍ശനമെന്നറിയുന്നു. നേരത്തെ ബംഗ്ലാദേശിനെ ഒപ്പം ചേര്‍ത്തതുപോലെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്തോനേഷ്യയെക്കൂടി കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. എന്തായാലും ഷെഹ്ബാസ് ഷെരീഫിനെ മറികടന്ന് രാജ്യത്തെ പ്രതിനിധീകരിച്ച് മറ്റ് രാഷ്‌ട്രനേതാക്കളെ സന്ദര്‍ശിക്കാനുള്ള അധികാരം എങ്ങിനെ അസിം മുനീര്‍ നേടിയെടുത്തു എന്നത് അത്ഭുതമാണ്. .

-->

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന് ഒരു വാര്‍ത്ത പരന്നിരുന്നു. ഇതിന് പിന്നില്‍ അസിം മുനീറാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഈ വാര്‍ത്ത പാകിസ്ഥാന്‍ സര്‍ക്കാര്‍ അപ്പോള്‍ തന്നെ നിഷേധിച്ചിരുന്നു. പാകിസ്ഥാന്‍ പിപ്പീള്‍സ് പാര്‍ട്ടിയുടെ പ്രതിനിധിയാണ് പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി. പാകിസ്ഥാന്‍ ഭരിക്കുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) പ്രതിനിധിയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രണ്ടു പാര്‍ട്ടികളും ചേര്‍ന്ന സംയുക്തമായാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ഭരിയ്‌ക്കുന്നത്. ഈ സര്‍ക്കാര്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അസിം മുനീറിന്റെ പിന്നില്‍ നിലകൊള്ളുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാകിസ്ഥാന്റെ മേലുള്ള ചൈനയുടെ സ്വാധീനം കുറയ്‌ക്കുക, പാകിസ്ഥാന്റെ സൈനികവിമാനത്താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നേടിയെടുക്കുക വഴി ചൈനയെ ഉള്‍പ്പെടെ നിരീക്ഷിക്കാനുള്ള വഴി തുറക്കുക, പാകിസ്ഥാനിലെ അപൂര്‍വ്വ മൂലകങ്ങള്‍ കയ്യടക്കുക തുടങ്ങി ഒട്ടേറെ ഗൂഢലക്ഷ്യങ്ങള്‍ ട്രംപിനുണ്ട്. ഇത് അസിം മുനീറിലൂടെ നടപ്പാക്കാനുകമെന്ന് ട്രംപ് കരുതുന്നു. അതിനൊപ്പം കശ്മീരില്‍ അസീം മുനീറിനെക്കൊണ്ട് ഭീകരവാദം പ്രോത്സാഹിപ്പിച്ച് ഇന്ത്യാ-പാക് പ്രശ്നമുണ്ടാക്കുക വഴി എന്നെന്നും ഒരു മധ്യസ്ഥന്റെ റോളില്‍ പ്രസക്തിയോടെ നിലകൊള്ളുക എന്ന ഒരു ദുഷ്ടലാക്കും ട്രംപിനുണ്ട്. ഇതെല്ലാം നേടിയെടുക്കാന്‍ വേണ്ടിക്കൂടിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയോ പാകിസ്ഥാന്‍ പ്രസിഡന്‍റിനെയോ കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിക്കാതെ ആദ്യമായി പ്രൊട്ടോക്കോള്‍ ലംഘിച്ച് ഒരു പട്ടാളമേധാവിയെ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചയ്‌ക്ക് ട്രംപ് ക്ഷണിച്ചതെന്ന് പറയപ്പെടുന്നു. പണ്ട് യാഹ്യാഖാന്‍, മുഷറഫ് തുടങ്ങിയ സൈനികമേധാവിമാരെ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചിരുന്നെങ്കിലും അതെല്ലാം അവര്‍ രാഷ്‌ട്ര മേധാവികള്‍ കൂടി ആയതുകൊണ്ടാണ്. ഈ പ്രൊട്ടോക്കോള്‍ എല്ലാം ലംഘിച്ചാണ് ട്രംപ്- അസിം മുനീര്‍ കൂടിക്കാഴ്ച നടന്നത്. കാരണം അസിം മുനീര്‍ വെറുമൊരു ഫീല്‍ഡ് മാര്‍ഷല്‍ മാത്രമല്ല, രാഷ്‌ട്രത്തലവനല്ല. ഇത് അസിം മുനീര്‍ എത്രത്തോളം ശക്തനായി എന്നതിന്റെ സൂചനയാണ്. ഐഎംഎഫ് വായ്പ പാകിസ്ഥാന് ലഭ്യമാക്കുന്നതില്‍ വരെ മുന്‍നിര റോള്‍ അസിം മുനീര്‍ വഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപുമായി ചേര്‍ന്ന് നിന്നാല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാറായ തനിക്ക് വീണ്ടും അധികാരസ്ഥാനത്ത് തുടരാനാകുമെന്ന സ്വാര്‍ത്ഥലാഭവും അസിം മുനീര്‍ കണക്കുകൂട്ടുന്നു.

പഹല്‍ഗാം ഭീകരആക്രമണം ഉണ്ടായത് തന്നെ അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ ഒരു പ്രകോപന പ്രസംഗത്തില്‍ നിന്നാണ്. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണെന്നും ഇന്ത്യയുടെ മേധാവിത്വത്തിനെതിരെ പൊരുതുന്ന കശ്മീരികളുടെ സമരത്തിന് എന്നും പിന്തുണയുണ്ടായിരിക്കുമെന്നും കശ്മീരിന് വേണ്ടി മൂന്ന് യുദ്ധം കഴിഞ്ഞെന്നും ഇനി പത്ത് യുദ്ധങ്ങള്‍ കൂടി ചെയ്യാന്‍ തയ്യാറാണെന്നുമുള്ള അസിം മുനീറിന്റെ പ്രസംഗം ഭീകരവാദികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. പഹല്‍ഗാം ആക്രമണം പോലും അസിം മുനീര്‍ ആസൂത്രണം ചെയ്തതാണോ എന്നും ഊഹിക്കപ്പെടുന്നുണ്ട്. കാരണം നാല് പതിറ്റാണ്ടോളം കശ്മീരിനടുത്തുള്ള പാകിസ്ഥാന്റെ വടക്കന്‍ അതിര്‍ത്തിപ്രദേശത്തിന്റെ സൈനികച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അസിം മുനീര്‍. പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്ഐയുടെ മേധാവി കൂടിയായിരുന്നു അസിം മുനീര്‍. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അസിം മുനീറിനെ ഐഎസ്ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയത്. രാഷ്‌ട്രീയഭരണം സൈനികമേധാവികള്‍ കയ്യടക്കുമോ എന്ന ഭയമായിരുന്നു അതിന് കാരണം. കൈവെള്ളയിലെ രേഖപോലെ അസിം മുനീറിന് കശ്മീരിനെ അറിയാം. അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പട്ടാളഭരണത്തെ ഇന്ത്യ ജാഗ്രതയോടെ കാണേണ്ടി വരും.

സൈനികഭരണത്തിലേക്ക് അസിം മുനീറിന്റെ കീഴിലേക്ക് പാകിസ്ഥാന്‍ വന്നാല്‍ പഴയ മുഷറഫ് ഭരണം പോലെ രാഷ്‌ട്രീയഭരണവും രാഷ്‌ട്രനേതാക്കളെയും സൈന്യം നിയന്ത്രിക്കുന്ന നാളുകള്‍ വിദൂരമല്ലെന്നര്‍ത്ഥം. പൊതുവേ യുദ്ധക്കൊതിയന്‍മാരാണ് പാകിസ്ഥാന്‍ സൈനിക ജനറല്‍മാര്‍. കടുത്ത ഇന്ത്യാ വിരോധികളും. ഐഎസ് ഐ പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ ഇന്ത്യയ്‌ക്കെതിരെ വെറുപ്പ് നിറഞ്ഞ വര്‍ഗ്ഗീയവിരോധക്കഥകളായിരിക്കും ഇവര്‍ കേട്ടും പഠിപ്പിച്ചും വളരുന്നത്. കഴിഞ്ഞ 30 വര്‍ഷത്തോളം ആര്‍മിയാണ് പാകിസ്ഥാന്‍ ഭരിച്ചിരുന്നത്. ജനറല്‍മാരായ പര്‍വേസ് മുഷറഫ്, യാഹ്യാഖാന്‍, അയൂബ് ഖാന്‍, സിയാ ഉള്‍ ഹഖ് എന്നീ പേരുകള്‍ ആരും മറക്കില്ല. പാകിസ്ഥാന്‍ ഭരണത്തില്‍ പാവ സര്‍ക്കാരുകളെവെച്ച് രാജ്യം നിയന്ത്രിച്ചിരുന്ന പട്ടാള ജനറല്‍മാര്‍. ആ പട്ടാളഭരണത്തിന്റെ മര്‍ക്കടമുഷ്ടിയിലേക്ക് അസിം മുനീറിന് കീഴില്‍ പാകിസ്ഥാന്‍ തിരിച്ചുപോകുമോ?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക