Kerala

കുട്ടനാടിന്റെ അടിസ്ഥാന വികസനത്തിന് അതോറിറ്റി രൂപീകരിക്കണം

കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതി, കാര്‍ഷിക ശാസ്ത്രജ്ഞരുമായും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുമായും കൂടിക്കാഴ്ച നടത്തി

Published by

മങ്കൊമ്പ്: ബിജെപി നിയോഗിച്ച ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതി, കാര്‍ഷിക ശാസ്ത്രജ്ഞരുമായും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദ്ധരുമായും കൂടിക്കാഴ്ച നടത്തി. കുട്ടനാടിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തരവും ശാസ്ത്രാധിഷ്ഠിതവുമായ സമഗ്ര വികസന പദ്ധതി ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആറു മേഖലകളായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട് ഭൂപ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പശ്ചാത്തല വികസനവും സാധിതമാകുന്നതിന് അതോറിറ്റി രൂപീകരിക്കണം. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ കൃഷിക്ക് ഉപകരിക്കും വിധം ക്രമപ്പെടുത്തണം. ഓരുവെള്ളം, കാലാവസ്ഥാ വ്യതിയാനം, മടവീഴ്ച, വെള്ളപ്പൊക്കം, ജലക്ഷാമം തുടങ്ങി കുട്ടനാടിനെ അലട്ടുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം കാണാന്‍ ഈ സ്ഥിര ഭരണ സംവിധാനത്തിനേ കഴിയൂവെന്നും യോഗം അഭിപ്രായപെട്ടു.

-->

നെല്‍കൃഷി, ടൂറിസം, മത്സ്യകൃഷി തുടങ്ങി വിവിധ മേഖലകളില്‍ ആദായ സംവര്‍ദ്ധകങ്ങളായ പദ്ധതികള്‍ നടപ്പിലാക്കണം. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ എന്നീ അഞ്ചു നദികളില്‍ ഒഴുകുന്ന വെള്ളം ശാസ്ത്രീയമായി ക്രമപ്പെടുത്തി നിയന്ത്രിച്ചാല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കവും വരള്‍ച്ചയും ഓരുവെള്ള ഭീഷണിയും ഒരളവു വരെ തടയാനാവും. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ കുട്ടനാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

യോഗത്തില്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായി. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍, ഡോ. കെ.ജി. പത്മകുമാര്‍, ഡോ. വി.എന്‍. സഞ്ജീവന്‍, ഇറിഗേഷന്‍ വിഭാഗം റിട്ട. എന്‍ജിനീയര്‍ ഹരന്‍ ബാബു, അഡ്വ. പി.കെ. ബിനോയ്, കൃഷ്ണ പ്രസാദ്, ജിബിന്‍ തോമസ്, രാഹുല്‍ കെ. സുകുമാരന്‍, ജുബി മാത്യു, ജോര്‍ജ് മാത്യു, ഡോ. ആര്‍. വി നായര്‍, ഗോപന്‍ ചെന്നിത്തല, എം.വി.രാമചന്ദ്രന്‍, അനില്‍ തോട്ടങ്കര, അജിത് പിഷാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക